കാനം മടങ്ങുന്നത് ശുരനാടു കലാപത്തെ കുറിച്ചൊരു സിനിമചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയെന്ന് മലയാള സംവിധായകൻ വിനയൻ. കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ വിജയത്തിനു ശേഷം ഇനി ശുരനാടു കലാപത്തെ കുറിച്ചൊരു സിനിമചെയ്യണമെന്ന് കാനം പറയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയേക്കുറിച്ചും സാഹിത്യത്തേക്കുറിച്ചും ഒക്കെ ആധികാരികമായിട്ട് അദ്ദേഹം ധാരാളം സംസാരിക്കുമായിരുന്നുവെന്നും വിനയൻ വ്യക്തമാക്കി.
എഴുപത്തിമുന്നു വർഷം കൂടെ കൊണ്ടു നടന്ന തന്റെ ഒരു കാലു കൊണ്ടു പോയി. എന്നാൽ അതുകൊണ്ടൊന്നും തന്നെ തോൽപ്പിക്കാനാവില്ല എന്നായിരുന്നു അവസാനമായി അമൃതാ ഹോസ്പിറ്റലിൽ വച്ചു കാനം പറഞ്ഞതെന്ന് വിനയൻ പറഞ്ഞു. കാലില്ലെങ്കിലും നൃത്തം ചെയ്ത് വിസ്മയിപ്പിച്ച നടി സുധാചന്ദ്രനേക്കുറിച്ചും കാലു മുറിച്ചുമാറ്റിയിട്ടും തളരാതെ കർമ്മനിരതനായി പൊരുതി ജീവിച്ച തോപ്പിൽ ഭാസിയെ കുറിച്ചും കാനം സംസാരിച്ചിരുന്നു. പക്ഷേ തോപ്പിൽ ഭാസി മരിച്ച അതേ ദിവസം തന്നെ കാലു കൊണ്ടു പോയ വിധിയുടെ കൂടെ കാനവും യാത്രയായി എന്നു വിനയൻ അപലപിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എഴുപത്തിമുന്നു വർഷം കൂടെ കൊണ്ടു നടന്ന എൻെറ ഒരു കാലു കൊണ്ടു പോയി പക്ഷേ… അതുകൊണ്ടൊന്നും ഞാൻ തോൽക്കില്ല വിനയാ.. എന്നെന്നോടു അമൃതാ ഹോസ്പിറ്റലിൽ വച്ചു കാനം പറഞ്ഞിട്ട് മൂന്നോ നാലോ ദിവസമേ ആയുള്ളു… കാലില്ലെങ്കിലും നൃത്തം ചെയ്ത് വിസ്മയിപ്പിച്ച നടി സുധാചന്ദ്രനേക്കുറിച്ചും കാലു മുറിച്ചുമാറ്റിയിട്ടും തളരാതെ കർമ്മനിരതനായി പൊരുതി ജീവിച്ച തോപ്പിൽ ഭാസിയെ കുറിച്ചും അന്നു ഞങ്ങൾ സംസാരിച്ചു..
പക്ഷേ തോപ്പിൽ ഭാസി മരിച്ച അതേ ദിവസം തന്നെ കാലു കൊണ്ടു പോയ വിധിയുടെ കൂടെ കാനവും യാത്രയായി എന്നു കേട്ടപ്പോൾ തീർത്തും സ്തബ്ധനായിപ്പോയി..
പരസ്പരം ആക്രോശിക്കുകയും പറയാൻ പാടില്ലാത്ത പദപ്രയോഗങ്ങൾ നടത്തുകയും ഒക്കെ ചെയ്യുന്ന രാഷ്ട്രീയ നേതാക്കൻമാർക്കിടയിൽ വേറിട്ട വ്യക്തിത്വമായിരുന്നു സൗമ്യനും സ്നേഹ സമ്പന്നനുമായ കാനം രാജേന്ദ്രൻ..
2008ൽ മലയാള സിനിമ മൊത്തം ഒരുഭാഗത്തും ഞാൻ ഒറ്റക്കു മറുഭാഗത്തും നിന്നു പൊരുതിയ കാലത്താണ് കാനത്തെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്.. സിനിമാക്കാർ എല്ലാം തള്ളിപ്പറഞ്ഞ ആ അവസ്ഥയിൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ്, ഇന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി എന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു..വിനയന്റെ ഭാഗത്താണ് ന്യായം, വിനയന്റെ ഭാഗത്താണ് സത്യം ഞങ്ങൾ കൂടെയുണ്ട്… അതായിരുന്നു കാനം..ഒടുവിൽ സുപ്രീം കോടതി വരെ പോയി നിയമ യുദ്ധം നടത്തി എന്റെ ഭാഗത്തായിരുന്നു ശരിയും സത്യവും എന്ന വിധി വാങ്ങി വന്നപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരാൾ കാനമായിരുന്നു..
ഇന്ത്യയിലെ എല്ലാ പ്രമുഖ സ്റ്റേറ്റുകളിലും സിനിമാതൊഴിലാളികൾക്കായി ട്രേഡ് യൂണിയൻ വന്നതിനു ശേഷം ഏതാണ്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞാണ് 2007ൽ കേരളത്തിലെ സിനിമാ തൊഴിലാളികളുടെ ആദ്യ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷൻ രൂപീകരിച്ചത്..മലയാള സിനിമാ തൊഴിലാളികൾക്കും ടെക്നീഷ്യൻമാർക്കും അവരുടെ സേവന വേതന കാര്യങ്ങളിൽ ന്യായമായ വ്യവസ്തയും വർദ്ധനയും ഉണ്ടാക്കാൻ തുടക്കമിട്ടത് മാക്ട ഫെഡറേഷനാണ്..
സിനിമയിലെ ദിവസക്കുലിക്കാരായ തൊഴിലാളികളോടും ജുണിയർ ആർട്ടിസ്റ്റുകളോടുമുള്ള അവഗണന വലിയ രീതിയിൽ മാറ്റി എടുക്കാനും മാക്ടഫെഡറേഷനു കഴിഞ്ഞു.. പല പ്രമുഖ സിനിമാക്കാർക്കും ആ സംഘടന കണ്ണിലേ കരടായിരുന്നു.. അന്ന് സൂപ്പർസ്റ്റാറായിരുന്ന ഒരു നടൻ കാണിച്ച അച്ചടക്ക ലംഘനത്തിനെതിരെ വിരൽ ചൂണ്ടി എന്ന ഒറ്റ കാരണത്താൽ മലയാള സിനിമയിലെ പ്രമുഖരെല്ലാവരും ആ നടന്റെ കൂടെ മാക്ട ഫെഡറേഷൻ തകർക്കാൻ വേണ്ടി സംഘം ചേർന്നു നിന്നപ്പോൾ അന്ന് ആ സംഘടനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഞാൻ ഒറ്റപ്പെടുക ആയിരുന്നു.. ഇനി സിനിമ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലങ്കിലും.. പാലാരിവട്ടത്ത് തട്ടുകടയിട്ട് ജീവിക്കേണ്ടി വന്നാലും എന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നു പറഞ്ഞ എന്നെ ചേർത്ത് നിർത്തുകയും അഭിനന്ദിക്കുകയും ചെയ്ത കാനം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. മലയാള സിനിമയ്കു മറക്കാൻ പറ്റാത്ത മാക്ട ഫെഡറേഷൻ എന്ന തൊഴിലാളി സംഘടനയുടെ പ്രസിഡന്റായി ചെറിയ കാലയളവിലെങ്കിലും കാനം പ്രവർത്തിച്ചിരുന്നു എന്നത് ചരിത്ര സത്യം.. അന്ന് എഐടിയുസി യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു കാനം.. അവഗണിക്കപ്പെടുന്ന തൊഴിലാളി വിഭാഗങ്ങൾക്കായി എപ്പോഴും ശബ്ദമുയർത്തിയിരുന്ന തൊഴിലാളി നേതാവ്.
ഏതു വിഷയത്തേക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ കഴിവുള്ള, വിവരവും വായനാശീലവുമുള്ള അപുർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കാനം..
യുഎപിഎ നിയമത്തിൻെറ കാര്യത്തിലാണങ്കിലും മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന വിഷയത്തിലാണങ്കിലും കാനം പ്രതികരിക്കുന്നതു കണ്ട് ഞാൻ ആവേശം കൊണ്ടിട്ടുണ്ട്…
ഒരു തിരുത്തൽ ശക്തിയായി നിന്ന് ഇടതുപക്ഷത്തിൻെറ വലിയ പ്രതീക്ഷയായി ഉയർന്ന കാനം ഇടക്കാലത്തു മൗനിയായോ എന്ന് ചോദിച്ച് അദ്ദേഹവുമായി ഞാൻ കലഹിച്ചിട്ടുണ്ട്… അതിനുള്ള സ്വാതന്ത്ര്യം കാനം എനിക്കു തന്നിരുന്നു.. പലപ്പോഴും കാർക്കശ്യമായിപ്പോയ എന്റെ ചോദ്യങ്ങൾക്ക് സ്നേഹത്തിന്റെ ഭാഷയിൽ അദ്ദേഹത്തിന്റേതായ രാഷ്ട്രീയ വിശകലനങ്ങൾ തന്ന് കാനം ആശ്വസിപ്പിച്ചിരുന്നു..
എന്റെ സിനിമാ വിലക്കുകളുടെ കാലത്ത് “ഹോർട്ടി കോർപ്പിന്റെ” ചെയർമാൻ സ്ഥാനം ഞാൻ ഏറ്റെടുക്കാൻ കാരണം കാനത്തിന്റെ നിർബ്ബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു.. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ വിജയത്തിനു ശേഷം ഇനി ശുരനാടു കലാപത്തെ കുറിച്ചൊരു സിനിമചെയ്യണമെന്ന് കാനം പറയുമായിരുന്നു.. സിനിമയേക്കുറിച്ചും സാഹിത്യത്തേക്കുറിച്ചും ഒക്കെ ആധികാരികമായിട്ട് അദ്ദേഹം സംസാരിക്കുമായിരുന്നു.
ഭരണാധികാരത്തിന്റെ കോട്ടകൊത്തളങ്ങളൊന്നും തേടിപ്പോകാത്ത , ജാഢകളൊന്നും ഇല്ലാത്ത മാന്യനായ ഒരു കമ്മ്യൂണിസ്ററ് ആയിരുന്നു കാനം…
കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് കാനം രാജേന്ദ്രൻ എന്ന രാഷ്ട്രീയ നേതാവിന്റെ വേർപാട്.. ഇന്നലെ രാവിലെ വിളിക്കുമ്പോഴും ഇന്ന് കാലിന്റെ കെട്ട് അഴിക്കുമെന്നും.. അധികം വൈകാതെ ആശുപത്രി വിടാമെന്നും ഉള്ള പ്രതീക്ഷയായിരുന്നു..
പക്ഷേ മരണം അപ്രതീക്ഷിതമായി വന്ന് കൂട്ടിക്കൊണ്ടു പോയി… ഇന്നലെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല…ഞാനേറെ ഇഷ്ടപ്പെട്ട എന്റെ പ്രിയ സഹോദരനും സുഹൃത്തും ഒക്കെ ആയിരുന്ന കാനത്തിനു വിട…ബാഷ്പാഞ്ജലികൾ