ന്യൂഡൽഹി: യുപിഎസ്‌സി നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് സ്വന്തമാക്കിയവരെ പ്രശംസിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഒന്നാം റാങ്ക് സ്വന്തമാക്കിയ ശ്രുതി ശർമ്മയുടെ പേരെടുത്ത് പ്രശംസിച്ചായിരുന്നു ഡി രാജ രംഗത്തെത്തിയത്. ശ്രുതി തന്റെ നേട്ടങ്ങളിലേക്കെത്തെൻ സഹായിച്ച ഇടങ്ങളത്രയും സംഘപരിവാറിന്റെ വിദ്യാഭ്യാസ വിരുദ്ധതയ്ക്ക് ഇരകളായിടങ്ങളാണ്. അവിടെ നിന്നാണ് രാജ്യത്തിനു അഭിമാനം സമ്മാനിച്ച ഒന്നാം റാങ്ക് ഉയർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം റാങ്ക് സ്വന്തമാക്കിയ ശ്രുതി ശർമ്മ ഡൽഹി യൂണിവേഴ്സിറ്റിയിലും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യുപിഎസ്‌സി റാങ്ക് സ്വന്തമാക്കാൻ അവരെ സഹായിച്ചതു ജാമിയ മിലിയയിലെ ആർസിഎയുമാണ്.
സിവിൽ സർവീസിൽ ആദ്യ നാലു റാങ്കും സ്വന്തമാക്കി വനിതകൾ. രണ്ടാം റാങ്ക് അങ്കിത അഗർവാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വർമ്മയും നേടി. മലയാളികളായ ദിലീപ് കെ കൈനിക്കര ഇരുപത്തിയൊന്നാം റാങ്കും ശ്രുതി രാജലക്ഷ്മി ഇരുപത്തഞ്ചാം റാങ്കും ജാസ്മിൻ മുപ്പത്താറാം റാങ്കും സ്വാതി ശ്രീ ടി നാൽപ്പത്തിരണ്ടാം റാങ്കും രമ്യ സിഎസ് നാൽപ്പത്താറാം റാങ്കും അക്ഷയ് പിള്ള അൻപത്തൊന്നാം റാങ്കും ആൽഫ്രഡ് ഒ വി അമ്പത്തിയേഴാം റാങ്കും അഖിൽ വി മേനോൻ അറുപത്തിയാറാം റാങ്കും സ്വന്തമാക്കി. ആദ്യ നൂറ് റാങ്കിൽ ഒമ്പത് മലയാളികളുണ്ട്.