കൽപ്പറ്റ: സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുളള വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും. സമ്മേളനത്തിന്റെ പതാക, കൊടിമരം, ബാനര്‍ ജാഥകള്‍ വിവിധയിടങ്ങളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. പതാക ജാഥ അട്ടമല മുസ്തഫ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരജാഥ കാക്കവയലില്‍ നിന്നും ബാനര്‍ ജാഥ പനമരത്തുനിന്നും വൈകിട്ട് നാലോടെ കല്‍പറ്റ കനറ ബാങ്ക് പരിസരത്ത് സംഗമിച്ച് പൊതുസമ്മേളനം നടക്കുന്ന എല്‍ സോമന്‍നായര്‍ നഗറിലേക്ക് എത്തും. പതാക ഇ ജെ ബാബു, കൊടിമരം ഡോ. അമ്പി ചിറയില്‍, ബാനര്‍ എം വി ബാബു എന്നിവര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി പതാക ഉയര്‍ത്തും. പൊതുസമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും റവന്യു മന്ത്രിയുമായ കെ രാജന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍ സംസാരിക്കും. ലളിത് മഹല്‍ ഓഡിറ്റോറിയത്തിന് സമീപമാണ് പൊതുസമ്മേളന നഗരി സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ മുതല്‍ വി ജോര്‍ജ് നഗറി (കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയം) ലാണ് പ്രതിനിധി സമ്മേളനം നടക്കുക. രാവിലെ 10ന് പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരി, കെ പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. എന്‍ രാജന്‍, അഡ്വ. പി വസന്തം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. 17ന് വൈകിട്ടോടെ സമ്മേളനം സമാപിക്കും