കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ പ്രക്ഷോഭം രണ്ടു ദിനം പിന്നിട്ടു. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുക, എം എസ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കർഷകർ ദില്ലി ചലോ മാർച്ചിൽ ഉന്നയിക്കുന്നത്. 2020ലെ വൈദ്യുതി നിയമം റദ്ദാക്കണം, ലഖിംപൂർഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണം, കർഷകസമരത്തിൽ ഉൾപ്പെട്ടവർക്കെതിരായ കേസുകൾ പിൻവലിക്കണം എന്നിവയും ദില്ലി ചലോ മാർച്ചിലെ പ്രധാന ആവശ്യങ്ങളാണ്. കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ, അർജുൻ മുണ്ട എനിവരുമായി ചണ്ഡിഗഢിൽ നടത്തിയ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരമാകാത്തതിനെ തുടർന്നായിരുന്നു കർഷകർ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
ചർച്ചയിൽ 2020- 21 പ്രക്ഷോഭത്തിൽ കർഷകർക്ക് എതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. അതോടൊപ്പം മിനിമം താങ്ങുവിലയ്ക്കായി നിയമനിർമാണം, കടം എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ നിഷേധാത്മക സമീപനം തുടരുകയായിരുന്നു.
ഒന്നാം കർഷക പ്രക്ഷോഭ സമയത്ത് കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച കേന്ദ്ര സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചും ഇരുമ്പാണികൾ റോഡിൽ നിരത്തിയും ബാരിക്കേഡുകൾക്ക് പുറമെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചും ഇന്റർനെറ്റ് സേവനം നിർത്തലാക്കിയും സ്റ്റേഡിയങ്ങൾ ജയിലുകളാക്കിയും സമരത്തെ അടിച്ചമർത്താൻ വമ്പിച്ച സേനയെ വിന്യസിച്ചും ഫാസിസ്റ്റ് ശൈലിയിൽ മാർച്ചിനെ നേരിടാനാണ് തുടക്കം മുതൽ ശ്രമിച്ചത്.
കർഷക സമരത്തോട് ഡൽഹി സർക്കാരും പഞ്ചാബ് സർക്കാരും അനുഭാവപൂർണ്ണമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ
ഹരിയനയിലെ ബിജെപി സർക്കാർ സ്വീകരിക്കുന്നത് സമരക്കാർക്കെതിരായ നിലപാടാണ്. സമരത്തിന്റെ ആദ്യ ദിനം പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് ട്രാക്ടർ – ട്രോളികളിൽ നീങ്ങിയ കർഷകരെ അതിർത്തിയിൽ ബലമായി തടയുകയായിരുന്നു ഹരിയാന പോലീസ്. തുടർന്ന് പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭു കുർദിൽ കർഷകരും പോലീസും തമ്മിൽ കടുത്ത സംഘർഷം ഉടലെടുക്കുകയുണ്ടായി. ബാരിക്കേഡുകൾ എടുത്തു മാറ്റി പാലത്തിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് സമരക്കാർക്ക് നേരെ വ്യാപകമായി കണ്ണീർ വാതകം പ്രയോഗിച്ചു.
പഞ്ചാബ് അതിർത്തിയിൽ കർഷകർക്ക് നേരെ പോലീസ് വെടിയുതിർത്തുവെന്നും പോലീസ് നടപടിയിൽ അതിർത്തി സംഘർഷത്തിൽ ഇരുന്നൂറോളം കർഷകർക്ക് പരിക്ക് പറ്റിയതായും കർഷക നേതാക്കൾ ആരോപിച്ചിട്ടുണ്ട്.
സമരത്തെ നേരിടാൻ പോലീസ് ഒരുക്കിയിരിക്കുന്ന യുദ്ധ സമാനമായ പ്രതിരോധ സംവിധാനങ്ങളെ വക വെക്കാതെ സമരവുമായി മുന്നോട്ട് പോവുക തന്നെയാണ് കർഷകർ, സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് സമരത്തെ നിർവീര്യമാക്കാനുള്ള ശ്രമവും ഇടക്ക് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായി. അതിനിടെ കർഷകർക്ക് പിന്തുണയുമായി നിരവധി സംഘടനകൾ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
കോർപറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കാർഷികോൽപന്നങ്ങളുടെ മേൽ ആധിപത്യ ശക്തികളുടെ സ്വാധീനം ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക മേഖല. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ഉപജീവനമാർഗ്ഗവും കൃഷി തന്നെ. മൊത്തം വരുമാനത്തിന്റെ 54 ശതമാനവും കാർഷിക മേഖലയിലാണ്. ന്യായ വില നൽകിയുള്ള സംഭരണത്തിൽ നിന്നുമുള്ള സർക്കാരിന്റെ പിന്മാറ്റവും സബ്‌സിഡികളുടെ ഘട്ടം ഘട്ടമായുള്ള നിഷ്കാസനവും കാർഷികത്ത കർച്ചക്ക് ആക്കം കൂട്ടി. സ്വാമി നാഥ കമ്മീഷൻ ശുപാർശ പ്രകാരം ഉത്പാദന ചെലവും അതിന്റെ 50 ശതമാനവും കൂട്ടിച്ചേർത്ത് താങ്ങുവില നൽകുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും വിള ഇൻഷുറൻസ് ഉറപ്പുവരുത്തുമെന്നും കർഷക ആത്മഹത്യകൾക്ക് അന്ത്യം കുറിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ ജലരേഖയായി മാറിക്കൊണ്ടിരിക്കുമ്പോൾ പോരാട്ടമല്ലാതെ മാർഗ്ഗമില്ലെന്ന തിരിച്ചറിവിൽ തോൽക്കാൻ മനസ്സില്ലാത്തവരുടെ നിശ്ചയ ദാർഢ്യവുമായി അന്ന ദാതാക്കൾ പൊരുതുക തന്നെയാണ്!