ലോക്സഭ തിരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുമ്പോൾ, ഡൽഹിയിൽ കർഷക സമരത്തിന്റെ രണ്ടാം വരവിന് ഇന്ന് തുടക്കം കുറിയ്ക്കുകയാണ്. അവകാശ പോരാട്ടത്തിനായി പഞ്ചാബിലേയും ഹരിയാനയിലേയും ഉത്തർപ്രദേശിലും കർഷകർ വീണ്ടും ഡൽഹിയിലെ തെരുവുകളിൽ സമര രംഗത്തിറങ്ങാൻ പോകുന്നു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥൻ കമ്മീഷനിലെ നിർദേശങ്ങളായ കാർഷിക പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കണം, കർഷക സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ടവർക്ക് നീതി നടപ്പിലാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകൾ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ ഡൽഹിയിലേക്ക് വീണ്ടും സമരത്തിനെത്തുന്നത്. സംയുക്ത കിസാൻ മോർച്ച , കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ‘ദില്ലി ചലോ’ എന്ന പേരിൽ മാർച്ച് സംഘടിപ്പിക്കുന്നത്.
ഒന്നാം കർഷക സമരത്തിൽ, കർഷകർക്ക് മുന്നിൽ അടിയറവ് പറഞ്ഞ മോദിയും അമിത് ഷായും കർഷകരുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനുളള വഴികൾ മുൻകുട്ടി നെയ്തെടുത്തു തുടങ്ങി. അതിന്റെ ആദ്യഘട്ടമെന്നോണമായിരുന്നു ചരൺ സിങിന് ഭാരത രത്‌ന നൽകിയത്. ഇതിലൂടെ അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് സിങ് നയിക്കുന്ന ആർഎൽഡിയെ ബിജെപിക്കൊപ്പം ചേർക്കുകയായിരുന്നു ലക്ഷ്യം. പശ്ചിമ യുപിയിലെ ജാട്ട് വിഭാഗത്തിനിടയിൽ ആർഎൽഡിക്ക് നല്ല സ്വാധീനമാണുളളത്. എന്നാൽ, ഇടത്തരം കർഷകരായ ജാട്ട് വിഭാഗക്കാരാണ് മോദിക്കെതിരെ ആദ്യഘട്ടം മുതൽ സമരത്തിലുളളത്. രാകേഷ് ടികായത് അടക്കമുള്ള ജാട്ട് കർഷക നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പതിവ് പല്ലവിയെന്നോണം, കർഷ സമരം തകർക്കാനായി പൊലീസ് സേനയം രംഗത്തിറക്കിയിരിക്കുകയാണ്.
അംബാല അതിർത്തിയിൽ ആയിരക്കണക്കിന് പൊലീസുകാരെയാണ് കർഷകർക്കെതിരെ അണിനിരത്തിയിരിക്കുന്നത്. മൂന്നു ലെയർ ബാരിക്കേഡുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സമര സ്ഥലത്തേക്ക് ട്രാക്ടറുകൾ കടത്തിവിടില്ലെന്നാണ് പൊലീസ് പറയുന്നത്. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ത്, ഹിസാർ, ഫതേഹാബാദ്, സിർസ ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ഇന്ന് മുതൽ റദ്ദാക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ കർഷകർ ഉയർത്തുന്ന ഈ വെല്ലുവിളിയെ മോദിയും അമിത് ഷായും അടങ്ങുന്ന ബിജെപി സർക്കാർ എങ്ങനെ പ്രതിരോധിക്കുമെന്നാണ് രാജ്യം നോക്കി കാണുന്നത്. ഒരു വർഷ കാലയളവിൽ ഡൽഹിയിലെ മഞ്ഞും മഴയും നേരിട്ടു കൊണ്ട് മോദിയെ മുട്ടു കുത്തിച്ച് തങ്ങൾ നേടിയെയുത്ത അവകാശങ്ങൾ തടഞ്ഞു വയ്ക്കുകയാണ് ബിജെപി സർക്കാർ. രാജ്യദ്രോഹികളെന്നും ഖാലിസ്ഥാൻ ഭീകരവാദികളെന്നും മുദ്ര കുത്തി കർഷകരെ അടിച്ചൊതുക്കാൻ മോദി ഇറങ്ങി പുറപ്പെട്ടപ്പോൾ, അതിലൊന്നും തകരാതെ അവകാശ പോരാട്ടത്തിൽ അടിയുറച്ചു നിന്ന് കർഷകർ വീണ്ടും ഡൽഹിയിലെ തെരുവുകളെ പ്രകമ്പനം കൊളളിക്കാമെത്തുമ്പോൾ മോദി ഭയപ്പെടുക തന്നെ വേണം. ആദ്യ സമരത്തിന് സമാനമായ രീതിയിൽ, ഭക്ഷണങ്ങളും വസ്ത്രങ്ങളും ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ചും,അങ്ങനെ എല്ലാ സജ്ജീകരണങ്ങളോടെയാണ് കർഷകർ സമരത്തിനെത്തുന്നത്.