ദേശീയ പാർട്ടി എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം നഷ്ടമായെങ്കിലും വർധിതവീര്യത്തോടെയും അർപ്പണ ബോധത്തോടെയും രാജ്യത്തുടനീളം ജനങ്ങൾക്കിടയിലെ പ്രവർത്തനം തുടരുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. സിപിഐയുടെ സമ്പന്നമായ ചരിത്രം, ബ്രിട്ടീഷ് രാജിനെതിരായ പോരാട്ടത്തിൽ വഹിച്ച സുപ്രധാന പങ്ക്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദേശീയ അജണ്ട രൂപപ്പെടുത്തുന്നതിലെ പങ്കാളിത്തം എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അർഹമായ പരിഗണന നൽകേണ്ടതായിരുന്നുവെന്ന് സിപിഐ പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിലും സിപിഐ മുൻപന്തിയിലുണ്ടായിരുന്നു.ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടികളിലൊന്നായ സിപിഐ, ഇന്ത്യയിലുടനീളം സാന്നിധ്യവും ബഹുജന പിന്തുണയുമുള്ള പ്രസ്ഥാനമായി തുടരുകയാണ്. സാമൂഹ്യനീതി, മതനിരപേക്ഷത, സോഷ്യലിസം എന്നിവയിലേക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചതിൽ സിപിഐ മുന്നിൽ തന്നെയാണ്.
അതുകൊണ്ടുതന്നെ രാജ്യത്തിന് വേണ്ടിയുള്ള സമർപ്പണ സേവനവും ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും ശക്തമായി തുടരുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അതേസമയം, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം, തെരഞ്ഞെടുപ്പ് ബോണ്ട് നിർത്തലാക്കൽ, ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി ശുപാർശയനുസരിച്ച് തെരഞ്ഞെടുപ്പുകൾക്ക് സർക്കാർ ധനസഹായം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കായുള്ള പ്രചാരണം പാർട്ടി ശക്തമാക്കും. കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും അതിജീവിക്കാനും കരുത്തും പ്രതിബദ്ധതയും സിപിഐക്കുണ്ടെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.