ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ആരംഭിച്ച് എല്‍ഡിഎഫ്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ മണ്ഡലങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. മത്സരിക്കാന്‍ ഇറങ്ങുന്നത് ജയിക്കാന്‍ വേണ്ടി തന്നെയാണ് എന്നാണ് വയനാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജയുടെ നിലപാട്. രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ട് തേടും. ഇടതുപക്ഷ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും. എതിരാളികളുടെ രാഷ്ട്രീയമല്ല, നമ്മള്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. എതിരാളി ആരെന്നത് അല്ല വെല്ലുവിളി എന്നും ആനി രാജ ഡല്‍ഹിയില്‍ മലയാള മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തില്‍ ഉടന്‍ സജീവമാകുമെന്നും ആനി രാജ പ്രതികരിച്ചു.
പ്രഖ്യാപനത്തിന് പിന്നാലെതന്നെ തിരുവനന്തപുരം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പന്ന്യന്‍ രവീന്ദ്രനായുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു പടികൂടി കടന്നാണ് മാവേലിക്കരയിലും തൃശൂരിലും സ്ഥാനാര്‍ഥികളായ സിഎ അരുണ്‍കുമാറും വിഎസ് സുനില്‍ കുമാറും. റോഡ് ഷോയുമായി ഇന്നുമുതല്‍ മണ്ഡലത്തില്‍ സജീവമാകാനാണ് ഇരുവരുടെയും പദ്ധതി.
സമൂഹ മാധ്യമങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ നിന്നാണ് അരുണ്‍ കുമാറിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചിന് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നാണ് വിഎസ് സുനില്‍ കുമാറിന്റെ റോഡ് ഷോ ആരംഭിക്കുന്നത്.