തിരുവനന്തപുരം: ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ റവന്യൂ കാർഡ് നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് റവന്യു മന്ത്രി കെ രാജൻ.
വിസ്തൃതി, നികുതി, തണ്ടപ്പേര്, ബാധ്യതകൾ തുടങ്ങി സമഗ്രവിവരങ്ങളും ക്യൂആർ കോഡ് സ്കാനിങ്ങിലൂടെ അറിയാനാകും. അതോടെ ഭൂരേഖകളെല്ലാം ഒരു പ്ലാസ്റ്റിക് കാർഡിൽ കിട്ടുന്ന പുതിയ മാറ്റം രാജ്യത്താദ്യമായി കേരളത്തിൽ യാഥാർത്ഥ്യമാകും.
ഇതിന് മുന്നോടിയായി ജൂൺ മുതൽ റവന്യു ഇ- സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി കുടുബശ്രീ, എസ്‌പിസി, വായനശാലകൾ, വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ, യുവജനസംഘടനകൾ തുടങ്ങി വിളിച്ചു കൂട്ടാവുന്നവരെ വരുത്തി ചെറു സംഘങ്ങളാക്കി മാറ്റി പരിശീലനം നൽകും.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഇവരുടെ സംഘങ്ങൾ രൂപീകരിച്ച് റവന്യു ഇ സാക്ഷരതാ പദ്ധതി നടപ്പിലാക്കും.ഒരു വീട്ടിൽ ഒരാളെയെങ്കിലും അവരുടെ വില്ലേജ് ഓഫിസുകളിൽ നിന്നു ലഭിക്കുന്ന സേവനങ്ങളിൽ അനിവാര്യമായ എട്ട് സേവനങ്ങളെങ്കിലും മൊബൈൽ ഫോണിൽ ചെയ്യാൻ പ്രാപ്തമാക്കുകയാണ് ഇ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം.
പരാതികളില്ലാതെ കൈവശമുള്ള അധിക ഭൂമിക്ക് രേഖകൾ ഉറപ്പാക്കാനുതകുന്ന ഒരു സെറ്റിൽ മെന്റ് ആക്ട് ഈ സർക്കാരിൻ്റെ കാലത്ത് അവതരിപ്പിക്കുമെന്ന് റവന്യുമന്ത്രി വ്യക്തമാക്കി.ഐക്യ കേരളത്തിന്റെ രൂപീകരണത്തിനു ശേഷമുള്ള ആദ്യത്തെ സെറ്റിൽമെൻ്റ് ആക്ടായിരിക്കും ഇത്.സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കി വരുന്ന ഡിജിറ്റൽ റീസർവേ രാജ്യത്താകമാനം വ്യാപിപ്പിക്കാൻ മേയ് മാസം തിരുവനന്തപുരത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സർവേ ഉദ്യോഗസ്ഥന്മാരുടെയും കേന്ദ്രസംസ്ഥാന മന്ത്രിമാരുൾപ്പെയുള്ളവരുടെയും ഒരു നാഷണൽ കോൺക്ലേവ് നടപ്പിലാക്കും.
മലയോര മേഖലയിലെയും ആദിവാസി മേഖലകളിലെയും പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കേന്ദ്രവനം മന്ത്രിയെ കണ്ട് ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പുതിയ ജെവിആറും പുതിയ അപേക്ഷയും എന്ന വാദം കേന്ദ്രം അംഗീകരിച്ചു.
93ലെ ചട്ടങ്ങൾ പ്രകാരം വനംഭൂമി കുടിയേറ്റം നടത്തിയവർക്ക് ലഭ്യമായ ഭൂമി വിതരണം ചെയ്യുക, പുതിയ ഭൂമിക്ക് അപേക്ഷ നൽകുക അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ നടപടികൾക്കൊപ്പം പുതിയ വിവരശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ 59,830 പുതിയ അപേക്ഷകൾ കൂടി ഇപ്പോൾ വന്നിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി റവന്യൂ-വനം വകുപ്പിന്റെ ഉന്നതതല യോഗം 26ന് നടക്കും.
വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ രാവിലെ മുതൽ പൂർണസമയം യോഗം ചേരും. ഏപ്രിലിൽ പുതിയ ജെവി ആർ കേരളത്തിൻ്റെ വനമേഖല യിൽ ആരംഭിച്ച് ഉതനുസരിച്ച് ഭൂമിയുടെ ഉടമസ്ഥന്മാരെ നിശ്ചയിക്കാനാകും.