വിജയവാഡ: ആയുധ ഫാക്ടറികളെ കുത്തകവല്‍ക്കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യസുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. സമ്പൂര്‍ണ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് ആയുധ ഫാക്ടറികളെ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തേണ്ടതുണ്ട്.
220 വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യാ ഓര്‍ഡനന്‍സ് ഫാക്ടറി ഏഴു കോര്‍പറേഷനുകളാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി പാര്‍ട്ടി ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പറേഷനുകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നായിരുന്നു വാദം. പ്രതിരോധ മേഖലയിലെ പ്രവൃത്തികള്‍ കുത്തകകള്‍ക്ക് കൈമാറുന്നതില്‍ നിന്ന് പിന്തിരിയണമെന്നും പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും വ്യവസായങ്ങളെയും ശക്തിപ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രതിരോധ വ്യവസായത്തെ രോഗാതുരവും നിലവാരത്തകര്‍ച്ചയിലേക്കും മാറ്റുക എന്ന ഗൂഢലക്ഷ്യത്തില്‍ ആയുധ ഫാക്ടറികള്‍ക്ക് ഒരു പിന്തുണയും നല്‍കുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. പ്രതിരോധ കരാറുകളില്‍ നിന്നും ആയുധ ഫാക്ടറികളെ ഒഴിവാക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ തയാറെടുപ്പിനും ഏഴ് കോര്‍പറേഷനുകളിലും 41 ഓര്‍ഡനന്‍സ് ഫാക്ടറികളിലുമായി ജോലി ചെയ്യുന്ന 75,000 ജീവനക്കാരുടെ താല്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.