ഡൽഹി: ഡൽഹി സർക്കാരിനെതിരെ വീണ്ടും കേന്ദ്ര സർക്കാർ. ഡൽഹി നിയമസഭാ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. റാണി ഝാൻസി ഫ്‌ളൈഓവർ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് നിയമസഭാ സെക്രട്ടറി രാജ് കുമാറിന് എതിരെ നടപടി സ്വീകരിച്ചത്. രാജ് കുമാർ ലാന്റ് അക്യസിഷൻ കളക്ടറായിരിക്കെയായിരുന്നു പദ്ധതി നടപ്പാക്കിയത്.
വടക്കൻ ഡൽഹിയിൽ 724 കോടി രൂപ ചെലവിൽ നിർമിച്ച 1.8 കിലോമീറ്റർ ദൂരമുള്ള റാണി ഝാൻസി മേൽപ്പാലം 2018 ലാണ് പൊതു ഉപയോഗത്തിനായി തുറന്നത്. അഴിമതിയാരോപണങ്ങളും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം ഏകദേശം 20 വർഷത്തെ കാലതാമസം മേൽപ്പാലം നിർമാണത്തിൽ നേരിട്ടിരുന്നു. പാലവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കാൻ 2022 നവംബറിൽ ലോക്പാൽ ബെഞ്ച് കേന്ദ്ര വിജിലൻസ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി (എൻസിസിഎസ്എ) 2023 സെപ്റ്റംബറിൽ ഡൽഹി നിയമസഭാ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു.
എന്നാൽ, പഴയൊരു കേസിൽ ആഭ്യന്തര മന്ത്രാലയം നടപടി എടുക്കും മുൻപ് തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്ന് രാജ് കുമാർ പ്രതികരിച്ചു. പഴയ ഒരു ആരോപണത്തിന്റെ പേരിൽ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചു. എന്നാൽ അതിൽ വിശദീകരണം നൽകാൻ അവസരം ലഭിച്ചില്ല. ഇപ്പോഴത്തെ നടപടിയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. ഡൽഹി ആൻഡമാൻ നിക്കബാർ ദ്വീപ് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് രാജ് കുമാർ.