2009 ലാണ് സംഭവം, ഡോ. രാജേന്ദ്രപ്രസാദ് സർക്കാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന അമൻ സത്യ കച്ചാരോ എന്ന പത്തൊൻപത് കാരൻ സീനിയർ സീനിയർ വിദ്യാർത്ഥികളുടെ കടുത്ത റാഗിങിനും ക്രൂരമർദനത്തിനുമിരയായി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങുകയുണ്ടായി.
പഠനത്തിൽ മിടുക്കനും വീട്ടുകാരുടെ ഏക പ്രതീക്ഷയുമായിരുന്നു അമന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിൽ സൃഷ്ടിച്ച ആഘാതം ചെറുതായിരുന്നില്ല. എന്നാൽ വിധിയെ പഴിച്ച് തളർന്നിരിക്കാൻ അമന്റെ പിതാവ് രാജേന്ദ്ര കച്ചാരോ തയ്യാറായിരുന്നില്ല. നീതിക്ക് വേണ്ടി അദ്ദേഹം അഹോരാത്രം പോരാടി.
പ്രതിഷേധങ്ങൾ ഫലം കണ്ടു. കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് നാല് വർഷം ജയിൽ ശിക്ഷയും പിഴയും കോടതി വിധിച്ചു.
ആ പിതാവ് അവിടം കൊണ്ടും നിർത്തിയില്ല.
പ്രിയ പുത്രന്റെ ഓർമയ്ക്കായി രാജ്യത്തുടനീളം റാഗിങിന് ഇരയാകുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ‘അമൻ മൂവ്മെന്റ്’ എന്ന റാഗിങ് വിരുദ്ധ സന്നദ്ധ സംഘടനയ്ക്കും അദ്ദേഹം രൂപം നൽകുകയുണ്ടായി.
സമാന രീതിയിൽ ഇതാ നമ്മുടെ കേരളത്തിൽ ഒരു ഹത ഭാഗ്യനായ അച്ഛൻ, വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങിന്റെ മറവിലെ ഉന്മൂലന ഉന്മാദത്തിന്റെ ഇരയായ സിദ്ധാർത്ഥന്റെ അച്ഛൻ ടി ജയ പ്രകാശ്.
സഹപാഠികളായ വിദ്യാർഥികൾ അടക്കമുള്ളവർ നോക്കിനിൽക്കെയുള്ള പരസ്യ വിചാരണക്കും വെള്ളവും ഭക്ഷണവും നിഷേധിച്ച് വിവസ്ത്രനാക്കിക്കൊണ്ടുള്ള മർദനങ്ങൾക്കും ഇരയായതിനെ തുടർന്ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തുന്നത് കഴിഞ്ഞ വർഷം ഫെബ്രുവരി 18 നായിരുന്നു.
സിദ്ധാർത്ഥന് നേരെയുണ്ടായത് ക്രൂരമായ ആൾക്കൂട്ട വിചാരണയായിരുന്നുവെന്നാണ് റാഗിങ് വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയത്. നിസ്സഹായനായ ഒരു വിദ്യാർത്ഥിയെ നിർദ്ദയം തല്ലിച്ചതച്ചപ്പോൾ അന്ന് ക്യാമ്പസൊന്നടങ്കം കാഴ്ചക്കാരായി മാറിയ കാടത്തമാണ് ഏറെ വേദനിപ്പിച്ചത്. സിദ്ധാർത്ഥന്റെ ഓർമ്മകൾക്ക് ഒരു വർഷം തികയുമ്പോൾ റാഗിങ് എന്ന സാമൂഹിക പ്രശ്നം കേരളീയ സമൂഹത്തിൽ സജീവ ചർച്ചയായിരിക്കുകയാണ്.
നിയമം മൂലം നിരോധിച്ചതാണെങ്കിലും കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും പരസ്യമായും രഹസ്യമായും റാഗിങ് നടക്കുന്നുണ്ടെന്ന് വാർത്തകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ റാഗിങ് നിരോധന നിയമം നടപ്പാക്കിയത് 1996 നവംബർ ആറിന് തമിഴ്നാട്ടിലെ ചിദംബരത്തുള്ള അണ്ണാമലെെ യൂണിവേഴ്സിറ്റിയിലെ രാജാ മുത്തയ്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ 2001 ലാണ്.
2009ൽ ധർമ്മശാലയിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥി അമൻ കച്‌റുവിന്റെ മരണത്തെ തുടർന്നാണ് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും റാഗിങ് വിരുദ്ധ നിയമം കർശനമായി പാലിക്കാൻ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തോ പുറത്തോ റാഗിങ്ങിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷയായി ലഭിക്കാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
തന്നെയുമല്ല കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിൽ തുടർന്ന് പഠിക്കാനോ മറ്റൊരു സ്ഥാപനത്തിലും മൂന്നുവർഷത്തേക്ക് പ്രവേശനം നൽകാനോ പാടുള്ളതല്ല. നമ്മുടെ സംസ്ഥാനത്താകട്ടെ 1998 ൽ തന്നെ റാഗിങ് വിരുദ്ധ നിയമം പാസ്സാക്കിയിരുന്നു.
സർക്കാർ 2009 ൽ റാഗിങിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആന്റി റാഗിങ് കമ്മിറ്റി രൂപീകരിക്കണമെന്നും സിവിൽ പോലീസ് അഡ്മിനിസ്‌ട്രേഷൻസ്, ലോക്കൽ മീഡിയ, എൻ.ജി.ഒ എന്നിവയും ഇൻസ്റ്റിറ്റ്യൂഷനിലെ അദ്ധ്യാപക പ്രതിനിധികളും രക്ഷിതാക്കളുടെ പ്രതിനിധികളും വിദ്യാർഥികളുടെ പ്രതിനിധികളും ഈ കമ്മിറ്റിയിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമം ഇപ്രകാരം കർശനമായിരിക്കുമ്പോൾ തന്നെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം നിമിത്തം നീതി മരിക്കുന്നുവെന്നതാണ് നഗ്ന സത്യം. നീതി പരിപാലന സംവിധാനത്തിലുള്ള നിഷ്ക്രിയാവസ്ഥയും സമീപ കാലങ്ങളിലെ പല സംഭവങ്ങളിലെയും നിയമ നടപടികളിലെ കാല താമസവും ആശങ്കയുണർത്തുന്നു.
ശരിയായ രീതിയിലുള്ള നിയമ പ്രക്രിയ നില നിന്നാൽ മാത്രമേ ഇവിടെ ഇരകൾക്ക് നീതി ലഭിക്കുകയുള്ളു. സിദ്ധാർത്ഥന്റെ ഓർമ്മ ദിനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർദ്ധിക്കുന്ന റാഗിങ് അടക്കമുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾക്കെതിരായ ശക്തമായ നടപടികൾക്ക് നമുക്ക് തുടക്കം കുറിക്കാം.