Tuesday, December 3, 2024
spot_imgspot_img
HomeOpinionവ്യാജന്മാരുടെ ആക്രമണത്തിൽ തകരുമെന്നു കരുതിയോ?: കെ കെ ശൈലജ ഒരു തീയാണെന്ന് മറന്ന സൈബർ ഗുണ്ടകൾ

വ്യാജന്മാരുടെ ആക്രമണത്തിൽ തകരുമെന്നു കരുതിയോ?: കെ കെ ശൈലജ ഒരു തീയാണെന്ന് മറന്ന സൈബർ ഗുണ്ടകൾ

ടി കെ മുസ്തഫ വയനാട്

ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസൻ തിരക്കഥയെഴുതി 1991 ൽ പുറത്തിറങ്ങിയ ‘സന്ദേശം’ എന്ന ആക്ഷേപ ഹാസ്യ മലയാള ചലചിത്രം വർത്തമാന കാലഘട്ടത്തിലും പല സന്ദർഭങ്ങളിലും പൊതു സമൂഹത്തിൽ സജീവ ചർച്ചയായി ഉയർന്നു വരാറുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിക്കാരായ വിദ്യാസമ്പന്നരും സഹോദരങ്ങളുമായ രണ്ട് ചെറുപ്പക്കാരുടെ തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള നിഷ്കളങ്കവും നിസ്വാർത്ഥവുമായ അഭിനിവേശം കുടുംബ ബന്ധങ്ങളിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ അവരെ കുടുംബത്തിൽ നിന്നും തിരസ്കൃതരാക്കപെട്ട് ഒടുവിൽ അവർ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുന്നതാണ് ‘സന്ദേശ’ത്തിൽ നാം കാണുന്നത്. പ്രസ്തുത സിനിമയിലെ പല സംഭവ വികാസങ്ങളും കഥാപാത്രങ്ങളും ഡയലോഗുകളും രാഷ്ട്രീയ പ്രവർത്തകരെ താറടിക്കുന്നതിനും രാഷ്ട്രീയ പ്രവർത്തനത്തെ തുച്ഛീകരിക്കുന്നതിനുമായി അരാഷ്ട്രീയ വാദികൾ അടക്കമുള്ളവർ പല സമകാലിക സംഭവ വികാസങ്ങളുടെയും പശ്ചാത്തലങ്ങളിൽ ട്രോളുകളുടെ ചാകരയായി അവതരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം ‘രാഷ്ട്രത്തെ സംബന്ധിക്കുന്നത്’ എന്നാണ്. സംഘടിത സമൂഹത്തിലെ പൗരന്മാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള കാലാതീതവും സാർവത്രികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടവരാണ് രാഷ്ട്രീയക്കാർ.
പ്രസ്തുത ഉത്തരവാദിത്വങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം വ്യതിചലിക്കുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയും ധാർമ്മികതയും അന്യം നിന്ന് ‘രാഷ്ട്രീയം ‘എന്ന വാക്കും ‘രാഷ്ട്രീയ പ്രവർത്തകർ ‘എന്ന ലേബലും ‘സന്ദേശ’ത്തിൽ കാണുന്നത് പോലെ അപഹാസ്യതയുടെ പര്യായങ്ങളായി മാറുന്നു എന്നതാണ് സത്യം.

നുണ, ചതി, വഞ്ചന, അപവാദ പ്രചരണം, അധികാരക്കൊതി, കുതികാൽ വെട്ട്, പണമുണ്ടാക്കൽ, ഗ്രൂപ്പിസം, സ്വജനപക്ഷപാതം, ഇരട്ട മുഖം, ജാതി സ്നേഹം, ഫാൻസ്‌ അസോസിയേഷൻ രൂപീകരണം ഇത്യാദി നെറികെട്ട പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിന്റെ അനിവാര്യ ഘടകങ്ങളായി മാറുകയും ആദർശങ്ങളും മൂല്യങ്ങളും വാക്കുകളിൽ ഒതുങ്ങി പ്രായോഗിക തലത്തിൽ അത് സംപൂജ്യമാവുകയും ചെയ്യുന്ന അത്യന്തം അപകടകരമായ അവസ്ഥ പലപ്പോഴും കാണേണ്ടി വരുന്നു എന്നത് ദുഃഖ സത്യം.

ബഹു സ്വര സമൂഹത്തിൽ ഭിന്ന വീക്ഷണങ്ങളും വിഭിന്ന നിലപാടുകളും സാധാരണമാണ്. വ്യത്യസ്തമായ ചിന്താ ഗതികൾ ഉരുത്തിരിയുന്നിടത്ത് ഗൗരവകരമായ ചർച്ചകളും ആശയപരമായ സംവാദങ്ങളും ഉയർന്നു വരുന്നതും സ്വാഭാവികം. അത് കൊണ്ട് തന്നെ ഒരു പ്രസ്ഥാനവും വ്യക്തിയും വിമർശനത്തിനതീതമൊന്നുമല്ല. എല്ലാ പ്രത്യയ ശാസ്ത്രങ്ങളും രാഷ്ട്രീയ പാർട്ടികളുമൊക്കെ തന്നെ ആശയ സംവാദങ്ങളെയും കടുത്ത വിമർശന ശരങ്ങളേയും നേരിട്ട് കൊണ്ട് തന്നെയാണ് വളർന്നതും വികസിച്ചതും രൂപാന്തരം പ്രാപിച്ചതുമെല്ലാം. വൈവിധ്യങ്ങളായ ഭൗതിക പ്രത്യയ ശാസ്ത്രങ്ങളും വിവിധ പ്രസ്ഥാനങ്ങളും നില നിൽക്കുന്നിടത്ത് വൈജ്ഞാനികവും ധൈഷണികവുമായ സംവാദങ്ങൾ ആകാം.

വിമർശനങ്ങളോടുള്ള അസഹിഷ്ണുതയല്ല, മറിച്ചു വിമർശിക്കാനും വിയോജിക്കാനുമുള്ള ഏതൊരുവന്റെയും അവകാശത്തെ അംഗീകരിച്ചും മാനിച്ചും വിമർശനങ്ങളെ ആശയപരമായി നേരിടുക എന്നതാണ് ഏതൊരു പരിഷ്കൃത സമൂഹവുമാഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.
എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ വർത്തമാന ലോകത്തിൽ ആശയ ദാരിദ്രത്തിൽ നിന്നുമുടലെടുക്കുന്ന ജനാധിപത്യ വിരുദ്ധ പ്രതിലോമ പ്രവർത്തനങ്ങൾ സജീവമാവുകയും വിമർശനങ്ങളെ ആശയപരമായി ഖണ്ഡിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ബദലായി ആഭാസങ്ങളിലൂടെയും അമാന്യവും അശ്ലീലവുമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും നേരിടുന്ന പ്രവർത്തനങ്ങൾ ഏറി വരികയും ചെയ്യുന്നു.

വടകര ലോക സഭ മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരെ ജനാധിപത്യ മര്യാദകൾ ലംഘിച്ചു കൊണ്ട് ആശയപരമായ വിമർശനങ്ങൾക്കപ്പുറത്ത് ആഭാസ അശ്ലീല പരാമർശങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും വ്യക്തി ഹത്യ നടത്തിക്കൊണ്ടിരിക്കുന്നു യു ഡി എഫ് സൈബർ പോരാളികൾ. കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാർ വികസിത രാജ്യങ്ങൾക്ക് സമാനമായ ജീവിത നിലവാരത്തിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിലേക്കും കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ, അടിസ്ഥാന മേഖലകളിലും ക്ഷേമരംഗത്തും രാജ്യത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനൊപ്പം പുതിയ കാലത്തെ അഭിസംബോധന ചെയ്യാനുള്ള പ്രവർത്തനങ്ങളേറ്റെടുക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, സഹകരണം, തദ്ദേശ സ്വയംഭരണം, പൊതുവിതരണം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭരണ മാതൃകകളും വികസന ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനം വിജയകരകമായി ആവിഷ്കരിച്ചതിന്റെ ആത്മ വിശ്വാസത്തിൽ ജനങ്ങളെ സമീപിക്കുമ്പോൾ സർക്കാരിന്നെതിരെ ക്രിയാത്മക വിമർശനങ്ങൾ ഉന്നയിക്കാൻ കഴിയാത്തതിന്റെ ഗതി കേടിൽ കാട്ടിക്കൂട്ടുന്ന അല്പത്തരങ്ങളോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല!

കയ്യിലുള്ള ആശയത്തിന്റെ ആധികാരികതയിലും അജയ്യതയിലും സമഗ്രതയിലും വിശ്വാസമില്ലാത്തവന്റെ നെറി കേടുകൾ വ്യാജാരോപണങ്ങളിലൂടെയും അസത്യ അസഭ്യ പ്രസ്താവനകളിലൂടെയും പുറത്തു ചാടുന്നുവെന്നേയുള്ളൂ! ശൈലജ ടീച്ചറെ കേരളത്തിന്നറിയാം, വക തിരിവില്ലാത്ത അല്പന്മാരുടെ ജല്പനങ്ങൾ കൊണ്ട് തകരുന്നതല്ല ടീച്ചറുടെ വ്യക്തിത്വം.

ശരിയായ ദിശാബോധവും രാഷ്ട്രീയ പ്രബുദ്ധതയും ഗുണപരമായ ശേഷിയും ചിന്താധാരയുമുള്ള തല മുറ ഉയർന്നു വരിക തന്നെ വേണം. രാഷ്ട്രീയ അവബോധവും രാഷ്ട്രീയ വിദ്യാഭ്യാസവും അണികൾക്ക് പകർന്നു നൽകാനാണ് എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറാകേണ്ടത്. തെരഞ്ഞെടുപ്പ് ഗോദയിൽ നടക്കേണ്ടത് രാഷ്ട്രീയ സംവാദങ്ങളാണ്, ആശയങ്ങൾ തമ്മിലുള്ള പോരാട്ടവും!

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares