പ്രധാനമന്ത്രി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ രജിസ്റ്റർ ചെയ്ത പരാതിയിൽ എന്ത് നടപടി എടുത്തെന്ന് പോലീസ് വ്യക്തമാക്കണമെന്നറിയിച്ച് ഡൽഹി കോടതി നിർദേശം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണറാലിയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷപ്രസംഗത്തിന് എതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന റിപ്പോർട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കിയത്. സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കാർത്തിക് താപരിയയാണ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
വിദ്വേഷ പ്രസംഗത്തിന് എതിരെ പരാതി കിട്ടിയിട്ടുണ്ടോ?, ആ പരാതിയിൽ അന്വേഷണം നടത്തിയോ?, അന്വേഷണം നടത്തിയെങ്കിൽ പരാതിയിൽ പറഞ്ഞിട്ടുള്ളത് പോലെയുള്ള കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയോ?, അങ്ങനെ കുറ്റം നടന്നിട്ടുണ്ടെങ്കിൽ എന്ത് നടപടി സ്വീകരിച്ചു? – തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു റിപ്പോർട്ട് നൽകാനാണ് ഡൽഹി പൊലീസിന് കോടതി നിർദേശം നൽകിയത്. പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗം പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടികാണിച്ച് കുർബാൻ അലി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.