ടി ടി ജിസ്മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി
1933 ഒക്ടോബർ 4 നായിരുന്നു സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തെ പൗരാവകാശങ്ങൾക്ക് മീതെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയെന്ന നിലയിൽ ജർമനിയിൽ പത്രാധിപർമാരെ നിയന്ത്രിക്കുന്നതിനായുള്ള നിയമം ഹിറ്റ്ലർ രൂപപ്പെടുത്തിയെടുത്തത്. ജർമ്മനിയുടെ മഹത്വത്തെ ഇകഴ്ത്തി കാണിക്കുന്നതൊന്നും രാജ്യത്തിന്നകത്തും പുറത്തും പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന പ്രസ്തുത നിയമത്തെ തുടർന്ന് ഭരണകൂടത്തിനെയോ ഭരണാധികാരിയെയോ വിമർശിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെടുകയായിരുന്നു.
1925ൽ എഴുതിയ തന്റെ ആത്മകഥയായ ‘Mein Kampf’ ൽ ഒന്നാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ പരാജയത്തിന് കാരണം ബ്രിട്ടീഷ് പ്രചാരണങ്ങളാണെന്നാരോപിച്ച് തന്റെ അജണ്ടയിലുള്ള രാഷ്ട്ര നിർമ്മിതിക്ക് ഉതകുന്ന വിധത്തിലുള്ള പ്രചാരണത്തെ അവതരിപ്പിച്ചു കൊണ്ടുള്ള മൂന്ന് അധ്യായങ്ങൾ വായിക്കാൻ കഴിയുന്നുണ്ട്.
‘ഉദ്ദേശിക്കുന്ന തരത്തിലുള്ള ജനാഭിപ്രായ രൂപീകരണത്തിന് വേണ്ടി ഉപയോഗിക്കേണ്ട പ്രചാരണങ്ങളുടെ വിശ്വാസ്യത പ്രശ്നമാക്കേണ്ടതില്ലെന്നും വിജയിയോട് അയാൾ പറഞ്ഞത് സത്യമാണോ എന്ന് ആരും ചോദിക്കുകയില്ലെ’ന്നും തന്റെ പട്ടാള മേധാവികളോട് 1939 ഓഗസ്റ്റ് 22 ന് ഹിറ്റ്ലർ പറഞ്ഞതായി ബ്രിട്ടിഷ് എഴുത്തുകാരനായ ബ്രാഡ്ലി ലൈറ്റ് ബോഡി തന്റെ ‘ The Second World War : Ambitions to Nemesis ‘ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചതായി കാണാം. അപ്രകാരം അതി വൈകാരികതയിൽ പടുത്തുയർത്തപ്പെട്ട ഏകാധിപത്യ ഭരണകൂടം വിമർശനാത്മക മനോഭാവം വെച്ചുപുലർത്തിയ വിദേശ മാധ്യമങ്ങളെ മുഴുവനും ഒരു വർഷത്തിനകം പൂർണമായി നിരോധിച്ചതിലൂടെ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കൃത്യമായി അടയാളപ്പെടുത്തുകയും പ്രകൃതിപരമായ സ്വഭാവത്തിലൂടെ അധികാരത്തെ നില നിർത്താനുള്ള നിതാന്ത ജാഗ്രത സ്വീകരിച്ചു പോരുകയും ചെയ്തു.
തൽഫലമായി വിദേശ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരായ ജൂത മാധ്യമപ്രവർത്തകരെ നിരന്തരം വേട്ടയാടുകയും കീസ്റ്റോൺ, വൈഡ് വേൾഡ് ഫോട്ടോസ് തുടങ്ങിയ ബ്രിട്ടീഷ് –അമേരിക്കൻ ഏജൻസികളുടെ ആപ്പീസുകൾ പൂട്ടിക്കുകയും ഭരണ പക്ഷ അനുകൂല വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിദേശ മാധ്യമങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാ തമാവുകയുണ്ടായി. വിയോജിക്കുന്നവരെ മുഴുവൻ നിർമ്മൂലനം ചെയ്യുകയെന്ന മുസോളനിയുടെ കായിക വിഭാഗമായ ‘ബ്ലാക്ക് ഷെർട്ടേഴ്സ്’ രീതി തന്നെയായിരുന്നു ഹിറ്റ്ലറുടെ നാസി പാർട്ടിക്കും ഉണ്ടായിരുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ് പരിവാർ ഗവണ്മെന്റ് ഭരണ കാലയളവിൽ ഹിറ്റ്ലേറിയൻ മാതൃകയെ മുൻ നിർത്തിയുള്ള വാർത്ത തിരസ്കരണങ്ങൾക്കും വ്യാജ വാർത്ത നിർമ്മിതികൾക്കും പരസ്യമായി നേതൃത്വം കൊടുത്തു കൊണ്ട് മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്.ബിജെപി 2014 ൽ അധികാരത്തിൽ വരുമ്പോൾ ലോകത്തെ 180 രാജ്യങ്ങളുടെ പട്ടികയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ യുടെ സ്ഥാനം 140 ആയിരുന്നുവെങ്കിൽ മോദി ഭരണത്തിൻ കീഴിൽ 2023 ൽ 161ാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.
സമ്മർദത്തിൽ ജീവിക്കുന്ന മാധ്യമ പ്രവർത്തകർ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്’ (സി പി ജെ) മുൻപ് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. രാജ്യത്തെ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും പ്രലോഭനങ്ങളിലൂടെയും അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്ത് കൊണ്ടുള്ള നിയമ നടപടികളിലൂടെയും സംഘ്പരിവാറിന്റഅജണ്ടകൾക്കനുസൃതമായി രൂപാന്തരപ്പെടുത്താനും വിമർശനാത്മകമായതൊന്നും വെളിപ്പെടുത്താതെ
ഭരണകൂട സമ്മർദ്ദങ്ങൾക്ക് വിധേയപ്പെടാനും സമരസപ്പെടാനുമുള്ള അടിമത്ത മനോഭാവം സൃഷ്ടിക്കുന്നതിനുമുള്ള ആസൂത്രിത നീക്കങ്ങൾ തകൃതിയായി നടപ്പാക്കുകയും ചെയ്യുന്നു.
ദേശീയ മാധ്യമങ്ങളടക്കം ഫാസിസ്റ്റ് നയങ്ങളോട് നില നിൽപ്പിന്റെ ഭാഗമായി അനുരഞ്ജനപ്പെട്ടു പോകാൻ സജ്ജരായിരിക്കുന്ന വർത്തമാന പശ്ചാത്തലത്തിൽ ഭരണ കൂട ഭീകരതക്കെതിരെയുള്ള നിർഭയ പോരാട്ടത്തിലൂടെ വ്യത്യസ്തനാവുകയാണ് ധ്രുവ് റാഠിയെന്ന ഇരുപത്തിയൊൻപത് കാരൻ യുവാവ്. ഹരിയാനയിലെ ജാട്ട് കുടുംബത്തിൽ ജനിച്ചു വളർന്ന ധ്രുവ് റാഠി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജർമനിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുകയും 2014ൽ ട്രാവൽ വ്ളോഗറായി തുടക്കം കുറിച്ച് അനന്തരം ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന തരത്തിലേക്ക് തന്റെ ചാനലിനെ മാറ്റുകയുമായിരുന്നു.
പത്ത് വർഷം കൊണ്ട് 18.7 മില്യൺ കാഴ്ചക്കാരെ ധ്രുവ് സമ്പാദിച്ചു എന്നാണ് കണക്ക്. ഒരൊറ്റ ദിവസത്തിനുള്ളിൽ പതിനൊന്ന് മില്യൺ ആളുകൾ വരെ വീഡിയോ കാണുന്നു. ഫാസിസത്തിനും കോർ പറേറ്റ് വത്കരണത്തിന്നുമെതിരായ കേവല പ്രസ്താവനകളും പ്രസംഗങ്ങളുമല്ല ഭരണ കൂട ഭീകരതക്കെതിരിലുള്ള പ്രതിരോധ നിര രൂപപ്പെടുത്തിക്കൊണ്ട് വരികയും ചെയ്യുന്നുണ്ട് അദ്ദേഹം. ബ്രാഹ്മണിക്കൽ – പുരുഷാധിപത്യ – ഹിന്ദു മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയിൽ നിർവചിക്കപ്പെട്ട ദേശീയതയെ മുഖ മുദ്രയാക്കിക്കൊണ്ട് പ്രയോഗ വത്കരിക്കാൻ ശ്രമിക്കുന്ന ബഹുമുഖമായ ആക്രമണോൽസുകതക്കെതിരെ നിശ്ചയദാർഢ്യത്തോടെയുള്ള ചെറുത്തുനിൽപ്പിന് തന്റെ രാഷ്ട്രീയ വീഡിയോകളിലൂടെ ഉറക്കെ ആഹ്വാനം ചെയ്യുകയാണ് ഈ പോരാളി.
വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കുന്ന ‘കേരള സ്റ്റോറി’ യിലൂടെ സംഘ് പരിവാറും തല്പര കക്ഷികളും പ്രചരിപ്പിച്ച വ്യാജ പ്രചാരണങ്ങൾ പൊളിച്ചടുക്കിയാണ് ധ്രുവ് റാഠിയെന്ന യൂട്യൂബർ മലയാളികൾക്ക് ഉൾപ്പെടെ കൂടുതൽ പരിചിതനാകുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമ കേരളത്തെ അപമാനിക്കുവാനും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അപകീർത്തിപ്പെടുത്തുവാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളുടെ ഭാഗവും മതേതര സമൂഹത്തിനുള്ളിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പെന്ന പതിവ് സംഘ് പരിവാർ അജണ്ട ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം വീഡിയോയിൽ സംശയ രഹിതമാം വിധം പ്രഖ്യാപിക്കുന്നുണ്ട്. പ്രണയവും വിവാഹവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗവും പ്രസ്തുത സംവിധാനങ്ങളെ നിർവചിക്കുവാനും പ്രയോഗവത്കരിക്കുവാനുമുള്ള സ്വാതന്ത്ര്യം അതാത് വ്യക്തികളിൽ നിക്ഷിപ്തവുമാണെന്നിരിക്കെ ഭരണഘടന വിഭാവന ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്രത്തെയും കാണാതെ ബഹുസ്വര സമൂഹത്തിൽ സർവ സാധാരണമായ മിശ്ര വിവാഹത്തെ അവമതിക്കുകയും അതൊരു മതത്തെ ഏക പക്ഷീയമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ചിലരുടെ ഹിഡൻ അജണ്ടയാണെന്നൊക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നതിലെ ആശയ പാപ്പരത്തത്തെ കൃത്യമായി വീഡിയോയിൽ തുറന്നു കാട്ടുന്നുണ്ട്.
‘എ ഡിക്റ്റേറ്റർ മെന്റാലിറ്റി’ എന്ന ധ്രുവ് റാഠിയുടെ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോക്ക് പത്ത് മണിക്കൂറിൽ 40 ലക്ഷം കാഴ്ചക്കാരാണുണ്ടായിരിക്കുന്നത്. പ്രധാന മന്ത്രിയുടെ ഫാസിസ്റ്റ് സമീപനങ്ങളും രാഷ്ട്രീയ കൗശലങ്ങളും വിമർശന വിധേയമാക്കിക്കൊണ്ടുള്ള പ്രസ്തുത വീഡിയോ മന ശാസ്ത്രജ്ഞനായ ആശിഷ് നന്ദിയും മോദിയും തമ്മിൽ 1996 ൽ നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് ആരംഭിക്കുന്നത്. പ്രധാന മന്ത്രിയുടെ അവസരവാദവും രാഷ്ട്രീയ നിലപാടുകളിലെ സ്ഥിരതയില്ലായ്മയും മോദി ഭരണത്തെ സംബന്ധിച്ച വിമർശനാത്മക വീക്ഷണത്തോടെയുള്ള വസ്തുതാ പരിശോധനയും വീഡിയോയിൽ ദർശിക്കാം.
ഇലക്ടറൽ ബോണ്ട് വിവാദം, ഇന്ത്യയിലെ ഔഷധ വ്യവസായവും സർക്കാരും തമ്മിലുള്ള ബന്ധം, കർഷക സമരം, രാമക്ഷേത്ര വിഷയം , മണിപ്പുർ കലാപം, ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിലെ കേന്ദ്ര നിലപാട്, അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലും ധ്രുവ് പ്രകടിപ്പിച്ചത് മുതലാളിത്വവും സാമ്രാജ്യത്വവും സമന്വയിപ്പിച്ച ഫാസിസ്റ്റ് ഭരണത്തിന്നെതിരിലുള്ള സുസ്ഥിരമായ രാഷ്ട്രീയ പ്രചരണം തന്നെയായിരുന്നു.
കോർപറേറ്റ് – രാഷ്ട്രീയ അവിശുദ്ധ ചങ്ങാത്തം സൃഷ്ടിച്ച ഘടനയിൽ മാധ്യമങ്ങളെ വിലക്കെടുത്ത് ഭരണ കൂടം തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ വാർത്തകൾ എന്നത് കേവലം ഉത്പന്നങ്ങളായി ചുരുങ്ങുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്.
രാജ്യത്തിന്റെ ഭരണഘടന അടിത്തറയുള്ള ജനാധിപത്യ സംവിധാനത്തെ തന്നെ തകർക്കുന്ന ഫാസിസ്റ്റ് വാഴ്ചക്കെതിരിലുള്ള പോരാട്ടത്തിൽ രാഷ്ട്രീയ‐വിഭാഗീയ‐വാണിജ്യ താൽപര്യങ്ങൾക്കു വശം വദരായി ദേശീയ മാധ്യമങ്ങളടക്കം കുറ്റകരമായ നിസ്സംഗത പുലർത്തുന്ന വേളയിലാണ് ധ്രുവ് റാഠി യെ നാം വിലയിരുത്തേണ്ടത്.
ഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കാനുള്ള ഭരണ കൂട നീക്കങ്ങൾക്കെതിരെയുള്ള നിരന്തര സമരം തന്നെയാണ് ധ്രുവ് റാഠിയുടേത്. ഈ സമരം അദ്ദേഹത്തിന്റേത് മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടേത് കൂടിയാണ്!