സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അവസാന ഒരുനോക്ക് കാണാൻ ദേശീയ സെക്രട്ടറി ഡി രാജയെത്തി. മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന പട്ടം പിഎസ് സ്മാരകത്തിലെത്തിയാണ് ഡി രാജ കാനത്തിനു അന്ത്യോപചാരം അർപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളെയാണ് കാനത്തിന്റെ വിയോഗത്തിലൂടെ നഷ്ടമയത്. കേരളത്തിലെ പാർട്ടിക്ക് മാത്രമല്ല, ദേശീയതലത്തിലും വലിയ നഷ്ടമാണ് കാനത്തിന്റെ വിടവാങ്ങൽ. എഐവൈഎഫിലൂടെ കടന്നുവന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയായപ്പോൾ പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. യുവജന സംഘടന കാലം മുതൽ കാനവുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായി തീരാവേദനയാണ് കാനത്തിന്റെ വിയോഗമെന്നും ഡി രാജ പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവായിരുന്നു കാനം രാജേന്ദ്രൻ. വർഷങ്ങളായുള്ള സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്നും ഡി രാജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കാനത്തിന് അന്തിമോപചാരമർപ്പിക്കാൻ പാർട്ടിയുടെ മുതിർന്ന നേതാക്കൾ, മറ്റ് പാർട്ടികളിലെ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പോരാണ് പി എസ് സ്മാരകത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടം പിഎസ് സ്മാരകത്തിലാണ് പൊതുദർശനത്തിനം നടക്കുന്നത്. ശേഷം വിലാപയാത്രയായി കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിലപയാത്ര കടന്നു പോകുന്ന വഴിയിൽ വിവിധയിടങ്ങളിൽ പൊതുദർശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.