അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഈ കാലഘട്ടതിൽ ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. താൻ എഐവൈഎഫിൽ പ്രവർത്തിക്കുന്ന കാലംതൊട്ടുള്ള ബന്ധമാണ് യെച്ചൂരിയുമായിട്ടുള്ളത്. യെച്ചൂരി അന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നു വരുന്ന കാലമായിരുന്നു അത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പാർലമെന്ററി സ്റ്റിയറിങ് കമ്മിറ്റിയിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിരുന്നു. ഒരേ പോലെ പാർലമെന്റിലേക്ക് കടന്നു വരുകയും ഒരേ കാലയളവിൽ പടി ഇറങ്ങുകയും ചെയ്ത വ്യക്തികളാണ് തങ്ങളെന്ന് അദ്ദേഹം അനുസ്മരമ കുറിപ്പിൽ പറഞ്ഞു.
സിപിഐയുടെയും സിപിഐ(എം) ൻ്റെയും ജനറൽ സെക്രട്ടറിമാരായതിന് ശേഷം ഇടതുപക്ഷ, മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ഐക്യത്തിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. മികച്ച എഴുത്തുകാരനും സമർത്ഥനായ പാർലമെൻ്റേറിയനും കഴിവുള്ള നേതാവുമായിരുന്നു അദ്ദേഹം.അദ്ദേഹത്തിൻ്റെ വിയോഗം ഇടതുപക്ഷ, ജനാധിപത്യ മുന്നണിക്ക് തീരാ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാഗങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി ഡി രാജ വ്യക്തമാക്കി.