അലൻ പോൾ വർഗീസ്
സഖാവ് സി കെ ചന്ദ്രപ്പനെ വൈകാരികമായി മാത്രം ഓർത്താൽ പോര. രാഷ്ട്രീയ ജീവിതം കൊണ്ട് കമ്മ്യൂണിസ്റ്റ്കാർക്ക് ഒരു മാതൃകയായി മാറിയ സഖാവ് സഞ്ചരിച്ച വഴികളെ കുറിച്ച് പറയണം.
1950 ൽ ഇന്ത്യയിൽ എല്ലാവരും സ്വാതന്ത്ര്യ ദിനം ആചരിക്കുമ്പോൾ പോർച്ചുഗീസ് പട്ടാളം ഗോവയെ അടിച്ചമർത്തി വച്ചിരിക്കുകയായിരുന്നു. നാട്ടു രാജ്യങ്ങൾ ഇന്ത്യയിൽ ചേരുവാൻ സമര സമ്മർദ്ദങ്ങൾ നൽകിയ എഐഎസ്എഫും സിപിഐ 1955 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഗോവയിലേക്ക് മാർച്ച് നടത്തി.
അരികിൽ നിന്നിരുന്ന സഖാവ് കർണെയിൽ സിങ് ബെനിപാലിനെ പോർച്ചുഗീസ് പട്ടാളം വെടിവച്ചു വീഴ്ത്തിയെങ്കിലും എഐഎസ്എഫിന്റെ നായകൻ സി കെ ചന്ദ്രപ്പൻ ഭയപ്പെട്ടില്ല. ഒടുവിൽ വടമെറിഞ്ഞാണ് സഖാവിനെ അവർ കീഴ്പ്പെടുത്തിയത്.
രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ന് കാണുന്ന യൂണിയൻ ഓഫ് ഇന്ത്യയെ സാക്ഷാത്കരിക്കാൻ പോരാടിയ സി കെ പോർച്ചുഗീസ് കൊളോണിയൽ ശക്തികളുടെ ജയിലിലായിരുന്നു.
ഗോവ വിമോചന സമരം സ്വാതന്ത്ര്യ സമരമാക്കി പ്രഖ്യാപിച്ചപ്പോൾ ആ പെൻഷൻ തുക ഭാവി തലമുറ തങ്ങളെ തെറ്റിദ്ധരിക്കാൻ കാരണമാകും എന്ന് പറഞ്ഞു സ്നേഹപൂർവം നിരസിച്ച സഖാവ് സി കെയുടെ തീക്ഷ്ണമായ ദേശീയ ബോധം പാർലിമെന്റ് കണ്ടത് മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കില്ല എന്ന് പറഞ്ഞ വേളയിലാണ്.
അന്ന് തലശ്ശേരി എം പിയായിരുന്ന സഖാവ് സി കെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാ ശങ്കർ ദീക്ഷിതുമായി കടുത്ത തർക്കത്തിലേർപ്പെട്ടു. കേന്ദ്രം അന്ന് അംഗീകരിച്ചില്ലെങ്കിലും മലബാർ കലാപത്തിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര്യ സമര പെൻഷൻ അച്യുതമേനോൻ സർക്കാർ തനതായി നൽകി.
വലതുപക്ഷ കോൺഗ്രസിന്റെ ബോധമില്ലായ്മയെ സി എച്ച് മുഹമ്മദ് കോയ സോവിയറ്റ് യൂണിയനെ കുറിച്ചുള്ള പുസ്തകത്തിൽ സ്മരിക്കുമ്പോഴാണ് സി കെ അന്ന് നടത്തിയ പോരാട്ടം എത്രത്തോളം ഉജ്ജ്വലമായിരുന്നു എന്ന് മനസിലാകുന്നത്.
തെരഞ്ഞെടുപ്പ് ബോണ്ടുകളും ആർഎസ്എസ് കാര്യാലയത്തിൽ നിന്നുള്ള ഉത്തരവിന് മേൽ പ്രവർത്തിക്കുന്ന കമ്മീഷനെയും കാണുമ്പോൾ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായി തെരഞ്ഞെടുപ്പ് പരിഷ്കാര കമ്മീഷൻ വേണമെന്ന് 2007 ൽ ബിൽ അവതരിപ്പിച്ച, വന നിയമങ്ങൾക്ക് സംഭാവന നൽകിയ സി കെ ചന്ദ്രപ്പൻ എന്ന ഇന്നൊവേറ്റീവ് പാർലമെന്ററിനെ എങ്ങനെ നമ്മൾ മറക്കും?
വൺ എന്ന മമ്മൂട്ടിയുടെ സിനിമയിൽ പലരും കണ്ട Right To Recall ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് സി. കെയാണ്. അതും 1974ൽ.
Rest in Power Comrade