ഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. സിപിഐക്ക് തീരാനഷ്ടമാണെന്നും കാനത്തിന്റെ വിയോഗം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളെയാണ് കാനത്തിന്റെ വിയോഗത്തിലൂടെ നഷ്ടമയത്. കേരളത്തിലെ പാർട്ടിക്ക് മാത്രമല്ല, ദേശീയതലത്തിലും വലിയ നഷ്ടമാണ് കാനത്തിന്റെ വിടവാങ്ങൽ. എഐവൈഎഫിലൂടെ കടന്നുവന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയായപ്പോൾ പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. യുവജന സംഘടന കാലം മുതൽ കാനവുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായി തീരാവേദനയാണ് കാനത്തിന്റെ വിയോഗമെന്നും ഡി രാജ പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവായിരുന്നു കാനം രാജേന്ദ്രൻ. വർഷങ്ങളായുള്ള സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്നും ഡി രാജ പറഞ്ഞു.
ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.