സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കള്‍.
2005മുതല്‍ -2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചും വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായും യെച്ചൂരി പാര്‍ലമെന്റില്‍ മികവുറ്റ ഇടപെടലുകള്‍ നടത്തി. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സുപ്രധാന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. യുപിഎ-ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു. 2014 മുതല്‍ ബിജെപി സര്‍ക്കാരിനെതിരായ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിലും നേതൃത്വം നല്‍കി. മോദിസര്‍ക്കാരിന്റെ അമിതാധികാര വാഴ്ചക്കെതിരായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കോവിഡ് കാലത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ചു. ജമ്മു-കശ്മീരിലും മണിപ്പുരിലും അടക്കം സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.
വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസുകളില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി.