നാഗപട്ടണം: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ബിജെപി-ആര്‍എസ്എസ് സഖ്യത്തെ പരാജയപ്പെടുത്തി ജനാധിപത്യത്തെ രക്ഷിക്കാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപിയെ അധികാരത്തിലെത്തിച്ചത് മതേതര ജനാധിപത്യ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യമില്ലായ്മയാണ്. ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും മതേതര ശക്തികള്‍ ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ഈ വിഷയത്തിൽ ഗൗരവമായ ആത്മപരിശോധന ആവശ്യമാണ്, അവ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുന്നതുമായിരിക്കണമെന്നും ഡി രാജ അഭിപ്രായപ്പെട്ടു.
രാജ്യത്ത് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലായ്മ ചെയ്യാൻ തുരങ്കം വയ്ക്കുകയാണ് ബിജെപി. ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം അനിവാര്യമാകുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ ഭരണത്തെ കടുത്ത ഭാഷയിലാണ് ഡി രാജ വിമർശിച്ചത്. നേട്ടത്തിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും കേന്ദ്രം സ്വകാര്യവത്ക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.