തിരുവനന്തപുരം: കണിയാപുരം രാമചന്ദ്രന്റെ നാടക-ചലച്ചിത്ര ഗാനങ്ങളുടെയും കവിതകളുടെയും സമാഹരണമായ ‘മാനിഷാദ! മനസ്സ് കരയുന്നു’ എന്ന പുസ്തകത്തിന്റെ പ്രകാശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു.
വർഗ്ഗീയ‑ഫാസിസ്റ്റ് ശക്തികൾക്കെതിരെ പുരോഗമന ചിന്താഗതിക്കാരുടെ വിപുലമായ പ്രതിരോധ കൂട്ടായ്മ തീർക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. യുക്തിചിന്തയുടെയും ശാസ്ത്ര ബോധത്തിന്റെയും പുത്തൻ വാതായനങ്ങൾ തുറന്നിട്ടവരാണ് കമ്യൂണിസ്റ്റ് — പുരോഗമന സാഹിത്യ‑സാംസ്കാരിക പ്രവർത്തകർ. ആ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ടത് സമകാലിക സമൂഹത്തിൽ അനിവാര്യമാണെന്ന് കാനം പറഞ്ഞു.
കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി.
സാഹിത്യ പ്രസാധക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകം വി പി ഉണ്ണികൃഷ്ണനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സാഹിത്യ വിമർശകൻ ഡോ. സോമൻ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കണിയാപുരത്തിന്റെ ഭാര്യ ജി വസന്തലക്ഷ്മി, എൻ ഇ ഗീത, നവയുഗം പത്രാധിപർ ആർ അജയൻ, പൂവച്ചൽ രത്നാകരൻ, വി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.