കേരളത്തെ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചത്. കേരളത്തിന് നൽകാമെന്ന് പറഞ്ഞ ഒന്നും തന്നെ നൽകിയിട്ടില്ല. കേരളവും വയനാട്ടിലെ ജനങ്ങളും കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങളുടെ പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് പുനരധിവാസത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ അതിജീവന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര സർക്കാർ ഓർക്കണം. കേരളത്തിന് അർഹതപ്പെട്ടത് ലഭ്യമാകുന്നത് എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധവുമായി മുന്നിൽ തന്നെയുണ്ടാകും. വയനാടിനെ മുൻനിർത്തി കൊണ്ട് യുഡിഎഫും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വയനാടിനായി തരാമെന്ന് കേന്ദ്രം പറഞ്ഞത് തന്നേ മതിയാകൂവെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് രാജ്ഭവനു മുന്നിൽ അവസാനിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, എഐവൈഎഫ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.