ബംഗളൂരു: സിദിരണ്ണയുടെ വിഗ്രഹവുമായ ഉറപ്പിച്ചിരിക്കുന്ന തൂണില്‍ ദളിത് ബാലൻ തൊട്ടതിന് കുടുംബത്തിന് പിഴ ചുമത്തി ഗ്രാമവാസികള്‍. കര്‍ണാടകയിലെ കോലാർ ജില്ലയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം.
സെപ്റ്റംബര്‍ എട്ടിന് ഗ്രാമത്തില്‍ ഭൂതയമ്മ മേളയിൽ പങ്കെടുക്കുന്നതിൽ നിന്നും ദളിതരെ വിലക്കിയിരുന്നു. ഇതിനിടെ ദളിത് വിഭാഗത്തില്‍പ്പെട്ട രമേശിന്റെയും ശോഭയുടെയും പുത്രന്‍ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹവുമായി ഉറപ്പിച്ചിരുന്ന തൂണില്‍ സ്പർശിച്ചു.
ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ചു.അതേ തുടർന്ന് അടുത്ത ദിവസം ഗ്രാമ തലവൻമാരുടെ മുമ്പാകെ അവർ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി.
ഇതേ തുടർന്ന് ഗ്രമവാസികൾ രണ്ട് ചേരിയിലാവുകയും കുട്ടിയുടെ കുടുംബത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ഗ്രാമവാസികള്‍ പ്രക്ഷുഭ്തരാണെന്നും ദളിത് കുടുംബം തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഗ്രാമവാസികള്‍ പറയുന്നു. ദളിത് ബാലന്‍ തൊട്ടതുകൊണ്ട് വിഗ്രഹം അശുദ്ധമായെന്നാണ് ഇവരുടെ വാദം. വിഗ്രഹം പൂര്‍ണമായും രണ്ടാമത് പെയിന്റ് ചെയ്യണമെന്നും ഗ്രാമത്തലവന്‍ കുടുംബത്തോട് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രാമത്തിലെ മുതിര്‍ന്നയാളായ നാരായണസ്വാമിയാണ് കുടുംബത്തിന് 60,000രൂപ പിഴ ചുമത്തിക്കൊണ്ട് ഉത്തരവിട്ടത്. ഒക്ടോബര്‍ ഒന്നിന് മുമ്പ് തുക അടച്ചുതീര്‍ക്കണമെന്നാണ് ഉത്തരവ്. പറഞ്ഞ തീയതിക്ക് മുമ്പ് തുക അടച്ചില്ലെങ്കില്‍ കുടുംബത്തിന് ഗ്രാമത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പരാതി നല്‍കിയതിന് പിന്നാലെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും തങ്ങളുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും കുടുംബം പറയുന്നു.