കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂർത്തിയായ ശേഷം വെളിപ്പെടുത്തിയെന്ന കാരണത്താൽ കേസിൽ അലംഭാവം കാണിക്കരുതെന്ന് ഹൈക്കോടതി. ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസെടുത്താൽ സംഭവം വെളിപ്പെടുത്താൻ വൈകിയെന്ന പേരിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടാകരുതെന്നാണ് ജസ്റ്റിസ് പിബി സുരേഷ്കുമാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്ക്കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മകൾക്കിപ്പോൾ 25 വയസ്സുണ്ടെന്നും കുട്ടിക്കാലത്തുണ്ടായ പീഡനത്തെ കുറിച്ചുള്ള പരാതി വർഷങ്ങൾക്ക് ശേഷമാണ് ഉന്നയിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. പരാതി നൽകാൻ കാലതാമസമെടുത്തന്നും സാക്ഷിമൊഴികളിൽ അവ്യക്തതയുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാൽ കൊല്ലുമെന്ന ഭീഷണിയുണ്ടായതിനെ തുടർന്നാണ് അമ്മയോട് പോലും കുട്ടി ഇക്കാര്യങ്ങൾ പറായാതിരുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ഇത്തരം കേസുകളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ല. ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനെന്നും കോടതി അഭിപ്രായപ്പെട്ടു.
കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി