വാജിബ് ലക്ഷദ്വീപ്
സിപിഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അംഗം
പുതിയൊരു അദ്ധ്യായന വർഷം കൂടി ആഗതമായിരിക്കുന്നു. സ്കൂളുകൾ തുറന്നു. വിദ്യ അഭ്യസിക്കാൻ കുരുന്നുകൾ കലാലയാന്തരീക്ഷത്തിലേക്ക് ചുവടു വെച്ചു തുടങ്ങി. ഈയൊരു അവസരത്തിൽ കിൽത്താൻ ദ്വീപിലെ വിദ്യാഭാസ മേഖലയെ കുറിച്ച് ഒരു കവർസ്റ്റോറി തയ്യാറാക്കാൻ ഞങ്ങളുടെ ടീം ചെറിയ ചില വിവര ശേഖരണം നടത്തിയപ്പോൾ കിട്ടിയ കുറച്ചു വിവരങ്ങളാണ് ഇവിടെ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
നിങ്ങൾക്കെല്ലാവർക്കും അറിയുന്നത് പോലെ തന്നെ ലക്ഷദ്വീപിലെ ഒരുപാട് സ്കൂളുകൾ അസമിനിസ്ട്രേഷൻ അടച്ചു പൂട്ടിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് കിൽത്താൻ ദ്വീപിന്റെ വിദ്യാഭ്യാസമേഖലക്കാണ് എന്ന കാര്യത്തിൽ തർക്കമില്ല. കാര്യങ്ങൾ വിശദമായി ഒന്ന് പരിശോധിച്ചപ്പോഴാണ് അധികാരികളിൽ നിന്ന് പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്നും എത്ര മാത്രം അവഗണനയാണ് നമുക്ക്മേൽ അടിച്ചേല്പിക്കുന്നതെന്ന് മനസ്സിലാകുന്നത്.അത് അഡ്മിനിസ്‌ട്രേഷന്റെ ഡയറക്ടർ തലം മുതൽ ഇങ്ങ് സ്കൂൾ തലം വരെ അതിന്റെ കയ്യൊപ്പുകൾ ഉണ്ട്.
4 സ്കൂളുകളും 2 നഴ്സറി സ്കൂളുകളുമായി വിദ്യാ സമ്പന്നമായിരുന്ന കിൽത്താനിൽ 2 സ്കൂളും 2 നഴ്സറിയുമായി ചുരുങ്ങിപ്പോയത് ഭരണകൂടത്തിനും വിദ്യാഭ്യാസ മേഖലയിലെ ഉന്നതർക്കും വടക്കൻ ദ്വീപുകളോടുള്ള ഒരു തരം ചിറ്റമ്മ നയം നടപ്പിലാക്കിയതാണോ എന്ന് സംശയം ഉടലെടുപ്പിക്കുന്നതാണ്.
പട്ടേൽ പരിഷ്കാരങ്ങൾക്ക് മുന്നേ തുടങ്ങിയ ഈ തല തിരിഞ്ഞ പല പരിഷ്കാരങ്ങളിലും വിദ്യാഭ്യാസ വകുപ്പിൽ അന്നും അതിനോടടുത്ത കാലങ്ങളിലും ജോലി ചെയ്ത പല ഉദ്യോഗസ്ഥ മേലാളന്മാർക്കും പങ്കുണ്ടന്നതിൽ സംശയമില്ല. അവരെല്ലാം കൂടി ഒത്തൊരുമയോടെ കാട്ടിക്കൂട്ടിയ തോന്ന്യവാസങ്ങളാണിതെല്ലാമെന്ന് പകൽപോലെ സത്യമാണ്.
പലപ്പോഴും അഡ്മിനിസ്ട്രേഷ ഉദ്യോഗസ്ഥർ മുന്നിൽ വെക്കുന്ന പൊള്ളയായ വാഗ്ദാനങ്ങളിൽ നമ്മൾ ശാന്താരാവുന്നത് നമ്മുടെ ബലഹീനതായാണെന്ന് ഈ പറയപ്പെടുന്ന ഭരണകൂട ഉന്നതരിലെ ചിലരെങ്കിലും ധരിച്ചവെച്ചിട്ടുണ്ട് എന്നുള്ള വാസ്തവും നാം ഇതിലൂടെ തിരിച്ചറിയേണ്ടതുണ്ട്.
സീൻ -1 കിൽത്താൻ ജെ.ബി സ്കൂൾ
കിൽത്താൻ ദ്വീപിലെ ജെ ബി സ്കൂളിന്റെ വർത്തമാന കാല അവസ്ഥ ഒന്ന് പരിശോധിക്കാം. ഒരു കാലിച്ചന്ത കണക്കെ കുട്ടികളെ കുത്തിനിറച്ചു ഓരോ ദിവസവും തള്ളി നീക്കി പോവുക എന്ന പരിതാപകരമായ അവസ്ഥയിലാണ് അവിടം ഇന്നുള്ളതെന്ന് ആര് ഇന്ന് അവിടെ സന്ദർശിച്ചാലും വ്യക്തമാവുന്ന കാര്യമാണ്.
നോർമലി സ്റ്റാൻഡേർഡ് റൂം സൈസിലുള്ള ഒരു ക്ലാസ്സിൽ 30 കുട്ടികൾ എന്നതാണ് നിയമം. എന്നാൽ കിൽത്താൻ ദ്വീപിലെ ഈ സ്കൂളിൽ സ്റ്റാൻഡേർഡ് സൈസ് റൂമിനെ പ്ലേവുഡ് ഉപയോഗിച്ച് കൊണ്ട് രണ്ടാക്കി അങ്ങനെയുള്ള ഒരു ഇടുങ്ങിയ ക്ലാസ്സിൽ 25 കുട്ടികളെ വരെ ഇരുത്തിയാണ് കിൽത്താൻ ദ്വീപിലെ കുരുന്നുകൾക്ക് വിദ്യാഭ്യാസം നൽകി വരുന്നത്.
30 കുട്ടികൾ ഇരിക്കേണ്ട ക്ലാസ്സിൽ 50 കുട്ടികൾ ഇരിക്കുന്നു. മാത്രമല്ല…ഇതേ സ്കൂളിൽ കഴിഞ്ഞ ഒരു വർഷമായി ഉച്ച ഭക്ഷണം മീൽസ് കൊടുക്കുന്ന ഹാൾ(ഭക്ഷണാലയം) ക്ലാസ്സ് റൂമായി ഉപയോഗിക്കുകയാണെന്നുള്ള ഒരു ദയനീയ വിവരം കൂടി ലഭിക്കുകയുണ്ടായി.
ഇതിനെക്കുറിച്ചെല്ലാം ചോദിക്കാൻ നമുക്ക് മുന്നിൽ കാണുന്നത് ശമ്പളം കൈപ്പറ്റി ഉദ്യോഗകാലം സുഖമായി കഴിച്ചു കൂട്ടുക എന്ന ഒറ്റ ചിന്തയിൽ ജീവിക്കുന്ന കുറച്ച് പാവം അധ്യാപകരെ മാത്രം…!!!
അവരോട് ഇതൊക്കെ ചോദിച്ചാൽ ഒരു നെടു വീർപ്പോടെ കൈമലർത്തുകയെയുള്ളൂ… അതിന് മുകളിലുള്ള പ്രിൻസിപ്പളിനോട് ചോദിച്ചാൽ ഞാനൊന്നുമറിഞ്ഞില്ലേ രാമായണ എന്ന ഭാവത്തിൽ പതിവ് പല്ലവിയായ ചേരുവകൾ നിരത്തും… “പേപ്പറുകൾ മുകളിലേക്ക് അയച്ചിട്ടുണ്ട്,പ്രപ്പോസൽ വെച്ചിട്ടുണ്ട്,കാര്യങ്ങൾ വേണ്ട പോലെ ധരിപ്പിച്ചിട്ടുണ്ട്,അതു കൂടാതെ പേഴ്‌സണൽ റിക്വസ്റ്റ് കൂടി കൊടുത്തിട്ടുണ്ട്…” എന്നൊക്കെയുള്ള ഒഴികിഴുവുകൾ തന്നെ…മറുപടി…
കഴിഞ്ഞ വർഷം ഇതേ പ്രശ്നത്തിന് പരിഹാരം തേടിക്കൊണ്ട് കിൽത്താൻ ദ്വീപിലെ രക്ഷിതാക്കൾ സമരത്തിനിറങ്ങിയപ്പോൾ എൽജിഇയു ക്കാരും പരിശത്തുകാരുമായ ചില അദ്ധ്യാപകരെ കൂട്ടുപിടിച്ചു നിലവിലുള്ള സ്കൂൾ മേധാവി ആ സമരം ഇല്ലായ്മ ചെയ്യുകയും ഉടനടി പരിഹാരം കാണുമെന്ന് അവരിലൂടെ തന്നെ മോഹന സുന്ദര വാഗ്ദാനം തരുകയും ചെയ്തപ്പോൾ ആ പോയ്‌വാക്ക് വിശ്വസിച്ചു പാവം രക്ഷിതാക്കൾ സമരത്തിൽ നിന്നു പിന്മാറുകയും ചെയ്തിരുന്നു.
എന്നാൽ അന്നു തന്ന ഈ വാഗ്ദാനത്തിന്റെ ഒരിഞ്ചു മുന്നോട്ട് ചലിപ്പിക്കാൻ നമ്മുടെ പിടിഎ,എസ്എംസി കമ്മിറ്റികൾക്കോ ഈ പറയപ്പെടുന്ന ഉദ്യോഗസ്ഥ സങ്കടനകൾക്കോ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യവും നമ്മൾ നോക്കി കാണേണ്ടതുണ്ട്. അന്ന് ആ പോയ്‌വാക്ക് തന്ന പല ആദ്യാപകന്മാരും ഒന്നുമറിയാത്ത രീതിയിൽ ഇന്ന് കിൽത്താനിൽ നിന്നും ട്രാൻസ്ഫർ ആയിക്കഴിഞ്ഞു.
പ്രിൻസിപ്പാൾ ആരായാലും അവർ തന്റെ കാലം ഒരു പ്രശ്നവുമില്ലാതെ പോവട്ടെ എന്ന ഭാവത്തിൽ അനങ്ങാപ്പാറ നയം തുടരുന്നതും ഇവിടത്തെ ഒരു സ്ഥിരം കാഴ്ചയാണല്ലോ..? എന്നാൽ അതിന്റെ ഫലമോ..?
കുട്ടികൾ കളിച്ചു ചിരിച് ഉത്സാഹിച്ചു ആസ്വദിച്ചു പഠിക്കേണ്ട ഈ സമയത്ത് സ്കൂളിന്റെയും ക്ലാസ് മുറികളുടെയും നിലവാരത്തെ കുറിച്ചുള്ള വ്യാകുലചിന്തകൾ പേറി ഇടുങ്ങിയ മുറിയിൽ ഇടുങ്ങിയ ചിന്താഗതിക്കാരായി നമ്മുടെ കുരുന്നുകൾ വളരേണ്ടി വരും.
നിലവിലുള്ള സാധാരണ ക്ലാസ് റൂമുകളെ രണ്ടായി വിഭജിച് കുട്ടികളെ കുത്തി നിറച്ച് ആ കുരുന്നുകളുടെ സ്വാഭാവിക പഠനന്തരീക്ഷം ഇല്ലാതാക്കി സായൂജ്യാമടയുന്നവർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നവർ യഥാർത്ഥത്തിൽ വിദ്യ അഭ്യസിപ്പിക്കുന്നവരുടെ ഗണത്തിൽ പെട്ടവരല്ല.വിദ്യാഭ്യാസത്തെ കൊലപ്പെടുത്താൻ കൂട്ടു നിൽക്കുകയാർണവർ ചെയ്യുന്നത്.
ഈ പറയപ്പെടുന്ന സ്കൂളിൽ ആകെ 11 ക്ലാസ്സ് മുറികളാണുള്ളത്. 2 സ്കൂളുകൾ പൂട്ടി അവിടത്തെ വിദ്യാർത്ഥികളെയും കൂട്ടി ഒരു സ്കൂളിലേക്കാക്കിയപ്പോൾ ഇവിടെ വേണ്ടിയിരുന്നത് 17 ക്ലാസ്സ് മുറികൾ ആയിരുന്നു. അതിനായി നിലവിലുള്ള ക്ലാസ്സ്‌മുറികളിൽ 5 എണ്ണം പ്ലേവുഡ് കൊണ്ട് പകുത്ത് ചെറിയ റൂമുകളാക്കി.
എന്നിട്ടും തികയാതെ വന്നപ്പോൾ സ്കൂളിലെ ഭക്ഷണാലയം കൂടി ക്ലാസ്സ് മുറിയാക്കി ഉപയോഗിക്കുന്നു. ഉച്ചക്കറിയുടെ മണവും ആസ്വദിച്ചുകൊണ്ട് കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ആയില്ലേ എന്നാണ് ഒരു അധ്യാപക വേഷം ധരിച്ച വിദ്യാഭ്യാസ കൊലപാതകിയുടെ ന്യായീകരണ ഫലിതം…!!!
ബാക്കിയുള്ള നാട്ടിലെ കുട്ടികൾ പഠിക്കുന്ന പഠനാന്തരീക്ഷത്തിന്റെ നേർ വിപരീതമായി കിൽത്താൻ ദ്വീപിലെ കുട്ടികളുടെ കഴിവുകൾ നശിപ്പിക്കപ്പെടുന്നു എന്ന യാഥാർഥ്യവും ഇതിലൂടെ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
സീൻ -2 തെക്ക് നെയ്‌സറി സ്കൂൾ
നിലവിലുള്ള തെക്ക് നഴ്സറി സ്കൂൾ യാതൊരുവിധ നിയമ മാനദണ്ഡവും പാലിക്കാതെ ഗവർമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നൊരു മാറ്റവും കിൽതനിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായി. തെക്ക് നഴ്സറി സ്കൂൾ നിർമിക്കാനായി മുമ്പൊരിക്കൽ വാങ്ങിച്ച സ്ഥലം ഇന്ന് വേറെന്തോ പരിപാടിക്കായി മാറ്റിയെന്നാണ് പിഡബ്ല്യൂഡി അധികാരികളുടെ വിശദീകരണം.
നഴ്സറി സ്കൂൾ പ്രശ്നം ഇത്ര രൂക്ഷമായ അവസ്ഥയിൽ നിൽക്കുമ്പോൾ തെക്ക് നഴ്സറി സ്കൂൾ നിർമ്മിക്കുകയല്ലേ വേണ്ടത് എന്ന സ്വാഭാവികമായി ആരായാലും ചോദിക്കും…
അങ്ങനെ ചോദിച്ചാൽ പിഡബ്ല്യൂഡി അധികൃതർ പറഞ്ഞു തരും കിൽത്താൻ സ്കൂളിൽ നിന്നും നഴ്സറിക്കായി ഗവർമെന്റ് ജോലിക്കാർക്ക് താമസിക്കാൻ കൊടുക്കുന്ന ക്വാട്ടേഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം.
സ്ഥിരമായ ഒരു പരിഹാരത്തിനു വേണ്ടി ശ്രമിക്കേണ്ടതിന് പകരം താത്കാലികമായ അഡ്ജസ്റ്റ്മെന്റുകളിലൂടെ എങ്ങനെയെങ്കിലും കിൽത്താൻ ദ്വീപുകാരന്റെ നാളുകൾ കഴിഞ്ഞു പോയാൽ മതിയെന്ന് കരുതുന്നവരാണ് ഇത്തരം സൂത്രങ്ങളുമായി വരുന്നവരിൽ ഏറെയും എന്ന് പല സംഭവങ്ങളുടെയും ചുരുൾ അഴിക്കുമ്പോൾ നമുക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും.
പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം നഴ്സറി വിദ്യാഭ്യാസം 3 ക്ലാസുകളായി 3 വർഷം പഠിക്കേണ്ടപ്പോൾ ഇന്നും കിൽത്താനിൽ മാത്രം അത് 2 ക്ലാസ്സുകളിൽ ഒതുക്കപെടുന്നുണ്ട് എന്ന യാഥാർഥ്യവും നമ്മൾ പരിശോധിക്കപ്പെടണം.
അതിൽ നഷ്ടം നമുക്കോ നമ്മുടെ മുൻ കാല പൂർവികർക്കോ അല്ല…വർത്തമാന കാലത്ത് വിദ്യ അഭ്യസിക്കാൻ സ്കൂളിലേക്ക് ചെല്ലുന്ന നാളെയുടെ വാഗ്ദാനങ്ങളും ശുഭ പ്രതീക്ഷകളുമായ നമ്മുടെ മക്കൾക്കു തന്നെയാണ് നഷ്ടങ്ങൾ ഉണ്ടാവുന്നതെന്ന് നമ്മൾ മനസ്സിലാക്കണം.
സർക്കാർ ജീവനക്കാർക്ക് പോലും മരിയാതയ്ക്ക് കോട്ടഴ്സുകൾ കിട്ടാറില്ലത്രേ…അല്ലെങ്കിലും ഏതൊക്കെയോ ക്വാർടേഴ്‌സുകൾ നന്നാക്കി അതിൽ കൊണ്ടുപോയി കുട്ടികളെ ഇരുത്തി കതിനയ്ക്ക് വളം വെക്കുന്നത് പോലെയുള്ള ഈ തല തിരിഞ്ഞ തീരുമാനങ്ങൾ തിരുത്തപെടുക തന്നെ വേണം.
കിൽത്താൻ ദ്വീപിലെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത രക്ഷിതാക്കളും വിദ്യാർത്ഥി സങ്കടനകളും രാഷ്ട്രീയ പാർട്ടികളും പൊതു സാമൂഹ്യ പ്രവർത്തകരും എന്തിനാണ് ഇനിയും ഉറക്കം തൂങ്ങികൾ ആവുന്നത്…? കിൽത്താൻ ദ്വീപിന് സ്ഥായിയായ പരിഹാരമാർഗങ്ങൾ തന്നെയാണ് ആവശ്യമെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ ചുമതലയുള്ളവർ തന്നെയാണ് ഇവരെല്ലാം.
കിൽത്താൻ ദ്വീപിനെ കാർന്നു തിന്നുന്ന വിഷയങ്ങൾ ഒത്തിരിയുണ്ട്… നാടിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ ഉന്നമനത്തിന് വേണ്ടി,നമ്മുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി… നമ്മൾ ഒരുമിക്കേണ്ടതും പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ നാളുകൾ സംജാദമായിട്ടുണ്ട്.