ചെന്നൈ: ക്ഷേത്രോത്സവങ്ങൾ എല്ലാവരേയും ഉൾക്കൊള്ളുന്ന ആഘോഷമാകണമെന്നും ക്ഷേത്രോത്സവങ്ങളുടെ ഭാഗമായുള്ള ക്ഷണക്കത്തിൽ ജാതി പേരുകൾ പരാമർശിക്കരുതെന്നും മദ്രാസ് ഹൈക്കോടതി.
പ്രത്യേക ജാതികളുടെ പേരുകൾ പരാമർശിക്കുന്നതും ദളിത് വിഭാഗക്കാരെ പ്രദേശവാസികളെന്ന നിലയിൽ ഊരുകാർ എന്നു മാറ്റി നിർത്തുന്നതും അംഗീകരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് എംഎസ് രമേശ്, എഡി മരിയ ക്ലീറ്റ് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി. എല്ലാവരും എന്ന നിർവചനത്തിൽ ദളിതരും ഉൾപ്പെടുമെന്നും അവരെ മാറ്റി നിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
നാദിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ക്ഷണക്കത്തിൽ ദളിത് വിഭാഗക്കാരുടെ പേരുകൾ കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രദേശവാസിയായ സെൽവരാജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ദളിത് വിഭാഗക്കാർ ഉത്സവാഘോഷത്തിനു സംഭാവന നൽകുന്നില്ലെന്നു ആരോപിച്ചാണ് അവരുടെ പേരുകൾ ക്ഷണക്കത്തിൽ നിന്നു ഒഴിവാക്കിയത്. ഇത് വിവേചനപരമായ നടപടിയാണെന്നും കോടതി പറഞ്ഞു.
ക്ഷേത്രോത്സവത്തിന് പണം സംഭാവന ചെയ്തില്ല എന്ന കാരണത്താൽ ഒരു പട്ടികജാതി വിഭാഗത്തെ ക്ഷേത്രോത്സവത്തിന്റെ ക്ഷണക്കത്തിൽ നിന്ന് ഒഴിവാക്കിയതിനെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമർശിച്ചു. ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ ഇനിയുള്ള ക്ഷണക്കത്തുകളിൽ ഒരു ജാതിയുടെയും പേരുകൾ പരാമർശിക്കരുതെന്ന് കോടതി അധികാരികളോട് ഉത്തരവിട്ടു.