രാജ്യത്തെ 543 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു. വിഗ്യാൻ ഭവനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തിയതികൾ പുറത്തുവിട്ടത്.കേരളത്തിൽ ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടക്കും. നാമ നിർദ്ദേശ പത്രിക ഏപ്രിൽ നാലിനു സമർപ്പിക്കണം. 7 ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഒന്നാം ഘട്ടം ഏപ്രിൽ 19ന് നടക്കും. ആദ്യ ഘട്ടത്തിൽ തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഗഢ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 26 ന് നടക്കും. മൂന്നാം ഘട്ടം മെയ് 7ന്, നാലാം ഘട്ടം മെയ് 13 ന്, അഞ്ചാം ഘട്ടം മെയ് 20ന്, ആറാം ഘട്ടം മെയ് 25ന്, ഏഴാം ഘട്ടം ജൂൺ 1 നും നടക്കും. ജൂൺ 4 ന് വോട്ടെണ്ണും.
97 കോടി വോട്ടർമാരാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക.രാജ്യത്ത് 49.7 കോടി പുരുഷ വോട്ടർമാരും 47.1 സ്ത്രീ വോട്ടർമാരും 48,000 ട്രാൻസ് ജെൻഡേർസും തെരഞ്ഞെടുപ്പിൽ പങ്കാളികളാവും.സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 1.8 കോടി കന്നി വോട്ടർമാരണ് ഇക്കുറി തങ്ങളുടെ ആദ്യ സമ്മതിദായക അവകാശം വിനിയോഗിക്കാൻ എത്തുന്നത്.