കനത്തെ മഴയിലും കാറ്റിലും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാർച്ച് പത്തിന് ഉദ്ഘാടനം നിർവഹിച്ച ടെർമിനലാണ് വളരെ കുറച്ച് കാലം കൊണ്ട് തകർന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരക്കിട്ട് പണിതീർത്തതാണ് ടെർമിനലിന്റെ തകർച്ചയ്ക്ക് കാരണമായതെന്ന വിമർശനവും ഉയരുന്നുണ്ട്. ടെർമിനൽ ഒന്നിലെ മേൽക്കൂര തകർന്ന് പാർക്ക് ചെയ്തിരുന്ന കാറുകൾക്കുമേൽ പതിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അപകടത്തെ തുടർന്ന് ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. സുരക്ഷയുടെ ഭാഗമായി ചെക്ക് ഇൻ കൗണ്ടറുകളും അടച്ചതായി ഡൽഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സർവീസുകളാണ് ടെർമിനൽ ഒന്നിൽ കൈകാര്യം ചെയ്യുന്നത്. 3 ഫയർ ഫോഴ്സ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.