ടി കെ മുസ്തഫ വയനാട്
ഒന്നാം പിണറായി മന്ത്രി സഭ, എ കെ ശശീന്ദ്രന്റെ രാജിയെ തുടർന്ന് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു. ആദ്യ പത്ര സമ്മേളനത്തിൽ മന്ത്രിയെ അടുത്തിരുത്തിക്കൊണ്ട് സംസ്ഥാന പ്രസിഡന്റ് വക ഉപദേശം അണികൾക്ക്
“എൻ സി പി ക്കാരോട് എനിക്ക് പറയാനുള്ളത്, കൂടുതൽ നിവേദനങ്ങൾ ഒന്നും കൊടുത്ത് ബുദ്ധി മുട്ടിക്കരുത് എന്നാണ്, അതിനുള്ള വകുപ്പ് നമുക്കില്ല.
‘എൻസിപി’ എന്ന് പറഞ്ഞാൽ തന്നെ ‘നേരുള്ള കോൺഗ്രസ് പാർട്ടി’ (Nerulla Congress Party )എന്നാണെന്ന് നിങ്ങൾക്കറിയാമല്ലോ! “
ഭരണ സ്വാധീനം അനാവശ്യ ഇടപെടലുകൾ നടത്താൻ ഉള്ളതല്ലെന്നും നമ്മുടെ പാർട്ടി നേരുള്ള പാർട്ടിയാണെന്നും അതിനാൽ നെറികേട് നിങ്ങൾ കാട്ടരുതെന്നും ഒരു നേതാവ് എത്ര സിംപിൾ അയാണ് അനുയായികളെ പഠിപ്പിച്ചത്!
കേന്ദ്രത്തിൽ യു പി എ യുടെ കൂടെയും കേരളത്തിൽ എൽ ഡി എഫിനൊപ്പവും എൻ സി പി നിലകൊള്ളുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള ഇതേ നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു “ഞങ്ങൾക്കില്ലാത്ത പ്രശ്നം എന്താണ് നിങ്ങൾക്ക്?
അയൽ വാസി ചേട്ടനുമായി വഴക്ക് നടക്കുമ്പോൾ പുള്ളിയുടെ ഒരു മകൻ നമ്മുടെ കൂടെ ഉള്ളത് നമുക്കൊരു ബലമാണെന്ന് ചിന്തിച്ചാൽ പോരേ?! “
സങ്കീർണ്ണമായൊരു വിഷയത്തെ എത്ര ലളിതമായാണ് ആ നേതാവ് കൈകാര്യം ചെയ്തത്!
ദുഷ്ട മൃഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കാൻ പുലി മുരുകൻ ഇറങ്ങിത്തിരിച്ചത് പോലെ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകൻ ആണ് സഖാവ് പിണറായി വിജയൻ എന്ന് പ്രഖ്യാപിച്ച നേതാവ് കൂടിയാണദ്ദേഹം.
ഓർമ്മയുണ്ടോ ഈ നേതാവിനെ,
നമ്മുടെ ഉഴവൂർ വിജയനെ!
തെരഞ്ഞെടുപ്പ് കാലത്ത് ഉഴവൂർ വിജയനെ ഓർക്കാതിരിക്കുന്നതെങ്ങനെ?
പ്രസംഗ വേദിയിൽ ഇടത് പക്ഷത്തിന്റെ തുറുപ്പ് ചീട്ടായിരുന്നില്ലേ അദ്ദേഹം!
2014 പാർലമെന്റ് തെരഞ്ഞെടുപ്പ് സമയം,
ഈ ലേഖകൻ എൽ ഡി എഫ് വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പ് ഓഫീസ് സെക്രട്ടറി ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ഉച്ഛസ്ഥായിയിലായിരിക്കെ എൻ സി പി നേതാവ് ഉഴവൂർ വിജയൻ പ്രചാരണത്തിനെത്തുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ ഉഴവൂർ ടി വി കാണണമെന്നാവശ്യപ്പെട്ടു. ടി വി കണ്ടു കൊണ്ടിരിക്കെ ഒരു പ്രോഗ്രാമിനിടക്ക് ” പായലേ വിട, പൂപ്പലേ വിട, എന്നന്നേക്കും വിട ” എന്ന പരസ്യം പ്രത്യക്ഷപ്പെട്ടു.
ആർ എസ് പി ഇടത് മുന്നണി വിട്ട സമയമായിരുന്നു അത്. പരസ്യം കേട്ടതോടെ ഉഴവൂരിന്റെ സ്വതസിദ്ധമായ നർമ്മ ബോധമുണർന്നു. ആർ എസ് പി യുടെ മുന്നണി മാറ്റത്തെ ട്രോളിക്കൊണ്ടദ്ദേഹം പറഞ്ഞു.
“പായലിനും പൂപ്പലിനും എന്നന്നേക്കും എൽ ഡി എഫിൽ നിന്നും വിട “
കേരളത്തെ ഒരു പാട് ചിരിപ്പിച്ച കോമഡിയുടെ പിറവിയിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.
2001 ലെ നിയമസഭ തെരഞ്ഞെടുപ്പ്, പാലായിൽ കെ എം മാണിയോട് മത്സരിച്ചു പരാജയപ്പെട്ട എൽ ഡി എഫ് സ്ഥാനാർത്ഥിയോട് തോൽവിയെ സംബന്ധിച്ച പ്രതികരണമാരാഞ്ഞു മാധ്യമ പ്രവർത്തകർ. ചോദ്യം തീരുന്നതിനു മുൻപേ വന്നു മറുപടി.
“ബെൻസിടിച്ചാണല്ലോ മരിച്ചത്, ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ ! അതോണ്ട് കുഴപ്പമില്ല “
പ്രത്യക്ഷത്തിൽ ഊറിച്ചിരിക്കാൻ വക നൽകുന്ന ഒന്നാന്തരം കോമഡി. എന്നാൽ ജയ പരാജയങ്ങൾ രാഷ്ട്രീയ രംഗത്തും തെരഞ്ഞെടുപ്പ് ഗോദയിലും സ്വാഭാവികമാണെന്നും യാഥാർഥ്യങ്ങളെ ഉൾകൊള്ളാതിരിക്കുന്നതിൽ അർത്ഥമില്ലെന്നും പ്രബുദ്ധ കേരളത്തെ പഠിപ്പിക്കുകയായിരുന്നു ഇടതു പക്ഷ ലാളിത്യത്തിന്റെ മകുടോദാഹരണമായ എൻ സി പി യുടെ നേതാവ്.
ദേശീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദം വഹിക്കുന്ന താങ്കൾ ഇപ്രകാരം തമാശകളൊക്കെ പറഞ്ഞാൽ ഗവർണർ ഒക്കെ ആകുന്നതിനു അതൊരു തടസ്സമാവില്ലേ എന്ന് ചോദിച്ച വ്യക്തിയോട് ‘സാരമില്ല, ഞാൻ ഒതുങ്ങാൻ തയ്യാറാണ്, എനിക്ക് നായനാർ വരെ ആയാൽ മതി ‘എന്ന് തിരിച്ചടിച്ച വിസ്മയത്തിലൂടെ രാഷ്ട്രീയ നേതാക്കന്മാർക്ക് സമൂഹം പതിച്ചു നൽകിയ അലിഖിത നിയമങ്ങളെയാണ് ഉഴവൂർ പൊളിച്ചെഴുതിയത്!
2014 ലോകസഭ തെരഞ്ഞെടുപ്പ്, കോട്ടയത്തെ ഇടത് സ്ഥാനാർത്ഥിയുടെ വിഷയത്തിൽ അല്പം അനിശ്ചിതത്വം. സ്ഥാനാർത്ഥി വൈകുന്നതിനെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് കൂളായി പ്രതികരണം.
“സിനിമയിൽ വില്ലൻ ആദ്യം വരും, വില്ലൻ വന്നു വില്ലത്തരം കാട്ടിയ ശേഷമാണ് നായകന്റെ ആഗമനം. നിങ്ങൾ പേടിക്കണ്ട നായകൻ ഉടൻ വന്നോളും, വില്ലന്റെ പണി തീർത്തു പൊയ്ക്കോളും “.
2017 ലെ മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പ് വേളയിൽ എൽ ഡി എഫ് സ്ഥാനാർഥി എം ബി ഫൈസലിന് നൽകിയ വിശേഷണം പുലിയായ കുഞ്ഞാലിക്കുട്ടിയെ എതിരിടാൻ വന്ന ‘പുലിമുരുകൻ ‘എന്നായിരുന്നു.
പ്രസ്തുത തെരഞ്ഞെടുപ്പ് വേളയിൽ മലപ്പുറത്തുകാരോടുള്ള ഉഴവൂരിന്റെ അഭ്യർത്ഥന ഫൈസലിനെ വിജയിപ്പിച്ച ശേഷമേ മടങ്ങി വരാവൂ എന്ന് തന്റെ ഭാര്യയും മക്കളും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ തനിക്ക് സ്വന്ത വീട്ടിൽ കയറാനുള്ള സാഹചര്യം നിങ്ങൾ ഒരുക്കിത്തരണമെന്നുമായിരുന്നു.
ഒരു തെരഞ്ഞെടുപ്പ് വന്നാൽ പൊതു തെരഞ്ഞെടുപ്പായാലും ഉപ തെരഞ്ഞെടുപ്പായാലും മണ്ഡലങ്ങളിൽ ഓടി നടന്ന് ഇടത് പക്ഷ സ്ഥാനാർഥികൾക്ക് വേണ്ടി കൈ മെയ് മറന്ന് അധ്വാനിക്കുമായിരിന്നു ഉഴവൂർ!
മുതിർന്ന നേതാവ് എന്ന നിലയിൽ ഒരു ഷുവർ സീറ്റ് സംഘടിപ്പിച്ച് ജയിച്ച് മന്ത്രിയാകാൻ നിഷ്പ്രയാസം കഴിയുമായിരുന്നു എന്നിരിക്കെ അതിനൊന്നും ശ്രമിക്കാതെ കേരളമാസകലം ഓടി നടന്ന് ഇടത് സ്ഥാനാർഥികളുടെ ജിഹ്വ ആയി മാറുമായിരുന്ന ലാളിത്യത്തിന്റെയും നിസ്വാർത്ഥതയുടെയും നിറ കുടമായ ഉഴവൂർ 2017 ജൂലൈ 23 നാണ് ലോകത്തോട് വിട പറയുന്നത്!