കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിൽ അതിര്‍ത്തികളില്‍ വ്യാപക സംഘര്‍ഷം. രാത്രിയിലും വിവിധയിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി. ഹരിയാനയിലെ ശംഭു അതിര്‍ത്തിയിൽ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ഇവിടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ പോരാട്ടം തുടരുകയാണ്. പ്രതിഷേധക്കാരെ അകറ്റി നിർത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടർച്ചയായി ഗ്രനേഡ് പ്രയോഗിച്ചിരുന്നു.
അതേസമയം, പഞ്ചാബ് അതിർത്തിയിൽ പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തുവെന്ന് കർഷകർ ആരോപിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളിലായി 200 ൽ അധികം കർഷകർക്ക് പരിക്കേറ്റുവെന്നും കർഷകർ പറഞ്ഞു. എന്തൊക്കെ ചെയ്താലും നാളെ മുന്നോട്ട് പോകും എന്നും പരിക്കേറ്റ കർഷകർ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ, ഹരിയാനയില്‍ ഇന്‍റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് രാവിലെ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും ഹരിയാനയിൽനിന്നും ഡൽഹിയിലേക്ക് തിരിച്ചത്. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കർഷകരുടെ സമരത്തിന് ഡൽഹി സർക്കാരിന്‍റെയും പഞ്ചാബ് സർക്കാരിന്‍റെയും പിന്തുണയുണ്ട്. ബവാന സ്റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്ര ആവശ്യം ഡൽഹി സർക്കാർ തള്ളി. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. ഹരിയാന അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ് .7 ജില്ലകളിൽ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
താങ്ങുവില ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് കർഷകർ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കർഷകർ രണ്ടായിരം ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരുമായി പരമാവധി സഹകരിച്ചുവെന്ന് കർഷക സംഘടന നേതാക്കൾ മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി പറഞ്ഞു. 5 മണിക്കൂർ മന്ത്രിമാരുമായി ചർച്ച നടത്തി. ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളിലും പൊലീസും ജലപീരങ്കിയുമുണ്ട്.ഹരിയാനയിലെ കർഷകരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും കർഷക സംഘടന നേതാവ് സർവൻ സിങ് പാന്തർ ആരോപിച്ചു. കർഷക സമരം കണക്കിലെടുത്ത് ഡൽഹിയിലെ ഉദ്യോഗ് ഭവൻ മെട്രോയിലെ പാർലമെന്റ്, സെൻട്രൽ സെക്രട്ടറിയേറ്റ് പരിസരത്തെ മൂന്നു ഗേറ്റുകൾ അടച്ചിരിക്കുകയാണ്.