കൊല്ലം: കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യത്വവിരുദ്ധ സമീപനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ പൊലീസ് നയത്തിന് അപമാനമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി ചിത്രീകരിക്കാനാവില്ല. കിളികൊല്ലൂരില്‍ പൊലീസ് മര്‍ദനത്തിന് ഇരകളായ സഹോദരങ്ങള്‍ വിഷ്ണുവിന്റെയും വിഘ്‌നേഷിന്റെയും വീട് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനമൈത്രി പൊലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് വയ്ക്കുകയും ലോക്കപ്പുകളെ ഇടിമുറികള്‍ ആക്കുകയും ചെയ്യുന്ന പൊലീസിലെ ക്രിമിനലുകളുടെ നടപടി അംഗീകരിക്കാനാവില്ല. അമ്പതിനായിരത്തത്തോളം വരുന്ന സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണം. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷ്ണുവിനെയും വിഘ്‌നേഷിനെയും മര്‍ദ്ദിച്ച സിഐ വിനോദ്, എസ്‌ഐ അനീഷ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല അന്വേഷണം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള നിയമ നടപടികള്‍ സ്വീകരിച്ച് സര്‍വീസില്‍ നിന്ന് പിരിച്ചിവിടണം.
പൊലീസ് കംപ്ലേയ്ന്റ് അതോറിറ്റികള്‍ പൊലീസ് സംരക്ഷണ അതോറിറ്റിയായി മാറുന്നത് ഗുരുതമായ പ്രശ്‌നമാണ്. കേരള പൊലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് പൊലീസിന്റെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. വീഴ്ച പറ്റുമ്പോഴെല്ലാം സേനയുടെ മനോവീര്യം തകര്‍ക്കരുതെന്ന പതിവ് പല്ലവി അവസാനിപ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് ആഭ്യന്തരവകുപ്പ് പുനപ്പരിശോധന നടത്തണമെന്നും ടി ടി ജിസ്‌മോന്‍ അഭിപ്രായപ്പെട്ടു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ നിര്‍ബന്ധമാക്കണമെന്നും ലോക്കപ്പുകള്‍ ഉള്‍പ്പെടെയുള്ളവ സിസിടിവി ക്യാമറയ്ക്ക് പരിധിയില്‍ കൊണ്ടുവരണമെന്ന 2020ലെ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി എത്രയും വേഗം നടപ്പാക്കണമെന്നും ജിസ്‌മോന്‍ ആവശ്യപ്പെട്ടു.
എഐവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി എസ് വിനോദ്കുമാര്‍, ജില്ലാ പ്രസിഡന്റ് ടി എസ് നിധീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിനീത വിന്‍സെന്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നോബല്‍ ബാബു, ജി എസ് ശ്രീരശ്മി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ നൗഷാദ്, മുഖത്തല മണ്ഡലം പ്രസിഡന്റ് തരുണ്‍, കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി ആനന്ദ്, പ്രസിഡന്റ് ഷൈന്‍ കൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.