ന്യൂഡൽഹി: ‘ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് ഏറ്റെടുക്കുക’ എന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശം ജുഡീഷ്യറിയിലെ നിലവിലുള്ള അവസ്ഥയെയാണ് തുറന്നുകാട്ടുന്നതെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. ചില ജഡ്ജിമാർ നിഷ്പക്ഷരും സ്വതന്ത്രരുമല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പ്രത്യേക അജണ്ട കാത്തുസൂക്ഷിക്കുന്ന ജഡ്ജിമാർ ജനാധിപത്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സർക്കാരുകൾ വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങളെ കയ്യടക്കുന്നുവെന്നായിരുന്നു സുപ്രീം കോടതി റിട്ട. ചീഫ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിവാദ പരാമർശം. വരുമാനം കണ്ടാണ് ഇങ്ങനെ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. താനും യു യു ലളിതും(നിലവിലെ ചീഫ് ജസ്റ്റിസ്) ചേർന്നാണ് ഇത്തരമൊരു ശ്രമം തടഞ്ഞതെന്നും ഇന്ദു മൽഹോത്ര പറയുന്നു.
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ വച്ച് ഒരു കൂട്ടം ആളുകളുമായി ഇന്ദു മൽഹോത്ര സംസാരിക്കുന്ന വീഡിയോ ഇന്നലെ വൈകിട്ടാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. പത്മനാഭ സ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദു മൽഹോത്രയും ചേർന്ന സുപ്രീം കോടതി ബെഞ്ചാണ്. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഈ വിധി.