തിരുവനന്തപുരം: ജനങ്ങളുടെ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്നതിന്റെ തെളിവാണ് ബഹുജനസംഗമത്തില്‍ പങ്കെടുത്ത ജനാവലിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഞ്ച് വര്‍ഷക്കാലം അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ സമ്മാനിച്ചതാണ് തുടര്‍ഭരണം.
കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. ഈ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അതിന് ഏത് മാര്‍ഗവും സ്വീകരിക്കാനും അവര്‍ തയാറായിരിക്കുകയാണ്. യുഡിഎഫിന്റെയും ബിജെപിയുടെയും ഗൂഢാലോചനയ്ക്കെതിരെ ജനകീയ വികാരം വളരണമെന്നും കാനം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ കേസുമായി സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെയും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. സര്‍ക്കാരുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കാവുന്ന യാതൊരു തെളിവും ഏജന്‍സികള്‍ക്ക് ലഭിച്ചില്ലെന്ന് കാനം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ ഇഡി കൊള്ളില്ല, കേരളത്തിലെ ഇഡി കൊള്ളാം എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തില്‍ ബിജെപിയുമായി കൈകോര്‍ത്തുപിടിച്ചാണ് ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് തെരുവിലിറങ്ങുന്നത്. ഈ രാഷ്ട്രീയമാണ് ജനങ്ങള്‍ തിരിച്ചറിയേണ്ടതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.