കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിയതായി ദല്ലാൾ നന്ദകുമാർ ആരോപിച്ചു. താൻ ആവശ്യപ്പെട്ടയാളെ നിയമിച്ചില്ല. നിയമനം നടക്കാതെ വന്നതിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണു പണം തിരികെ വാങ്ങിയതെന്നും നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗഡുക്കളായിട്ടാണ് പണം തിരിച്ചുനൽകിയത്. ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് അനിൽ ആന്റണി തന്റെ കയ്യിൽ നിന്ന് പണ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. ആരോപണം നിഷേധിച്ചാൽ പരസ്യ സംവാദത്തിന് തയാറാണെന്നും നന്ദകുമാർ പറഞ്ഞു.
പിതാവിനെ വെച്ച് വിലപേശി പണം വാങ്ങിയിരുന്ന ആളാണ് അനിൽ ആന്റണി. പ്രതിരോധമന്ത്രിയായിരിക്കെ എകെ ആന്റണി കൊണ്ടുപോകുന്ന പ്രതിരോധ കരാറുകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പന നടത്തി പണം വാങ്ങുന്ന വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നതെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.