2020-ലെ ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യ ഹർജി വീണ്ടും തള്ളി. ഡൽഹി കർകർദുമ കോടതിയാണ് ഹർജി തള്ളിയത്. യുഎപിഎ കേസിൽ 2020 സെപ്റ്റംബർ മുതൽ ഉമർ ജയിലിൽ കഴിയുകയാണ്. കേസിലെ കാലതാമസം ചൂണ്ടിക്കാണിച്ചാണ് ഉമർ ജാമ്യം തേടിയത്. സുപ്രീംകോടതിയിൽ നൽകിയിരുന്ന ജാമ്യഹർജി ഉമർ ഖാലിദ് നേരത്തെ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയിൽ ജാമ്യഹർജിയുമായി എത്തിയത്.
ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2020 സെപ്റ്റംബറിൽ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ജെഎൻയുവിലെ മുൻ ഗവേഷക വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 13, 16, 17, 18, 1959 ലെ ആയുധ നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ പ്രകാരമാണ് ഉമറിനെതിരെ കേസ്.
2022 മാർച്ചിൽ കർകർദൂമ കോടതി ഖാലിദിൻറെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബറിൽ ഡൽഹി ഹൈക്കോടതിയും തള്ളി. 2023ഏപ്രിൽ മുതൽ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 10 മാസത്തിനിടെ 14 തവണ ജാമ്യ ഹരജിയിൽ തീരുമാനമെടുക്കുന്നത് മാറ്റുകയായിരുന്നു. ഇതോടെയാണ് വിചാരണക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകുകയാണെന്നും ഹർജി പിൻവലിക്കുകയാണെന്നും ഉമറിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചത്.