ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന വഞ്ചകനാണ് നരേന്ദ്ര മോദിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക, ഭഗത് സിംഗ് നാഷണൽ എംപ്ലോയിമെന്റ് ആക്ട് പാർലമെന്റ് ഉടൻ പാസക്കുക, സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ വേഗത്തിൽ പരിഹരിക്കുക, ‘ദേശീയ വിദ്യാഭ്യാസ നയം’ (എൻഇപി) ഉടനടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫും എഐഎസ്എഫും സംയുക്തമായി നടത്തിയ പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവർഷം രണ്ട് കോടി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞുകൊണ്ട് അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാർ സമസ്ത മേഖലകളിലും സ്വകാര്യവത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഡി രാജ കുറ്റപ്പെടുത്തി. നാൽപ്പത്തഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞും പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്രസർക്കാർ വിറ്റൊഴിച്ചുകൊണ്ടിരിക്കുകയാണെന്നും. അതുവഴി, നിരവധിപ്പേർക്കാണ് തൊഴിൽ നഷ്ടമുണ്ടാവുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുമേഖലസ്ഥാപനങ്ങൾ സ്വകാര്യമേഖലകളുടെ കാൽച്ചുവട്ടിൽ കൊണ്ടെത്തിക്കുന്നതിലൂടെ രാജ്യത്തെ യുവാക്കളുടെ തൊഴിലവസരങ്ങൾ നഷ്ടമാവുകയാണ്. കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 15 ലക്ഷത്തോളം ഒഴിവുകൾ കെട്ടിക്കെടക്കുമ്പോൾ അതിനു പരിഹാരം കാണാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാഷ്ട്രത്തിന്റെ ചരിത്രം അട്ടിമറിക്കാനും രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസം തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അതിനെതിരെ രാജ്യത്തെ യുവാക്കളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി സമരത്തിലേക്കിറങ്ങണമെന്നും ഡി രാജ വ്യക്തമാക്കി.
ഡൽഹി രാംലീല മൈതനത്തുനിന്നും ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിനു യുവാക്കളും വിദ്യാർത്ഥികളും അണിനിരന്നു. എഐവൈഎഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്തർ മഹേശ്വരി യോഗത്തിനു അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ആർ തിരുമലൈ സ്വാഗതം ആശംസിച്ചു. സിപി ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം, എഐഎസ്എഫ് ദേശീയ ജനറൽസെക്രട്ടറി വിക്കി മഹേശ്വരി, പ്രസിഡന്റ് ശുവം ബാനർജി, ടി ടി ജിസ്മോൻ, എൻ അരുൺ, ബിബിൻ എബ്രഹാം, സയ്യിദ് വലിയുള്ള ഖാദിരി, ലെനിൻ നാക്കി തുടങ്ങിയവർ പങ്കെടുത്തു.