കൊച്ചി: സിപിഐ ഓഫീസിന് നേരെ സിപിഐ(എം) പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ(എം) ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ് . സിപിഐ(എം) ഏരിയ സെക്രട്ടറി പ്രിനിൽ, പാർട്ടി മെമ്പർമാരായ സുനിൽ ഹരീന്ദ്രൻ, സൂരജ്, സാബു, ലെനോഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഞാറയ്ക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ(എം) പ്രവർത്തകർ പരാജയപ്പെട്ടതാണ് ആക്രമണത്തിനു പിന്നിലെ കാരണം.
ഞാറയ്ക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഐ(എം) പ്രവർത്തകർ അക്രമം നടത്തിയത്. ആക്രമണത്തിൽ സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ എ ദാസൻ എന്നിവർക്ക് പരിക്കേറ്റു. സിപിഐ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ സിപിഐ(എം) പ്രവർത്തകർ സിപിഐ പ്രവർത്തകരെ മർദ്ദിക്കുകയും കൊടി മരവും ഫ്ലക്സും ഓഫീസുപകരണങ്ങളുൾപ്പെടെ അടിച്ചു തകർക്കുകയായിരുന്നു. ഞാറയ്ക്കൽ പാർട്ടി ഓഫീസിനു നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.