Thursday, March 13, 2025
spot_imgspot_img
HomeEditors Picksഎന്താണ് ക്ലാസിക്കൽ ഫാസിസം?, നവ ഫാസിസം എങ്ങനെ മനസിലാക്കാം, ആർഎസ്എസ് ഏത് ഗണത്തിൽ, കമ്മ്യുണിസ്റ്റ് പാർട്ടികളുടെ...

എന്താണ് ക്ലാസിക്കൽ ഫാസിസം?, നവ ഫാസിസം എങ്ങനെ മനസിലാക്കാം, ആർഎസ്എസ് ഏത് ഗണത്തിൽ, കമ്മ്യുണിസ്റ്റ് പാർട്ടികളുടെ നിലപാടെന്ത്‌?

മോദി ഭരണ കൂടം ഫാസിസ്റ്റോ നവ ഫാസിസ്റ്റോ നവഫാസിസ്റ്റ് സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹിന്ദുത്വ – കോര്‍പറേറ്റ് അമിതാധികാര പ്രവണതയോട് കൂടിയ സംവിധാനമോ എന്നതിനെ കുറിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നില നിൽക്കുന്നുണ്ട്. അത്തരമൊരു പശ്ചാത്തലത്തിൽ ഫാസിസം, ക്ലാസിക്കൽ ഫാസിസം, നിയോ ഫാസിസം, ആർ എസ് എസ് ഫാസിസം, ബിജെപി ഭരണ കൂടത്തെ സംബന്ധിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിലപാടുകൾ നമുക്ക് പരിശോധിക്കാം.

ഫാസിസം

ഫാസിസം എന്നത് സമഗ്രാധിപത്യ രാഷ്ട്രീയനേതൃത്വമാണ്. യുദ്ധകേന്ദ്രീകൃത സമീപനം, വീരാരാധന, ഒരു പൊതു ശത്രുവിനെതിരെ ഒരു ജനതയെയോ രാഷ്ട്രത്തെയോ ഏകീകരിക്കൽ തുടങ്ങിയ ആശയങ്ങളിൽ ഊന്നിയുറച്ച കൊണ്ടുള്ളതാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പ്രവർത്തനം.

ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ്‌ ഫാസിസം. ഫാസിസ്റ്റുകൾ ഒരു രാജ്യത്തിന്റെ ഭരണസം‌വിധാനത്തെയും സാമ്പത്തികസം‌വിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു. കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ ഫാസിസത്തെ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാം പ്ലീനത്തിൽ ഇപ്രകാരം നിർവചിച്ചിരിക്കുന്നു.

“ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവും ആയ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം മാനവ വിരുദ്ധതയിൽ അധിഷ്ടിതമായ വംശീയത ജനാധിപത്യക്രമത്തില്‍ നടപ്പാക്കുന്ന അധികാരാരോഹണം ഇറ്റലി മാത്രമല്ല, ജര്‍മനിയും പഠിപ്പിക്കുന്ന പാഠം അതുതന്നെയാണ്.

ക്ലാസിക്കൽ ഫാസിസം

ഇറ്റലിയിൽ മുസോളിനിയും ജർമനിയിൽ ഹിറ്റ്ലറും നടപ്പാക്കിയ ഭരണത്തെയാണ് ക്ലാസിക്കൽ ഫാസിസം എന്ന് പറയുന്നത്.
തീവ്ര ദേശീയതയും നയങ്ങളിലെ സൈനികവത്കരണവും ഏകാധിപത്യ പ്രവണതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും
പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്നതും നേതാക്കളെ/ ഭരണാധികാരിയെ ആരാധിക്കുന്നതും ക്ലാസിക്കൽ ഫാസിസത്തിന്റെ പ്രത്യേകതയാണ്.

ഇവിടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കടിഞ്ഞാൺ ഭരണകൂടത്തിന് തന്നെയായിരിക്കും. കോർപ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കില്ല. അതോടൊപ്പം വംശീയത ഇവരുടെ പ്രഖ്യാപിത നയം തന്നെയായിരിക്കും എന്നും കാണാൻ കഴിയും.
ഇറ്റലിയിൽ പൗരന്മാരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഫാസിസത്തിന്റെ നിരീക്ഷണത്തിലായിരുന്നു എന്ന് ചരിത്രം പഠിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും. വിദ്യാർത്ഥികളെ ഭാവി ഫാസിസ്റ്റുകളായി വിലയിരുത്തുകയും അതിനനുസൃതമായ രീതിയിൽ വളര്‍ത്തുകയും ചെയ്തിരുന്നു മുസോളിനി.

ആണ്‍കുട്ടികള്‍ ഇറ്റലിയുടെ പ്രതാപത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന കരുത്തുറ്റ പടയാളികളും, പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ ജനസംഖ്യാവര്‍ധനവിന് സഹായമേകുന്ന അമ്മമാരുമായി തുടർന്ന് പ്രഖ്യാപിക്കപ്പെട്ടു. പഠനത്തോടൊപ്പം കുട്ടികളെ വിവിധ സംഘടനകളിൽ അംഗങ്ങളാക്കുകയും ചെയ്തു. നാല് മുതല്‍ എട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ‘Sons of the She Wolf’,
എട്ട് മുതല്‍ പതിനാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി Balilla, പതിനാല് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കായി Avent gardiste എന്നിവയായിരുന്നു അവ.

‘Sons of the She Wolf’ന്റെ യൂണിഫോം കറുത്ത ഉടുപ്പും ‘Balilla’യുടേത് വെളുത്ത ഉടുപ്പും നിക്കറും കറുത്ത തൊപ്പിയും ചാരനിറത്തിലുള്ള കാലുറയുമായിരുന്നു. സ്കൂളുകളുടെ അധ്യയനവും മുസോളിനി നിർദേശിച്ച സിലബസ് പ്രകാരമായിരുന്നു നടപ്പാക്കിയത്. കുട്ടികള്‍ ഉപയോഗിച്ചത് തോളില്‍ സ്‌കൂള്‍ ബാഗും കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ‘വിദ്യാർത്ഥിപടയാളി’യുടെ ചിത്രമുള്ള ചട്ടയോടുകൂടിയ നോട്ടുബുക്കുകൾ ആയിരുന്നു

‘I believe in Rome, the Eternal, the mother of my country… I believe in the genius of Mussolini… and in the resurrection of the Empire’ എന്ന് കുട്ടികള്‍ ഇടക്കിടെ ഉരുവിടണം എന്നും അവരോട് കർശനമായി നിഷ്കർഷിച്ചു. വിവാഹം, പ്രസവം എന്നതായിരുന്നു വനിതകളുടെ ഉത്തരവാദിത്തം. കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് നികുതിയിളവനുവദിക്കുകയും വിവാഹിതരല്ലാത്തവര്‍ക്ക് കൂടുതല്‍ നികുതി ചുമത്തുകയും ചെയ്യുന്ന സമ്പ്രദായവുമുണ്ടായി. ആണിന് യുദ്ധം, പെണ്ണിന് പ്രസവം എന്നതായിരുന്നു മൂസോളിനിയുടെ നിർദേശം.

അത് കൊണ്ട് തന്നെ 1933ല്‍ പലാസ്സോ വെനീസിയയില്‍ 93 മാതാക്കളെ കൂടുതൽ മക്കളെ പ്രസവിച്ചതിന്റെ പേരിൽ ആദരിക്കുകയും ചെയ്തു. സമാന രീതിയിൽ തന്നെയായിരുന്നു വംശീയതയും ഏകാധിപത്യവും മുഖ മുദ്രയാക്കിയ ഹിറ്റ്ലർ
1933ൽ ജർമനിയിൽ അധികാരത്തിയതിനുശേഷം സ്വന്തം മന്ത്രിസഭയിൽ ജോസഫ്‌ പോൾ ഗീബൽസ്‌ എന്ന പ്രചാരണവിഭാഗം മന്ത്രിയെ നിയോഗിക്കുകയും കള്ളം ആവർത്തിച്ചുകൊണ്ടേയിരുന്നാൽ, അത്‌ സത്യമായി മാറും എന്ന തത്വശാസ്‌ത്രത്തിലധിഷ്ഠിതമായി ഭരണ ക്രമീകരണം നടപ്പാക്കുകയും ചെയ്തത്

നിയോ ഫാസിസം

അധികാരം പിടിച്ചെടുത്തതിനുശേഷം ബൂർഷ്വാ ജനാധിപത്യം നിർത്തലാക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി യുദ്ധത്തിന്റെ മറവിൽ ആയുധ നിർമ്മാണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന നിയോ ഫാസിസം ക്ലാസിക്കൽ ഫാസിസത്തിൽ നിന്ന് വേർ പെട്ടു കിടക്കുന്നു.ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ, മുസോളിനിയുടെ ഇറ്റലിയിലെപ്പോലെയോ ഹിറ്റ്ലറിന്റെ ജർമ്മനിയിലെപ്പോലെയോ വളർന്നുവന്ന ക്ലാസിക്കൽ ഫാസിസത്തിൽ നിന്ന് നിലവിലുള്ള വ്യവസ്ഥയെ വേർതിരിക്കുന്നതാണ് നിയോ ഫാസിസം.

കുത്തക മൂലധനം ഫാസിസ്റ്റ് ശക്തികളെ പൂർണ്ണമായി പിന്തുണക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്. പ്രതിസന്ധി മറികടക്കാനായി ഏറ്റവും തീവ്രമായ നടപടികൾ സ്വീകരിക്കുന്നതിന് കുത്തക മുതലാളിമാർ ഫാസിസ്റ്റ് ശക്തികളെ ഇവിടെ പരിപൂർണ്ണമായും ആശ്രയിക്കുകയും ചെയ്യുന്നു. നവഫാസിസത്തിന്റെ ആദിമ രൂപത്തിൽ ഹിന്ദുത്വ സങ്കുചിത പ്രത്യയശാസ്ത്രം, നവലിബറൽ പ്രതിസന്ധി, വൻകിട ബൂർഷ്വാസിയുടെ താൽപര്യമനുസരിച്ച് അമിതാധികാരം അടിച്ചേൽപ്പിക്കൽ എന്നിവ ഉൾപ്പെടുന്നവയാണ്.

1930 കളിൽ നിന്ന് വ്യത്യസ്തമായി സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങൾ ഇപ്പോൾ ആഗോള ധനമൂലധനത്തിന്റെ വളർച്ച കാരണം നിശബ്ദമായിരിക്കുന്നു. അതുകൊണ്ട് സാമ്രാജ്യത്വ ശത്രുക്കൾമൂലം നവഫാസിസ്റ്റ് ഭരണകൂടങ്ങൾ യുദ്ധത്തിന് മുതിരാറുമില്ല എന്നൊരു പ്രത്യേകതയും ഇവിടെയുണ്ട്. നവഫാസിസ്റ്റ് പാർട്ടികൾ അവരുടെ രാഷ്ട്രീയ ദൗത്യവുമായി മുന്നേറുന്നതിനായി തിരഞ്ഞെടുപ്പുകളെ ഉപയോഗിക്കുകയും പ്രതിപക്ഷത്തെ അടിച്ചമർത്തുകയും, നേട്ടങ്ങൾ കൈവരിക്കുന്നതിനുവേണ്ടി അമിതാധികാര രീതികൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

ആർ എസ് എസ് ഫാസിസം

ആർ എസ് എസ് താത്വികാചാര്യൻ എം എസ് ഗോൾ വാൾക്കർ രാഷ്ട്രം എന്ന പദം ഉൾക്കൊള്ളുന്ന ആശയത്തെ അഞ്ച് വ്യത്യസ്ത ഘടകങ്ങളുടെ സങ്കലനമായി വിലയിരുത്തിയിരിക്കുന്നു. ഭൂമിശാസ്ത്രപരം (രാജ്യം),വംശീയം (വംശം), മതപരം (മതം), സാംസ്കാരികം (സംസ്കാരം),ഭാഷാപരം (ഭാഷ) എന്നിവയാണവ. ഭാരതം, ഹിന്ദു ,സംസ്കൃതം എന്നീ മൂന്ന് ഘടകങ്ങൾക്കുള്ളിൽ നില നിൽക്കുന്ന ഫാസിസ്റ്റ് മനോഭാവം തന്നെയാണ് ഇവിടെ പ്രകടമാവുന്നത്. ഇസ്ലാമികരുടെയും ക്രൈസ്തവരുടെയും പുണ്യസ്ഥലങ്ങൾ ഇന്ത്യക്ക് പുറത്തായതിനാൽ അവരെ പൗരരായി കണക്കാക്കാൻ കഴിയില്ലെന്ന വി ഡി സവർക്കറുടെ വാദ ഗതിയുടെ മറ്റൊരു പതിപ്പായിരുന്നു ഇത്. ആർ എസ് എസിന്റെ സ്ഥാപകരിൽ ഒരാളായ ബി എസ് മൂഞ്ചെ 1931 ൽ ഇറ്റലി സന്ദർശിക്കുകയും തുടർന്ന് ഇറ്റാലിയൻ ഫാസിസ്റ്റ് യുവജന സംഘടന ‘ബല്ലില’യിൽ നിന്ന് അവരുടെ സംഘടന സംവിധാനങ്ങൾ പഠിക്കുകയും ചെയ്തു.


ഈ അവസരത്തിൽ മുസോളിനിയെയും മൂഞ്ചേ സന്ദർശിക്കുന്നുണ്ട്. ഫാസിസ്റ്റ് ആശയങ്ങൾ ആർ എസ് എസിൽ ഇത്ര തീവ്രമായി സ്വാധീനം ചെലുത്തിയതിന് പിന്നിൽ മൂഞ്ചെയുടെ ഈ സന്ദർശനം നിമിത്തമായി എന്നതാണ് സത്യം .’ബല്ലില’ യെ പ്രശംസിച്ചുകൊണ്ട് ഇന്‍ഡ്യയിലെ പൊതുമണ്ഡലങ്ങളില്‍ തന്റെ സ്വരമുയര്‍ത്തുന്നതില്‍ തനിക്ക് യാതൊരു ശങ്കയുമില്ലെന്നും ‘ബല്ലില’ക്ക് എല്ലാ വിജയാശംസകളും നേരുന്നതായും മൂഞ്ചേയുടെ ഡയറികുറിപ്പുകളിൽ കാണാം. ഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള ഹൈന്ദവ ഏകീകരണമാണ് ആർഎസ്എസ് പ്രഖ്യാപിത നയമായി എന്നും സ്വീകരിക്കുന്നത്.

സി പി ഐ നിലപാട്

ബി ജെ.പി. ഇപ്രകാരം ഒരു ബൂര്‍ഷ്വാ പാര്‍ട്ടി മാത്രമല്ല, ആര്‍.എസ്.എസ്. പ്രതിനിധാനംചെയ്യുന്ന ഫാസിസ്റ്റ് ആശയങ്ങളുടെ വക്താക്കളാണ് എന്നതിനാലും അടിമുടി ഫാസിസ്റ്റ് സ്വഭാവത്തിൽ അധിഷ്ഠിതമായ ആർ എസ് എസ് ആശയങ്ങളാണ് ബിജെപി ഗവണ്മെന്റിനെ നിയന്ത്രിക്കുന്നത് എന്നതിനാലും സിപിഐ മോദി ഗവണ്മെന്റിനെ ഫാസ്സിസ്റ്റ് ആയിട്ടാണ് വിലയിരുത്തുന്നത്.

ദേശത്തിന്റെ യഥാർത്ഥ അവകാശികളായി ഒരു പ്രത്യേക വിഭാഗത്തെ മാത്രം കണക്കാക്കുകയും അവർക്ക് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠത കല്പിക്കുകയും ദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ തകർച്ചക്ക് കാരണം പ്രത്യേക വംശീയ വിഭാഗത്തിൽ പെട്ടവരാണെന്ന് വിലയിരുത്തി അവരെ ഉന്മൂലനം ചെയ്യുകയോ രണ്ടാംകിടക്കാരാക്കി മാറ്റുകയോ ചെയ്യുന്ന ഫാസിസത്തിന്റെ രാഷ്ട്രീയ പദ്ധതി തന്നെയാണ് ഇന്ത്യയിൽ മോദി സർക്കാർ ഭരണ കാലയളവിൽ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും സി പി ഐ വിലയിരുത്തുന്നു.


ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഫാസിസ്റ്റിക്കായി മാറുകയും അത് തീവ്ര വർഗീയ അജൻഡ ഇന്ത്യയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യം സി പി ഐ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ബി.ജെ.പി ഭരണത്തെ ഫാസിസ്റ്റെന്നു വിശേഷിപ്പിച്ചുകൂടാ എന്ന വാദത്തെ തീർത്തും സി പി ഐ നിരാകരിക്കുന്നു.

സി പി എം നിലപാട്

ബിജെപി – ആർഎസ്എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ‘നവഫാസിസ്റ്റ് സവിശേഷതകൾ പ്രദർശിപ്പിക്കുന്ന’ ഹിന്ദുത്വ – കോർപ്പറേറ്റ് അമിതാധികാര ഭരണമാണെന്നാണ് സി പി എം ഭാഷ്യം.2016ൽ ‘ഫാസിസവും ഇന്ത്യൻ ഭരണവർഗവും’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടായിരുന്നുവെന്നോർക്കണം.

ഇന്ത്യയിൽ നിലവിലുള്ള അവസ്ഥയിൽ, രാഷ്ട്രീയമായോ സാമ്പത്തികമായോ വർഗാടിസ്ഥാനത്തിലോ ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ലെന്നും കാരാട്ട് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അത് കൊണ്ട് തന്നെയാണ് മോദി ഗവൺമെന്റ് ഒരു ഫാസിസ്റ്റോ നവഫാസിസ്റ്റ് ഗവൺമെന്റോ അല്ലെന്ന് സി പി എം വിലയിരുത്തുന്നത്.

ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റ് ഭരണകൂടമെന്ന് വിശേഷിപ്പിക്കാതെ ആർ.എസ്.എസിന്റെ രാഷ്ട്രീയ ഘടകമായ ബി.ജെ.പിയുടെ തുടർച്ചയായ ഭരണത്തിൻ കീഴിൽ അവർക്ക് രാഷ്ട്രീയാധികാരത്തിന്റെ ദൃഢീകരണം സംഭവിച്ചിട്ടുണ്ട് എന്ന് പ്രഖ്യാപിക്കുകയാണവർ.

പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്താനുള്ള ത്വരയും പ്രകടമാക്കുന്നത് നവഫാസിസ്റ്റ് സ്വഭാവമാണെന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് കരട് പ്രമേയത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ചു കൊണ്ടാണ് നവഫാസിസ്റ്റ് സ്വഭാവങ്ങളുടെ പ്രകടനം എന്നതുകൊണ്ടുള്ള ഉദ്ദേശം ഫാസിസത്തിലേക്കുള്ള പ്രവണത എന്നത് മാത്രമാണെന്ന് ഭേദഗതി വരുത്തിയിരിക്കുന്നത് പാർട്ടി.

ഫാസിസവും നവഫാസിസവും ക്ലാസ്സിക്കൽ ഫാസിസവും ആർ എസ് എസ് ഫാസിസവും ബിജെപി ഭരണത്തെ സംബന്ധിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ വ്യത്യസ്ത നിലപാടുകളും വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ചരിത്ര വിദ്യാർത്ഥികൾ ഗൗരവകരമായ പഠനങ്ങൾക്കും ആശയ സംവാദങ്ങൾക്കും വിധേയമാക്കേണ്ടതുണ്ട്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares