അതുൽ നന്ദൻ
നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിവാദങ്ങൾ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുമ്പോൾ യുജിസി-നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നു എന്നത് രാജ്യത്തിനു തന്നെ അപമാനം സൃഷ്ടിക്കുന്ന വാർത്തയാണ്. ക്രമക്കേട് ആരോപണം ഉയർന്നതിന് പിന്നാലെ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് പരീക്ഷ നടത്തി ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്ക്( NTA) എതിരെ തുടർച്ചയായ ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അഴിമതിയും കവിവൽക്കരണവും ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തെ വിഴുങ്ങാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ രാജ്യത്തെ യുവജനത കടുത്ത നിരാശയിലാണ്.
രാജ്യം പൊതുതിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച അതേ സമയത്താണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വ്യാപകമായ അഴിമതി നടന്നിരിക്കുന്നത്.വിദ്യാഭ്യാസത്തെ കേന്ദ്രീകൃതമാക്കുന്ന മോദി നയങ്ങളിലെ ഏറ്റവും പ്രധാനമായിരുന്നു കേന്ദ്രികൃത പരീക്ഷകളും അവ നടത്തുന്നതിനു വേണ്ടിയുള്ള ഒരു സ്ഥാപനവും. രാജ്യത്തെ എല്ലാ പ്രധാന പരീക്ഷകളും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് കീഴിൽ കേന്ദ്രീകൃത സ്വഭാവം കൈവരിച്ചതോടുകൂടി അനലറ്റിക്കൽ ചോദ്യങ്ങൾക്ക് പകരം കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട്കളെ പ്രോത്സാഹിപ്പിക്കുന്ന മൾട്ടിപ്പിൾ ചോയ്സ് രീതിയിലേക്ക് പരീക്ഷകൾ മാറ്റപ്പെടുകയാണ്. നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ എതിർക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.
രാജ്യത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള യോഗ്യത നിർണയിക്കുന്നതിനുമായി ജൂൺ 18 ന് ഒ എം ആർ രീതിയിൽ രാജ്യത്തുടനീളം രണ്ട് ഷിഫ്റ്റുകളായി നടത്തിയ യുജിസി-നെറ്റ് പരീക്ഷയിൽ 8 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. .ജൂൺ 19-ന്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റിൽ നിന്നും യുജിസിക്ക് ചില വിവരങ്ങൾ ലഭിച്ചെന്നും ഇത് പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നത് മേൽപ്പറഞ്ഞ പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്നും,പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും വിശുദ്ധിയും ഉറപ്പാക്കാൻ പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയാണെന്നും, പുനപരീക്ഷയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുജിസി-നെറ്റ് എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിലാണ് നടത്തുന്നത്.
രാജ്യത്തുടനീളമുള്ള 317 നഗരങ്ങളിലെ 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11,21,225 ഉദ്യോഗാർത്ഥികൾക്കായാണ് ചൊവ്വാഴ്ച നെറ്റ് പരീക്ഷ നടത്തിയത്. ആകെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ ഏകദേശം 81% ഉദ്യോഗാർത്ഥികളും പരീക്ഷയെഴുതിയിരുന്നു. നെറ്റ് യോഗ്യത ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ ഇത്തവണത്തെ നെറ്റ് പരീക്ഷയ്ക്കു കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്നു.
2018 മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടന്നിരുന്ന നെറ്റ് യോഗ്യത പരീക്ഷ ഇത്തവണ ഒ എം ആർ രീതിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ മാസം തന്നെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണ് നെറ്റ്.ജൂൺ 12 നു നടന്ന 4 വർഷ ബിഎഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ സി ഇ ടി)യും റദ്ദാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് ഭൂരിഭാഗം കേന്ദ്രങ്ങളിലും പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതായിരുന്നു പരീക്ഷ റദ്ദാക്കാൻ കാരണം എന്നാണു എൻ ടി എ യുടെ വാദം .മെയ് 5 ന് എൻടിഎ നടത്തിയ മെഡിക്കൽ ബിരുദ കോഴ്സുകൾക്കായുള്ള നീറ്റ് പരീക്ഷയിൽ ഏകദേശം 24 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. ജൂൺ 4 നാണ് ഫലങ്ങൾ പ്രഖ്യാപിച്ചത് എന്നാൽ ചോദ്യപേപ്പർ ചോർച്ചയും 1500-ലധികം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും നൽകിയതും സംബന്ധിച്ചുയർന്ന ആരോപണങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായി.
സുപ്രീം കോടതിയിൽ നിന്നും കടുത്ത ഭാഷയിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബീഹാറിലെ കുപ്രസിദ്ധ ‘സോൾവർ ഗ്യാങ്’ ആണ് ‘നീറ്റ്’ ചോദ്യപേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ അച്ചടിച്ച പ്രിന്റിങ് പ്രസ്, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവരാണ് ചോദ്യ പേപ്പർ ചോർത്തലിന് കാരണക്കാർ . കോച്ചിങ് ഗ്രൂപ്പുകൾ വഴിയാണ് വിദ്യാർഥികളെ കുറ്റവാളികൾ സമീപിച്ചത്. ചോദ്യപേപ്പറിന് ആവശ്യമുള്ള വിദ്യാർഥികളെ ഒരു വീട്ടിലെത്തിച്ചു. അതിനു ശേഷം ചോർത്തിയ ചോദ്യപേപ്പറിലെ ശരിയുത്തരം മനഃപാഠമാക്കി ഇവരെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു .
ബയോമെട്രിക് സംവിധാനം, രണ്ട് ഇൻവിജിലറ്റർമാർ, ഓരോ ക്ലാസ്സ് മുറികളിലും സിസി ടിവി തുടങ്ങിയ കനത്ത സുരക്ഷയിലാണ് ഇത്തരം പരീക്ഷകൾ നടക്കുന്നത് എന്നിട്ടും ക്രമക്കേടുകൾ നടക്കുന്നത് വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയും കടുത്ത മാനസികപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെറ്റ്, ആയാലും നീറ്റ് ആയാലും ഇത്തരം പരീക്ഷകൾക്ക് തയ്യേറെടുക്കുക എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് കടുത്ത വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ് സമയം, പണം എന്നിവ മുടക്കി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ വിഡ്ഢികളാക്കുന്ന സമീപനം ഉടൻതന്നെ പരിശോധിക്കപ്പെടുകയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ആവശ്യം പരിശോധിക്കപ്പെടുകയും വേണം.