ആർ. അജയൻ
(നവയുഗം എഡിറ്റർ)
ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ സുപ്രധാനമായ വിധി പുറപ്പെടുവിച്ച ദിവസമായിരുന്നു ഫെബ്രുവരി 27. “ചരിത്രസ്ഥലങ്ങൾക്ക് ആക്രമിച്ചവരുടെ പേരുകൾ നൽകിയതിനെതിരെ ഹർജി സുപ്രീം കോടതിയിൽ നൽകിയ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയെ കോടതി നിശിതമായ ഭാഷയിൽ ശാസന രൂപത്തിൽ വിമർശിക്കുകയും ഹർജി തള്ളുകയുമായിരുന്നു.
ഒരു സമുദായത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് ഈ ഹർജി നൽകിയത് എന്നും ഇതിലൂടെ രാജ്യം തിളക്കണമെന്നാണോ ഹർജിക്കാരൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു ജസ്റ്റിസുമാരായ കെ.എം. ജോസഫ് ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം.
ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കികൊണ്ടിരിക്കുന്ന മോദി
ഭരണകൂടത്തിന് കോടതി ഒരു മുന്നറിയിപ്പാണ് ഈ വിധി ന്യായത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദുത്വം മഹത്തരമായ മതമാണെന്നും അതിൽ മതഭ്രാന്ത് ഇല്ലെന്നും ഇന്ത്യ ഒരു മതേനിരപേക്ഷ രാജ്യമാണെന്നു ഭംഗ്യന്തരേണ നേരിട്ട് തന്നെ കോടതി ചൂണ്ടിക്കാട്ടി.
ഭാവി തലമുറയെ ഭൂതകാലത്തിലേക്ക്കൊണ്ടുപോയി തടവുകാരാക്കി ഇന്ത്യയുടെ ഭാവി-ഭൂതകാല-സമകാലിക ചരിത്രത്തെ വേട്ടയാടരുതെന്നും നാശം സൃഷ്ടിക്കാനുള്ള ഉപകരണമാക്കി സുപ്രീം കോടതിയെ മാറ്റരുതെന്നും ജസ്റ്റിസ്മാർ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുകയായിരുന്നു.
സുപ്രീംകോടതിയുടെ അതിരൂക്ഷമായ പ്രസ്താവത്തോടെ ബിജെപിയുടെ സ്ഥിര വ്യവഹാര ശല്യക്കാരനായ സംഘി നേതാവ് ഉപാധ്യായ ഹർജി പിൻവലിച്ച് തലയുരാൻ കോടതിയിൽ
നാടകം കളിച്ചു നോക്കി. താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകാമെന്ന് കോടതി മുമ്പാകെ പറഞ്ഞുവെങ്കിലും സുപ്രീം കോടതി വളരെ ശക്തമായ നിലപാട് കൈക്കൊണ്ട് ഹർജി പിൻവലിക്കാൻ അശ്വിനെ അനുവദിക്കില്ലെന്നും
ചിലത് പറയാനുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഹർജി കോടതി തന്നെ തള്ളുകയായിരുന്നു. മുൻകാല 9 അംഗ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ സുപ്രധാനമായ വിധിയെ കോടതി ഓർമിപ്പിച്ചു. ഇന്ത്യ മതേതര രാജ്യമാണെന്നും മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ശക്തമായ സ്വരത്തിൽ ഓർമിപ്പിച്ചു. “നിയമവാഴ്ചയും മതനിരപേക്ഷതയെയും ഭരണഘടന തത്വങ്ങളെയും മുറുകെ പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. ഭരണകൂടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ തുല്യതയും നീതിയും
ഉറപ്പു നൽകുന്നതാണെന്ന് ഭരണഘടനയുടെ പതിനാലാം അനുഛേദം അനുസരിച്ചുകൊണ്ട് രാജ്യം മുന്നോട്ടു പോവുകയാണ് വേണ്ടത്.”
“ഇന്ത്യയൊരു റിപ്പബ്ലിക് ആകണമെന്നാണ് നമ്മുടെ പിതാമഹന്മാർ ആഗ്രഹിച്ചതും ചിന്തിച്ചതും. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്വങ്ങളുടെ ലക്ഷ്യങ്ങൾ നാം കൈവരിച്ചേ മതിയാകൂ. ഭരണഘടനയുടെ ആമുഖത്തിലെ സാഹോദര്യം എന്ന് തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.” സുപ്രീം കോടതി ബഞ്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് സൗഹാർദ്ദം മാത്രമേ രാജ്യത്തെ ഐക്യത്തിന്റെ പാതയിലേക്ക് നയിക്കൂ എന്നും കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തി. മുത്തലാക്ക് കല്യാണം, ബഹുഭാര്യത്വം തുടങ്ങിയ സംഘപരിവാർ താൽപര്യങ്ങളെ കോടതിയിൽ എത്തിച്ച അഭിഭാഷകൻ കൂടിയായ അശ്വിൻ കുമാർ വീണ്ടും കോടതി മുമ്പാകെ ഹർജി പിൻവലിക്കാനുള്ള അഭ്യർത്ഥന വച്ചു. എന്നാൽ അത് അംഗീകരിക്കാതെ കോടതി തികച്ചും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹർജി തള്ളുകയായിരുന്നു. ഡൽഹി ഹൈക്കോടതിയിലാണ് അശ്വനി കുമാർ ഹർജി നൽകിയത്. അത് സുപ്രീംകോടതി വിളിച്ചു വരുത്തുകയായിരുന്നു. ഇതിൽ നീരസം പരസ്യമാക്കിയ ഉപാധ്യായയെ ജഡ്ജിമാർ ചേമ്പറിൽ വിളിച്ചുവരുത്തി. “ഭരണഘടന ബാധ്യത നിറവേറ്റാൻ ആണ് തങ്ങളിവിടെ ഇരിക്കുന്നതെന്ന് ” ചീഫ് ജസ്റ്റിസ് ഫെബ്രുവരി 20ന് അഭിഭാഷകനെ ഓർമിപ്പിച്ചിരുന്നു. ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലനാമങ്ങൾ മാറ്റാനുള്ള ഹർജി ചോദ്യം ചെയ്ത് ജസ്റ്റിസ് ജോസഫിന്റെ ബെഞ്ചിനോട് തർക്കിച്ച അശ്വനി കുമാർ നിരവധി ചരിത്ര സ്ഥലങ്ങളിൽ നിന്നും ഹിന്ദുക്കൾ തുടച്ചു മാറ്റപ്പെട്ടു എന്ന് വാദിച്ചു. ഹൈന്ദവ തത്വങ്ങൾ പഠിക്കാനായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫിന്റെ ഉപദേശം. താനൊരു ക്രിസ്ത്യാനിയാണെങ്കിലും ഹിന്ദുമതത്തെയും ഒപ്പം ഇഷ്ടപ്പെടുകയും പഠിക്കുകയും ചെയ്യുന്നതായി ജസ്റ്റീസ് കെ.എം.ജോസഫ് പറഞ്ഞു. തന്റെ നാടായ കേരളത്തിൽ ഹിന്ദു രാജാക്കന്മാരാണ് പള്ളികൾക്കുള്ള ഭൂമിയും പണവും നൽകിയതെന്നുമാണ് ഇന്ത്യയുടെ ചരിത്രമെന്നും മനസ്സിലാക്കണമെന്നും ഹർജിക്കാരനോട് പറയുകയുണ്ടായി.
ഡോക്ടർ എസ് രാധാകൃഷ്ണന്റെ ഹിന്ദുത്വശാസ്ത്രം വായിച്ചു പഠിക്കാനും ഹർജിക്കാരനായ ബിജെപികാരനോട് ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ ഹർജിക്കാരൻചരിത്രത്തെ ആകെ നിഷേധിച്ചുകൊണ്ട് മുസ്ലീങ്ങളെയാണ് ഉന്നം വയ്ക്കുന്നതെന്നും മനസ്സിലാക്കിയ കോടതി അക്കാര്യവും നിരീക്ഷിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ആണ് നമ്മുടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കിയതെന്നും അതേ സാഹചര്യത്തിലേക്ക് തിരിച്ചു പോകരുതെന്നും സഹജഡ്ജിയായ ജസ്റ്റിസ് നാഗരത്നയും ബിജെപി നേതാവിനെ ഉപദേശിച്ചു. ഹൈന്ദവത ഒരു ജീവിതശൈലിയാണെന്നും അതുകൊണ്ടാണ് ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും അതുകൊണ്ടാണ് ഐക്യത്തോടെ നമുക്കു ജീവിക്കാനാവുന്നതെന്നും ജസ്റ്റീസ് നാഗരത്നയും ഓപ്പൺ കോർട്ടിൽ പ്രസ്താവിച്ചു. സുപ്രീം കോടതിയുടെ ഈ വിധിന്യായം ഇന്ത്യയെ സ്നേഹിക്കുന്ന ഏതൊരാൾക്കും സന്തോഷവും ആശ്വാസവും പകരുന്നതാണ്.
ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയും എല്ലാം തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവന്ന് തങ്ങളുടെ ഏറ്റവും മ്ലേച്ഛമായ “ഭിന്നിപ്പിച്ചു ഭരിക്കുക അഹിന്ദുക്കളോട് വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന നടപടികൾ സ്വീകരിക്കുക. ചരിത്രത്തെ തന്നെ തിരുത്തി എഴുതുക. രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ഥലനാമങ്ങൾ മാറ്റി തങ്ങൾക്ക് ഇഷ്ടപ്പെട്ട നാമധേയത്തിൽ അടിച്ചേൽപ്പിക്കുക. ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസിന്റെ പേര് മാറ്റി അമൃത് ഉദ്യാനമാക്കി മാറ്റി.
ഇതുപോലെ എത്രയോ ഉദാഹരങ്ങൾ വിവരിക്കാം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ യാതൊരു പങ്കും വഹിക്കാതിരുന്ന പഴയ ഹിന്ദു മഹാസഭയുടെയും ആർഎസ്‌എസിന്റെയും താത്വികാചര്യന്മാരുടെ നാമങ്ങൾ രാജ്യത്തെ വിശിഷ്ടമായ സ്ഥാപങ്ങൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നൽകി കഴിഞ്ഞു. ഗാന്ധിയെ വെടി വെച്ചു കൊന്നതിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ട വി ഡി സവർക്കർ പുണ്യപുരുഷനായി അവതരിക്കപ്പെടുന്നു.
നോട്ടുകളിൽ ഗാന്ധിജിക്കു പകരം വി ഡി സവർക്കരുടെ ചിത്രം ആലേഖനം ചെയ്യാൻ ആലോചിക്കുന്നുവെന്ന് മാധ്യമ വാർത്തകൾ വന്നു കഴിഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് ആൻഡമാൻ ജയിലിലായ വി ഡി സവർക്കർ ബ്രിട്ടീഷ് ഗവൺമെന്റിനു മാപ്പപേക്ഷ നൽകിയിട്ടാണു ജയിൽ മോചിതനായത്. ദേശീയ സ്വാതന്ത്ര്യ സമരത്തിലോ രാജ്യത്തിന്റെ പുരോഗതിക്കോ യാതൊരു സംഭാവനയും ചെയ്യാത്ത ആർ.എസ്.എസ് സംഘപരിവാർ നേതാക്കളെ ബോധപൂർവ്വം ചരിത്രത്തിൽ ഉന്നത സ്ഥാനം നൽകി അവരുടെ നാമധേയങ്ങൾ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും പൊതു ഇടങ്ങളിൽ അവരുടെ പ്രതിമസ്ഥാപിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണു കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും.
സവർക്കരുടെ മാപ്പപേക്ഷ അനുബന്ധമായി നൽകുന്നു. ആർക്കൈവ്‌സ് ഓഫ് ഇന്ത്യയിൽ പോയി ഗവേഷണം നടത്തി ഒട്ടേറെ പുസ്തകങ്ങൾ രചിച്ച ചരിത്രകാരനായ ആർ.സി മജുംദാർ രചിച്ച penal settlement in Andamans ൽ സവർക്കരുടെ മാപ്പപേക്ഷ പൂർണ്ണരൂപത്തിൽ കൊടുത്തിട്ടുണ്ട്.
ഇത്തരത്തിൽ യഥാർത്ഥ ചരിത്ര വസ്തുതകളേയും ബോധപൂർവ്വം ഒളിപ്പിച്ചു വച്ചുകൊണ്ട് നടത്തുന്ന പുതുചരിത്ര നിർമ്മിതിയിലും സംഘപരിവാർ പ്രത്യയശാസ്ത്രത്തോടൊപ്പം സഞ്ചരിച്ചവരെ മഹത്വവൽക്കരിക്കുകയും ചെയ്യുകയാണു മോദി ഭരണകൂടവും ആർ.എസ്.എസും. അതിന്റെ ശക്തമായ തിരിച്ചടി കൂടിയാണു ഫെബ്രുവരി 27 ലെ സുപ്രീം കോടതി ബഞ്ചിന്റെ വിധി.
കോടതിയുടെ നിരീക്ഷണങ്ങളെല്ലാം തന്നെ സമകാലിക യാഥാർത്ഥ്യങ്ങളിലേക്കാണു വിരൽ ചൂണ്ടുന്നത്.
സവർക്കറുടെ മാപ്പപേക്ഷ
ബ്രിട്ടീഷ് ഭരണത്തിനെതിരായ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ഉന്നതനായ നേതാവ് സവർക്കറാണെന്നാണ് ബി.ജെ.പി. പ്രചരിപ്പിക്കുന്നത്. ആൻഡമാൻ ജയിലിൽ പോകുന്നതുവരെ ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തിൽ സവർക്കർ സജീവമായ പങ്കുവഹിച്ചിരുന്നു. എന്നാൽ ജയിലിൽ വെച്ച് സവർക്കർ സമരപാത ഉപേക്ഷിച്ചു. പിന്നീടൊരിക്കലും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിൽ പങ്കെടുത്തതുമില്ല. ദ്വിരാഷ്ട്രവാദവും ഹിന്ദുരാഷ്ട്രം എന്ന മുദ്രാവാക്യവും പ്രചരിപ്പിച്ചുകൊണ്ട് ദേശീയ സ്വാതന്ത്ര്യ സമരത്തെ ഭിന്നിപ്പിക്കാൻ സവർക്കർ ശ്രമിക്കുകയും ചെയ്തു.
ആൻഡമാൻ ജയിലിൽ വെച്ച് ബ്രിട്ടീഷ് സർക്കാരിന് സവർക്കർ മാപ്പ് അപേക്ഷ നൽകി. ബ്രിട്ടീഷ് ഭരണത്തിന് എതിരായ നിലപാട് ഉപേക്ഷിച്ചതായി അദ്ദേഹം അതിൽ വ്യക്തമാക്കി. മാപ്പ് അപേക്ഷയുടെ പൂർണരൂപമാണ് താഴെ ചേർക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ ആഭ്യന്തരകാര്യ മന്ത്രിക്ക് 1913 നവംബർ പതിനാലിന് നൽകിയതാണ് ഈ കത്ത്.
‘താഴെ പറയുന്ന കാര്യങ്ങൾ അങ്ങയുടെ പരിഗണനക്കായി സമർപ്പിക്കാൻ എന്നെ ദയവായി അനുവദിക്കുക.
- ഞാൻ 1911 ജൂൺ മാസം ഇവിടെ എത്തിയപ്പോൾ എന്നോടൊപ്പം ചീഫ് കമ്മീഷണറുടെ ഓഫീസിലേക്ക് ആനയിക്കപ്പെട്ട മറ്റ് കുറ്റവാളികളും ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ നിന്ന് അപകടകാരിയായ തടവുകാരൻ എന്ന നിലയിൽ ഡി. വിഭാഗത്തിലാണ് എന്നെ ഉൾപ്പെടുത്തിയത്. മറ്റുള്ളവരെയും അതിൽ ഉൾപ്പെടുത്തിയില്ല. തുടർന്ന് അടുത്ത ആറു മാസക്കാലം എനിക്ക് ഏകാന്ത തടവിൽ കഴിക്കേണ്ടി വന്നു. മറ്റുള്ളവർക്ക് അതും വേണ്ടി വന്നില്ല. ജയിലിനുള്ളിൽ കയർ പിരിക്കുന്ന ജോലിയാണ് എനിക്കു തന്നത്. കയർ പിരിച്ച് എന്റെ കൈകളിൽ ചോര പൊടിഞ്ഞിരുന്നു. അതിനുശേഷം അവർ എന്നെ എണ്ണ ആട്ടുന്ന മില്ലിൽ പണിയെടുപ്പിച്ചു. ജയിലിലെ ഏറ്റവും കടുപ്പമേറിയ പണി. ഈ ആറു മാസക്കാലം എന്റെ പെരുമാറ്റം വളരെ നല്ല രീതിയിലായിരുന്നു. ഒരു പരാതിയും ഉണ്ടാക്കിയില്ല. എങ്കിലും എന്നെ അവർ പുറത്തു വിട്ടില്ല. എന്നോടൊപ്പം വന്നവരെല്ലാം പുറത്തുപോയി. അന്നുതൊട്ട് ഇന്നുവരെ എന്റെ പെരുമാറ്റം നല്ലതായിരിക്കാൻ ഞാൻ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്.
- ഒരു സ്ഥാനക്കയറ്റത്തിനുവേണ്ടി അഭ്യർത്ഥിച്ചപ്പോൾ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട തടവുകാരൻ ആയതിനാൽ എനിക്ക് ഒരു സ്ഥാനക്കയറ്റവും അനുവദിക്കില്ല എന്നായിരുന്നു മറുപടി. എന്നാൽ, പ്രത്യേക വിഭാഗത്തിൽപ്പെട്ടവനായതുകൊണ്ട് പത്യേക ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ അവർ പറഞ്ഞത് “നിങ്ങൾ സാധാരണ കുറ്റവാളിയാണ്, മറ്റുള്ളവർക്ക് കൊടുക്കുന്നതുപോലുള്ള ഭക്ഷണം
മാത്രമേ നിങ്ങൾക്കും ലഭിക്കുകയുള്ളൂ” എന്നാണ്. പ്രത്യേക തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കാൻ വേണ്ടിയാണ് പ്രത്യേക വിഭാഗത്തിൽ പെട്ട കുറ്റവാളികളായി ഞങ്ങളെ പരിഗണിക്കുന്നത്. - എന്റെ കൂടെ ജയിലിൽ അടക്കപ്പെട്ടവരിൽ ഭൂരിഭാഗത്തെയും വിട്ടയച്ചപ്പോൾ എന്നെയും സ്വതന്ത്രനാക്കാൻ ഞാൻ അഭ്യർത്ഥിച്ചു. ഒരു ഫലവുമുണ്ടായില്ല. അനുസരണക്കേടിനുള്ള രണ്ടോ മൂന്നോ അടിയേ എനിക്ക് കൊണ്ടിട്ടുള്ളൂ. എന്നാൽ ഒരു ഡസനിൽ കൂടുതൽ അടി കൊണ്ടവരേയും വിട്ടയച്ചിട്ടും എന്നെ പറഞ്ഞയച്ചില്ല. എന്റെ മോചനത്തിന് തീരുമാനമായ സമയത്താണ് പുറത്തുള്ള രാഷ്ട്രീയ തടവുകാർ പ്രശ്നങ്ങളുണ്ടാക്കിയത്. അവരോടൊപ്പം വീണ്ടും ഞാൻ പ്രത്യേക സെല്ലിൽ അടക്കപ്പെട്ടു. അവരിലൊരാളായി ഞാൻ പരിഗണിക്കപ്പെട്ടു.
- ഞാൻ ഇന്ത്യയിലെ ജയിലിലായിരുന്നെങ്കിൽ ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നു. വീട്ടിൽ നിന്ന് കത്തുകൾ ലഭിച്ചേനേ. സന്ദർശകരുണ്ടായ മറ്റ് പ്രദേശങ്ങളിൽ മാറി താമസിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ഒരാശ്വാസമാവുമായിരുന്നു. എന്നാൽ എനിക്ക് ഇന്ത്യൻ ജയിലിലുള്ളവർ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിച്ചതുമില്ല. കോളനി അധികാരികളുടെ നിയന്ത്രണത്തിലുള്ള കുറവാളികൾക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകിയതുമില്ല. എല്ലാ ജയിലുകളിലുമുള്ള പ്രയാസങ്ങൾ സ്വയം അനുഭവിക്കേണ്ടിവരികയും ചെയ്തു.
- ഈ ദുരിതപൂർണമായ സാഹചര്യങ്ങൾക്ക് അന്ത്യം കുറിച്ച് എന്നെ ഇന്ത്യയിലെ മാറ്റേതെങ്കിലും ജയിലിലേക്ക് അയക്കുകയോ മറ്റേതൊരു തടവുകാരനെയും പോലെ പരിഗണിക്കുകയോ ചെയ്യാൻ ദയവുണ്ടാകണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു. മറ്റെല്ലാ സ്വതന്ത്രരാജ്യത്തും രാഷ്ട്രീയതടവുകാർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. സ്ഥിരം കുറ്റവാളികൾക്കും കുറ്റം തെളിയിക്കപ്പെടാത്തവർക്കും നൽകുന്നസഹാനുഭൂതിയെങ്കിലും എന്നോട് കാണിക്കണമെന്നാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. ഈ ജയിൽവാസം സ്ഥിരപ്പെടുന്നതോടെ ജീവിത
പ്രതീക്ഷകൾ എനിക്ക് നഷ്ടപ്പെടുകയാണ്. നിശ്ചിത വർഷങ്ങളിലേക്ക് ജയിലിലടക്കപ്പെട്ടവരുടെ സ്ഥിതി വ്യത്യസ്തമാണ്. എന്നാൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എനിക്ക് നീണ്ട അമ്പത് വർഷം ഇനിയും താണ്ടണം. നിഷ്ഠൂര കൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കുപോലും നൽകപ്പെടുന്ന ആനുകൂല്യങ്ങൾ എനിക്ക് നിഷേധിക്കപ്പെടുമ്പോൾ ഞാൻ എങ്ങനെയാണ് ഈ വിധി അനുഭവിക്കാനുള്ള ധാർമ്മിക ശക്തി സമാഹരിക്കുന്നത്. എന്നെ ഏതെങ്കിലുമൊരു ഇന്ത്യൻ ജയിലിലേക്ക് അയയ്ക്കാൻ ദയവുണ്ടാകണം. അവിടെ എനിക്ക് ഈ കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകളും നാലുമാസത്തിലൊരിക്കലെങ്കിലും എന്റെബന്ധുക്കളെ കാണാനുള്ള അവസരവും ലഭിക്കും. ദീർഘനാൾ ജയിലിൽ
കഴിയാൻ വിധിക്കപ്പെട്ട ഭാഗ്യഹീനർക്ക് മാത്രമേ വല്ലപ്പോഴുമൊരിക്കൽ കാണാൻ അവസരം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം മനസിലാവുകയുള്ളൂ. പതിനാല് വർഷം കഴിയുമ്പോഴെങ്കിലും സ്വതന്ത്രരായി തീരുവാനുള്ള അവകാശം ഇന്ത്യൻ ജയിലുകളിലെ തടവുകാർക്കുണ്ട്. അതുകൂടാതെ ബന്ധുക്കളിൽ നിന്നും സ്നേഹിതരിൽ നിന്നും ലഭിക്കുന്ന കത്തുകളും മറ്റു ചില ആനുകൂല്യങ്ങളുമുണ്ട്. ഇന്ത്യയിലേക്ക് എന്നെ അയക്കാൻ കഴിയുന്നില്ലെങ്കിൽ അഞ്ചു കൊല്ലത്തിലൊരിക്കലെങ്കിലും നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കാനുള്ള അവസരമെങ്കിലും നൽകാൻ ദയവുണ്ടാകണം. ഈ അഭ്യർത്ഥന അംഗീകരിച്ചാലും ഒരു ദുഃഖം ബാക്കിയുണ്ട്. ചെയ്ത തെറ്റിന് മാത്രമേ എനിക്ക് ശിക്ഷ നൽകാൻ പാടുള്ളൂ. മറ്റുള്ളവരുടെ തെറ്റുകൾക്ക് എന്നെ ശിക്ഷിക്കുന്നത് കഷ്ടമാണ്. ഇത് ഞാൻ പറയേണ്ടിവരുന്നതുതന്നെ എത്ര ദയനീയമാണ്. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടാതിരിക്കുന്നത് ഏതൊരു മനുഷ്യന്റെയും മൗലീകാവകാശമല്ലേ?
ഇരുപത് രാഷ്ട്രീയ തടവുകാർ ഇവിടെയുണ്ട്. ആരോഗ്യമുള്ള ആ യുവാക്കൾ അസ്വസ്ഥരാണ്. അവർക്ക് ചിന്തിക്കാനോ ആശയങ്ങൾ പ്രകടിപ്പിക്കുവാനോ ഉള്ള അവകാശം പാടെ നിഷേധിച്ചിരിക്കുന്നു. മനുഷ്യാവകാശം നിഷേധിക്കപ്പെട്ട അവർ ചിലപ്പോഴെങ്കിലും മാനസിക സംഘർഷം കാരണം നിയമലംഘനത്തിന് നിർബ്ബന്ധിതരായിതീരും. അത്തരം നിയമലംഘനങ്ങൾക്ക് എല്ലാ വരേയും കൂട്ടുപ്രതിയാക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജയിലിൽനിന്ന് പുറത്തുവരാൻ കഴിയുമെന്ന് എനിക്ക് ഒട്ടും പ്രതീക്ഷയില്ല.
അവസാനമായി, 1911ൽ ഞാൻ അയച്ച മാപ്പപേക്ഷ ഇന്ത്യാ ഗവണ്മെന്റിന് അയച്ചുകൊടുക്കാൻ ദയവുണ്ടാകണമെന്ന് അങ്ങയുടെ ഓർമ്മയിൽപ്പെടുത്തട്ടെ. ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും സർക്കാരിന്റെ അനുരഞ്ജന ശ്രമങ്ങളും ഭരണഘടനാപരമായ ഒരു പുതിയ മാർഗം തുറന്നു തന്നിട്ടുണ്ട്. 1906-1907 കാലഘട്ടത്തിൽ ഉണ്ടായിരുന്ന വിഹ്വലവും പ്രതീക്ഷാരഹിതവുമായ കാലത്ത് ഞങ്ങൾ സമാധാനത്തിനും പുരോഗതിക്കുമെതിരായി നടത്തിയ എടുത്തുചാട്ടങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്ന് ഞാൻ മനസിലാക്കുന്നു. അതുകൊണ്ട്‌സർക്കാരിന്റെ വിവിധ രീതിയിലുള്ള ഇളവുകളും ദയാവായ്പുകളുംവെച്ച് എന്നെ സ്വത്രന്ത്രനാ ക്കുകയാണെങ്കിൽ ഭരണഘടനാപരമായ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ്‌സർക്കാരിനോട് കൂറുള്ള സേവകനായി പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. ഞങ്ങൾ ജയിലുകളിൽ കഴിയുന്നിടത്തോളം കാലം ബ്രിട്ടീഷ് മഹാരാജിന്റെ ഇന്ത്യയിലെ പ്രജകളായ ആയിരക്കണക്കിന് ജനങ്ങളുടെ ഭവനങ്ങളിൽ സന്തോഷമുണ്ടാവില്ല. രക്തത്തിന് വെള്ളത്തേക്കാൾ സാന്ദ്രതയുണ്ട്. ഞങ്ങളെ സ്വതന്ത്രരാക്കുകയാണെങ്കിൽ അവർ സന്തോഷംകൊണ്ട് ആർത്തുവിളിക്കും. സർക്കാരിനോട് അവർക്കുള്ള കൃതജ്ഞത പ്രകടിപ്പിക്കും. ബഹുമാനപ്പെട്ട അധികാരികളുടെ ക്ഷമിക്കാനും പൊറുക്കാനുമുള്ള മഹാമനസ്കത അംഗീകരിക്കപ്പെടും. പ്രതികാരവും വെറുപ്പും സർക്കാരിന് ഭൂഷണമല്ലല്ലോ.
ഭരണഘടനാനുസൃതമായ വഴി തെരഞ്ഞെടുത്താൽ പിന്നെ എന്നെനേതാവായി അംഗീകരിച്ച് വഴിതെറ്റിപ്പോയ ഇന്ത്യയിലും വിദേശത്തുമുള്ള യുവാക്കളെ സർക്കാരിന് അനുകൂലമായി തിരികെകൊണ്ടുവരാൻ എനിക്ക് കഴിയും. സർക്കാർ നിർദ്ദേശിക്കുന്ന ഏത് ജോലിയും സ്വീകരിക്കാൻ ഞാൻതയ്യാറാണ്. എന്റെ മനഃപരിവർത്തനം ആത്മാർത്ഥതയോടുകൂടിയുള്ളതാണ്. ഭാവിയിലും ഇതേ ആത്മാർത്ഥതയോടുകൂടി പ്രവർത്തിക്കാൻ എനിക്ക് കഴിയും. എന്നെ ജയിലിൽ സൂക്ഷിക്കുന്നതുകൊണ്ട് സർക്കാരിന് ലഭിക്കുന്ന പ്രയോജനത്തെക്കാൾ പതിന്മടങ്ങ് സ്വതന്ത്രനായ എന്നിൽനിന്ന് ലഭിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. ശക്തിയുള്ളവർക്കു മാത്രമേ ദയ പ്രകടിപ്പിക്കാൻ കഴിയൂ. മുടിയനായ പുത്രൻ സ്വന്തം മാതാപിതാക്കളുടെ പടിവാതിൽക്കൽ അഭയം തേടുന്നതുപോലെയാണ് ഞാൻ സർക്കാരിന്റെ മുന്നിൽ അഭ്യർത്ഥിക്കുന്നത്. ഞാൻ മറ്റെവിടെയാണ് മുട്ടി വിളിക്കേ
ണ്ടത്?
മുകളിൽ സൂചിപ്പിച്ച വ്യവസ്ഥകൾ അങ്ങ് ദയവായി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്, വിനീത വിധേയൻ,
വിനായക ദാമോദർ സവർക്കർ
(പ്രശസ്ത ചരിത്രകാരനായ ആർ.സി. മജുംദാർ രചിച്ച “Panal Settlement in Andamans”എന്ന ഗ്രന്ഥത്തിൽ ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് )