കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബാലഭാസ്കറിന്റേത് അപകട മരണമാണെന്നാണ് നേരത്തേ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചും സിബിഐയും കണ്ടെത്തിയത്. അവർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങിയ ഘട്ടത്തിലാണ് ബാലഭാസ്കറിന്റെ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ കാര്യവും സിബിഐ വ്യക്തമായി അന്വേഷിച്ചിട്ടില്ല. ചില നിഗമനങ്ങളിലൂടെയാണ് അന്വേഷണം നടത്തിയിരുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
എന്നാൽ, ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ നേരത്തേ തള്ളിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേർന്നത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്തംബർ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. എന്നാൽ ബാലഭാസ്കറിൻറെ സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉൾപ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിൻറെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ച് ആരാണെന്ന് പോലും തർക്കമുണ്ടായിരുന്നു.
ബാലാഭാസ്കറിന്റേത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിൻറെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോർട്ട്.