ചെന്നൈ: എട്ട് പതിറ്റാണ്ടിനൊടുവിൽക്ഷേത്ര പ്രവേശനം നേടിയടുത്ത് ദളിതർ. തമിഴ്‌നാട് തിരുവണ്ണാമലൈ തണ്ടാരംപേട്ട് തെൻമുടിയന്നൂർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിലുള്ളവരാണ് കഴിഞ്ഞ ദിവസം ഇതുവരെ നിഷേധിച്ചിരുന്ന ക്ഷേത്ര ദർശനം സാധ്യമാക്കിയത്. എട്ട് പതിറ്റാണ്ട് നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് നൂറുകണക്കിന് വരുന്ന പിന്നാക്ക ജാതിയിൽപ്പെട്ട ആളുകൾ പ്രദേശത്തെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ചു.
മേൽജാതിക്കാർക്ക് മാത്രം പ്രവേശനം മതിയെന്ന് തീരുമാനിച്ച മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ കയറാനും ആരാധന നടത്താനും ദളിത് കുടുംബങ്ങൾ ശ്രമം ആരംഭിച്ചിട്ട് നീണ്ട എൺപത് വർഷമായി. ക്ഷേത്രത്തിൽ കയറാനെത്തുന്ന പിന്നാക്ക വിഭാഗക്കാർക്കെതിരെ ക്രൂരമർദ്ദനമുൾപ്പടെ അഴിച്ചുവിടുന്നത് പ്രദേശത്തെ സ്ഥിരം കാഴ്ചയായിരുന്നു. ഇതോടെയാണ് പ്രദേശവാസികൾ തമിഴ്നാട് സർക്കാരിനു പരാതി. വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അനുമതി ലഭിച്ചത്. ഏതെങ്കിലും തരത്തിൽ ആരാധനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി, കളക്ടർക്കൊപ്പം വെല്ലൂർ സോണൽ ഡിഐജി മുത്തുസ്വാമി, തഹസിൽദാർ മന്ദാകിനി എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്നലെ ഉത്സവാന്തരീക്ഷത്തിൽ പ്രദേശത്തെ നൂറുകണക്കിന് ദളിത് കുടുംബങ്ങൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തി, പൊങ്കാലയിട്ട് മടങ്ങി. തമിഴ്നാട്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ, രണ്ടാമത്തെ ക്ഷേത്രത്തിലാണ് ദളിതർക്ക് പ്രവേശനം അനുവദിയ്ക്കുന്നത്.