മാർക്സിസ്റ്റ് ദർശനങ്ങൾക്കനുസരിച്ച് ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യാനും അതനുസരിച്ച് സമൂഹത്തെ പുതുക്കിപ്പണിയാനും നേതൃത്വം കൊടുത്ത നേതാവായിരുന്നു സീതാറാം യെച്ചൂരി. സവിശേഷ നേതൃ ഗുണമുള്ള പൊതു പ്രവർത്തന ശൈലിയിലൂടെ വിനയവും മാനവികതയും ഉൾ ചേർന്ന കമ്മ്യൂണിസ്റ്റ് വർഗ്ഗ ബോധത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് പാർട്ടിയെ നയിക്കുകയും ഇടത് പക്ഷ പ്രസ്ഥാനങ്ങൾക്ക് കരുത്തു പകരുകയും ചെയ്ത സഖാവ് കമ്മ്യൂണിസ്റ്റ് നൈതികതയുടെയും ഇടത് പക്ഷ സംഘാടനത്വത്തിന്റെയും മകുടോദാഹരണമായിരുന്നു.
1974 ലാണ് സീതാറാം യെച്ചൂരി എസ്.എഫ്.ഐയിൽ ചേരുന്നത്. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യച്ചൂരിയെ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.
1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ 32 -o വയസ്സിൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തനമാരംഭിക്കുമ്പോൾ 42 വയസ്സ് ആയിരുന്നു.
ഫാസിസ്റ്റ് രാഷ്ട്രീയത്തേയും, അതിന്റെ പ്രത്യയശാസ്ത്രത്തേയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനായി 2004 ലെ യു പി എ സർക്കാർ രൂപ വത്കരണത്തിന് നേതൃ പരമായ പങ്കാണ് യെച്ചൂരി വഹിച്ചത്. അതോടൊപ്പം ജനാധിപത്യ ശക്തികളെക്കൂടി ഐക്യപ്പെടുത്തിയുള്ള ബഹുജന മുന്നേറ്റം രൂപപ്പെടുത്താനുള്ള പ്രവർത്തനത്തിലും അദ്ദേഹം മുഴുകി.ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയ്ക്ക് എതിരെ ഇരുപത്തി ആറ് പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യമായ ഇന്ത്യ സഖ്യ രൂപകരണത്തിലും യെച്ചൂരി മുൻ നിരയിൽ പ്രവർത്തിച്ചു. ദേശീയ രാഷ്ട്രീയത്തിനും വിശിഷ്യ ഇന്ത്യൻ ജനാധിപത്യ മതേതര ശക്തികൾക്കും കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വേർപാട്.