തിരുവനന്തപുരം: പ്രചരണത്തിനും പ്രസംഗത്തിനും വേഗത കൂട്ടിയാലും നിലവിലുള്ള സാഹചര്യത്തില്‍ കേരളത്തില്‍ ട്രെയിനിന് വേഗത കൂട്ടാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ ട്രാക്കില്‍ കൂടി ഓടാവുന്ന വേഗതയിലേ ഓടാനാകൂ. പറയുന്ന വേഗത്തില്‍ ഓടണമെങ്കില്‍ ഇനിയും കോടികള്‍ മുടക്കണം. ഇതാണ് യാഥാര്‍ത്ഥ്യം. ട്രാക്കിന്റെ വളവുകള്‍ മാറ്റാതെ ഒരു അതിവേഗ ട്രെയിനിനും ഇവിടെ ഉദ്ദേശിക്കുന്ന വേഗതയില്‍ ഓടിക്കാന്‍ സാധിക്കില്ല. അതിന് ഭീമമായ ചെലവ് വരും എന്നതുകൊണ്ടാണ് മറ്റൊരു ബദലിനെ കുറിച്ച് ആലോചനകള്‍ നടന്നത്. അത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍പോലുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ഇല്ലാതെ നടപ്പിലാക്കാന്‍ ആവില്ല. അതിനുള്ള അംഗീകാരത്തിന് വേണ്ടി കാത്തുനില്‍ക്കുകയാണ്. ഇത്തരം കടമ്പകളെല്ലാം കടന്നാല്‍ മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ എന്നും കാനം പറഞ്ഞു.