തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് റേഷൻകടവഴി നൽകുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതരണത്തിനു ഇന്ന് തുടക്കമാകും. ഇന്നും നാളെയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. സെപറ്റ്ംബർ നാലു മുതൽ ഏതു റേഷൻ കടകളിൽ നിന്നും കാർഡ് ഉടമകൾക്ക് കിറ്റുകൾ വാങ്ങാം. ഏഴാം തീയതിക്ക് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.
ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഇന്നു മുതലാണ് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ മുൻഗണനാവിഭാഗങ്ങൾക്കാണ് കിറ്റ് നൽകുക. ആഗസ്റ്റ് 23,24 തീയതികളിൽ (ചൊവ്വാഴ്ചയും ബുധനാഴ്ചയും) മഞ്ഞ കാർഡുടമകൾക്കും ആഗസ്റ്റ് 25, 26, 27 തീയതികളിൽ (വ്യാഴം,വെള്ളി ,ശനി) പിങ്ക് കാർഡുടമകൾക്കും ആഗസ്റ്റ് 29, 30, 31 തിയതികളിൽ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളിൽ വെള്ള കാർഡുടമകൾക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണങ്ങളാൽ ഈ ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തിയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്. ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേയ്ക്കുമുള്ള ഭക്ഷ്യ കിറ്റുകൾ വാതിൽപ്പടി സേവനമായി വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.