ന്യൂഡൽഹി: ലൈംഗിക പീഡനാരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഗുസ്തി താരങ്ങള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കേന്ദ്രസർക്കാർ നൽകിയ ഉറപ്പിന്മേലാണ് ഗുസ്തി താരങ്ങൾ അവർ നടത്തിവന്നിരുന്ന സമരം താത്കാലികമായി നിർത്തിവച്ചത്. ജൂണ്‍ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തിതാരങ്ങളുമായി നടത്തിയ ചർച്ചയിലാണ് 15 ന് മുൻപ് അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്.
കേസില്‍ ജൂണ്‍ 15 നകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും 30 നകം ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടതായി അനുരാഗ് ഠാക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഒരു വനിതാ താരത്തിന്റെ നേതൃത്വത്തില്‍ ഗുസ്തി ഫെഡറേഷന്റെ ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ ജൂണ്‍ 15 നകം തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസില്‍ 180 ലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ബിജെപി എം പി ബ്രിജ് ഭൂഷന്റെ വസതിയില്‍ ചെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വീട്ടുജോലിക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ മൊഴി രേഖപ്പെട്ടുത്തുകയും ചെയ്തു. കൂടാതെ കേസിനാധാരമായ സംഭവങ്ങളുടെ ക്രമം പുനഃസൃഷ്ടിക്കുന്നതിനായി ഒരു വനിതാ ഗുസ്തി താരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. നിശ്ചിത കാലയളവില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.