തിരുവനന്തപുരം : രാജ്യത്ത് അതിവേഗത്തിൽ വളർന്നുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാര – ദുരാചാരങ്ങൾക്കും എതിരായുള്ള ആശയ പ്രചരണത്തിന്റെ ഭാഗമായി സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമൂഹം കുഴിയാനയെ പോലെയായാൽ എന്താണോ സംഭവിക്കുക അതാണ് ഇന്ന് നടക്കുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം വ്യക്തിപരമാണ്. അതിന് ഒരു സംഘടനയും എതിരല്ല. ചരിത്രത്തെയും ചരിത്ര സത്യങ്ങളെയും അട്ടിമറിക്കുന്ന ഭരണകൂടമാണ് ഇന്നുള്ളത്. അവരുടെ ഭരണഘടനവിരുദ്ധ നടപടികൾ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിൽ രാജ്യം ഇന്ന് പിന്നോട്ട് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കവി ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി.
അന്ധവിശ്വാസങ്ങൾക്ക് എതിരെ നിയമം കൊണ്ടുവരുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും നമ്മുടെ സംസ്ഥാനത്ത് ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ശക്തമായി നടക്കുന്ന സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷനായി . സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി പി ഉണ്ണികൃഷ്ണൻ, പള്ളിച്ചൽ വിജയൻ, രാഖി രവികുമാർ, മീനാങ്കൽ കുമാർ, മനോജ് ബി ഇടമന, പി എസ് ഷൗക്കത്ത്, എ എസ് ആനന്ദകുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു, മണ്ഡലം സെക്രട്ടറിമാരായ വട്ടിയൂർക്കാവ് ശ്രീകുമാർ, എ എം റൈസ്, ചന്തവിള മധു, ഡി ടൈറ്റസ്, കാലടി ജയചന്ദ്രൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ഗോപൻ കള്ളിക്കാട്, ആനാവൂർ മണികണ്ഠൻ, എം എസ് റഷീദ് എന്നിവർ പങ്കെടുത്തു.