ഖമ്മം: ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ 2024ലെ പൊതു തെരഞ്ഞെടുപ്പിൽ എല്ലാ മതേതര ജനാധിപത്യ പാർട്ടികളും ഒന്നിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തെലങ്കാനയിലെ ഖമ്മത്ത് ഭരത് രാഷ്ട്ര സമിതി(ബിആർഎസ്) യുടെ ആദ്യ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ ഭരണഘടനയും ജനാധിപത്യ ഭരണവും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ പോരാടി അവരെ പരാജയപ്പെടുത്തണം. ഇതാണ് തെലങ്കാനയുടെ വിപ്ലവ ഭൂമിയായ ഖമ്മത്ത് നിന്നും പ്രചരിക്കേണ്ട സന്ദേശമെന്നും ഡി രാജ കൂട്ടിച്ചേർത്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് എന്നിവരും റാലിയിൽ പങ്കെടുത്തു.