ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് മാറ്റി മേൽ ജാതിക്കാർ. കർണാടകയിലെ മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. ആദ്യമായാണ് ക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കുന്നത്. പ്രവേശനത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ ‘മേൽ ജാതിക്കാർ’ ആയ വൊക്കലിംഗക്കാർ ദേവന്റെ വിഗ്രഹമായ ‘ഉത്സവ മൂർത്തി’ ക്ഷേത്രത്തിൽ നിന്ന് മാറ്റുകയായിരുന്നു.
ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനും ‘കാലഭൈരവേശ്വര’ ദേവതയെ പ്രാർത്ഥിക്കാനും ജില്ലാ അധികാരികൾ അനുവദിച്ചിരുന്നു. പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷമാണ് സംസ്ഥാന എൻഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ഗ്രാമത്തിലെ ദളിതർക്ക് പ്രവേശനാനുമതി ലഭിച്ചത്. ഗ്രാമത്തിനുള്ളിൽ ദളിതർക്കായി ഒരു പ്രത്യേക ക്ഷേത്രം നിർമിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ പ്രകാരം ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നുമാണ് മേൽ ജാതിയിലുള്ളവർ വാദിച്ചത്. നേരത്തേ ക്ഷേത്ര പ്രാവേശനം നിഷേധിച്ചതിനെതിരെ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് ദളിതർ ഇന്നലെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. സംഘർഷം ഒഴിവാക്കാൻ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.
മൂന്ന് വർഷം മുമ്പ് പഴയ ജീർണിച്ച കെട്ടിടം പൊളിച്ച് പുതിയ ക്ഷേത്രം പണിതിരുന്നു. ആ സമയത്ത് ക്ഷേത്രത്തിനു വേണ്ടി തങ്ങൾ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിഗ്രഹം എടുത്ത് മാറ്റിയവർ വാദിക്കുന്നത്. ദളിതർക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിൽ പ്രകോപിതരായ കുറച്ച് ഗ്രാമവാസികൾ ഉത്സവ മൂർത്തിയെ മാറ്റുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലെ ഒരു പ്രത്യേക അറയിലേക്കാണ് വിഗ്രഹത്തെ മാറ്റിയത്. തുടർന്ന് ഉച്ചയോടെ ക്ഷേത്രം താത്കാലികാമായി അടച്ചിട്ടു. പിന്നീട് ക്ഷേത്രം വീണ്ടും തുറക്കുകയും എല്ലാ ജാതികളിൽ നിന്നുമുള്ള ഭക്തർക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് നേരത്തെ തീരുമാനിച്ച പോലെ ആചാരങ്ങൾ പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു.