Thursday, November 21, 2024
spot_imgspot_img
HomeKeralaകളമശേരി സ്‌ഫോടനം: മരണം മൂന്നായി, മരിച്ചത് ചികിത്സയിലിരുന്ന പന്ത്രണ്ട് വയസുകാരി

കളമശേരി സ്‌ഫോടനം: മരണം മൂന്നായി, മരിച്ചത് ചികിത്സയിലിരുന്ന പന്ത്രണ്ട് വയസുകാരി

ളമശേരിയില്‍ ‘യഹോവയുടെ സാക്ഷികള്‍’ സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനത്തിലെ മരണം മൂന്നായി ഉയര്‍ന്നു. 90% പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന(12) ആണ് പുലര്‍ച്ചെ മരിച്ചത് .

പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53) എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു.

ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. അവരില്‍ 6 പേരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. കളമശ്ശേരി കണ്‍വെന്‍ഷന്‍സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ഇന്നലെ രാവിലെയാണ് സ്‌ഫോടനമുണ്ടായത്.

കളമശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്ററി തലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.

അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഇയാള്‍ ടിഫിന്‍ ബോക്‌സില്‍ അല്ല മറിച്ച പ്ലാസ്റ്റിക് കവറിലാണ് ബോംബ് സ്ഥാപിച്ചതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. എട്ടു ലിറ്റര്‍ പെട്രോള്‍ സ്‌ഫോടനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ഡൊമനിക് തന്നെയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന പോലീസിന്റെ സ്ഥിരീകരണം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഡൊമിനിക് സ്‌ഫോടനം നടത്തിയതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഡൊമിനിക്കിനെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിനു പിന്നില്‍ താനാണെന്ന് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിനുശേഷം മാര്‍ട്ടിന്‍തന്നെ തൃശൂര്‍ കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്‌ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യമായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണെന്നു പറഞ്ഞാണ് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ മാര്‍ട്ടിന്‍ ഹാജരാകുകയായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares